Wednesday, May 11, 2022

സർക്കാരും പാഴ്‌ചിലവുകളും

 

കുറെയേറെ പേർക്ക് ശമ്പളവും പെൻഷനും മാത്രം വിതരണം ചെയ്യാനുള്ള സംവിധാനങ്ങളായി നമ്മുടെ സർക്കാർ മാറുകയാണോ? വരവും ചിലവും തമ്മിലുള്ള അന്തരം ഭീമമായി മാറുകയും സർക്കാർ വകുപ്പുകൾ എല്ലാം തന്നെ നഷ്ടങ്ങൾ മൂലം നട്ടം  തിരിയുകയും ചെയ്യുകയാണ്.. 


കുത്തകകളായ വൈദ്യുതി ബോർഡും വാട്ടർ അതോറിറ്റിയും പ്രധാന റൂട്ടുകൾ എല്ലാം കയ്യടക്കി വച്ചിരിക്കുന്ന ട്രാൻസ്‌പോർട് കോർപ്പറേഷനും  എന്ന് വേണ്ട, വാങ്ങുന്ന സ്പിരിറ്റ് പതിന്മടങ്ങു് വിലയ്ക്ക് വിൽക്കുന്ന ബിവറേജസ് പോലും നഷ്ടമാണെന്ന് പറയുമ്പോൾ നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ കഴിവുകേടിന് ഇനിയെന്തിന് കൂടുതൽ ഉദാഹരണങ്ങൾ? അമിതവ്യയവും താങ്ങാനാവാത്ത ശമ്പളച്ചിലവുകളും ഈ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യുമ്പോൾ സ്വകാര്യപങ്കാളിത്തത്തോടെ നമ്മുടെ ഭരണ സംവിധാനങ്ങൾ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്..നമ്മുടെ ഓരോ സർക്കാർ ഓഫീസിന്റെയും പ്രതിമാസ ചിലവുകളും അവയിലൂടെ നടത്തുന്ന പ്രവർത്തനങ്ങളും കോസ്ററ് സെന്ററുകൾ ആക്കി വിലയിരുത്താൻ ക്രമീകരണമുണ്ടാവണം.. ഇത് പഠിക്കാനായി ഒരു ഭരണപരിഷ്കാര കമ്മീഷനോ  വിദേശ പര്യടനമോ ആവും നമ്മുടെ മേലാളന്മാരുടെ ബുദ്ധിയിൽ ഉദിക്കുക.. അവയൊക്കെയും ധൂർത്തിന്റെ പര്യായങ്ങളായി മാറിക്കഴിഞ്ഞു..മുഴുവൻ സമയ രാഷ്ട്രീയക്കാർക്ക് പകരം വിവിധ മേഖലകളിൽ വൈദഗ്ധ്യം ഉള്ളവർക്ക് ആവണം രാജ്യഭരണം ഏൽപ്പിക്കാൻ..


നമ്മുടെ പ്രാദേശിക ഭരണ കേന്ദ്രങ്ങളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശമ്പളം പോലും നൽകാനാവാത്ത  നിലയിൽ തുടരുമ്പോൾ എങ്ങിനെ നമ്മുടെ വഴികളുടെ അറ്റകുറ്റപ്പണികളും മാലിന്യ നിർമാർജനവുമൊക്കെ കാര്യക്ഷമമായി നടക്കും? തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ തുശ്ചമായ നിരക്കിൽ ആശ്രിതർക്ക് നൽകുന്നതിന് പകരം നിലവിലെ വിപണി മൂല്യമനുസരിച്ചുള്ള  നിരക്കുകളിൽ ബിസിനസുകൾക്കു വാടകയ്ക്ക് നല്കാനാവണം. വാടകയോടൊപ്പം, തൊഴിൽ, കെട്ടിട, പരസ്യ, പാർക്കിംഗ് നികുതികൾ കൃത്യമായും  കച്ചവടങ്ങളുടെ വലിപ്പമനുസരിച്ചും പിരിച്ചെടുക്കാനുള്ള ക്രമീകരണമാവണം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രഥമ സ്ഥാനത്തുണ്ടാവേണ്ടത്.. പേരിൽ പറയുന്നതുപോലെ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം പര്യാപ്തങ്ങളാവേണ്ടിയിരിക്കുന്നു..


പെൻഷൻ നമ്മുടെ സർക്കാരിന്റെ നിരുദ്പ്പാദന പരമായ ചെലവുകളിൽ ഏറ്റം  മുന്നിലാണ്.. പെൻഷൻ ഫണ്ടോ, പങ്കാളിത്ത പെൻഷനോ പോലെയുള്ള മാർഗങ്ങളിലൂടെ ചെലവ് നിയന്ത്രണാധീനമാക്കാനുള്ള നടപടികൾ ഉണ്ടാവുന്നതോടൊപ്പം അത്തരം ചിലവുകൾ യുക്തിക്കു ചേരുന്ന രീതിയിലാക്കണം.. സർക്കാർ ശമ്പളം കൊടുക്കാൻ വിഷമിക്കുന്ന ഈ നാളുകളിൽ തന്നെ ലക്ഷങ്ങൾ പെൻഷൻ വാങ്ങുന്ന എത്രയോ പേരുണ്ട്.. ഭാര്യയും ഭർത്താവും കൂടി നല്ലൊരു തുക  പെൻഷൻ വാങ്ങുകയും മക്കൾ നല്ല നിലയിൽ ജോലി ചെയ്യുകയും ചെയ്യുന്ന എത്രയോ ഇടങ്ങളിൽ ഈ പെൻഷൻ ചിലവാകാതെ ബാങ്കുകളിൽ സ്ഥിരനിക്ഷേപമായി തുടരുന്നു.. എന്നാൽ മുതിർന്ന എല്ലാ പൗരന്മാർക്കും ആരോഗ്യസംരക്ഷണം അടക്കമുള്ള സൗകര്യങ്ങൾ സർക്കാരിന് ചെയ്യാനായാൽ എല്ലാ പൗരന്മാർക്കും നീതിയും സുരക്ഷയും  ഉറപ്പു വരുത്തുവാനും അമിതവ്യയം നിയന്ത്രിക്കുവാനും സർക്കാരിനാവും. വൺ ഇന്ത്യ വൺ പെൻഷൻ, ദി പീപ്പിൾ തുടങ്ങിയ ചില സംഘടനകളുടെ നിർദേശങ്ങൾ ഇക്കാര്യത്തിൽ സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്..


Sunday, November 28, 2021

ദാരിദ്ര്യമുക്തമായ കോട്ടയം

 

വളരെ സന്തോഷം തരുന്ന ഒരു വാർത്തയാണ് ഇന്നലത്തെ പത്രത്തിലുണ്ടായിരുന്നത് - കേരളത്തിൽ ദാരിദ്ര്യം വെറും 0.71% വും കോട്ടയം ദാരിദ്ര്യമുക്തമെന്നും. പക്ഷേ സർക്കാർ സംഖ്യകളെ പൂർണമായി പ്രചരിപ്പിക്കാനോ , നമ്മുടെയിടയിൽ ദാരിദ്ര്യമില്ലായെന്ന മിഥ്യാ ധാരണ വച്ചുപുലർത്താനോ ഞാനാഗ്രഹിക്കുന്നില്ല. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മൂന്ന് മേഖലകളിലെ 12 സൂചികകളെ 2015-16 ൽ സർക്കാർ ശേഖരിച്ച വിവരങ്ങള അടിസ്ഥാനമാക്കിയുള്ള ഒരു സ്റ്റാറ്റിസ്റ്റിക്കൽ പഠനഫലം മാത്രമാണ് ഈ റിപ്പോർട്ട്.


ഈ റിപ്പോർട്ടിൽ ആരോഗ്യവും പോഷകാഹാരക്കുറവുമൊക്കെ പഠന വിഷയമാവുമ്പോൾ തന്നെയാണ് കേരളത്തിലെ തന്നെ അട്ടപ്പാടിയിൽ 121 കുഞ്ഞുങ്ങളുടെ ജീവനുകൾ നഷ്ടമായെന്ന വാർത്ത നാമിന്ന് പത്രമാധ്യമങ്ങളിൽ കണ്ടത്.


ദാരിദ്ര്യമെന്നാൽ ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ ഘടകങ്ങളുടെ അഭാവമെന്ന് നിർവചിക്കുന്ന ഈ റിപ്പോർട്ട് ഭാവിയിലെ ദാരിദ്യ നിർമാർജന പ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാന രേഖയായി ഉപകരിക്കണമെന്ന് നീതി ആയോഗ് പറയുമ്പോൾ അതിലെ അപകടവും നാം കാണാതിരിക്കരുത്. കേരളവും കോട്ടയവും ദാരിദ്ര്യമുക്തമെന്ന് വ്യാഖ്യാനിക്കപ്പെടുമ്പോൾ ഭാവിയിലെ ദാരിദ്ര്യ നിർമാർജന സ്കീമുകളിൽ നാം അവഗണിക്കപ്പെടുമോയെന്ന ആശങ്കയും മറച്ചുവെയ്ക്കാനാവില്ല.


ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ രംഗങ്ങളിൽ സർക്കാർ യത്നങ്ങളോടൊപ്പം സന്നദ്ധ സംഘടനകളുടെ കൂട്ടായ പ്രവർത്തനം കൂടെയുണ്ടായതാണ് കേരളത്തിനും കോട്ടയത്തിനും ഉണ്ടായ നേട്ടത്തിന് പിന്നിൽ. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ നമ്മുടെ വിവിധ മതസംഘടനക കേരളത്തിൽ നടത്തുന്ന പ്രവർത്തനങ്ങളില്ലായിരുന്നെങ്കിൽ കേരളം ഇന്ന് എവിടെ എത്തിയേനെയെന്ന് നമുക്ക് ചിന്തിക്കാനാവുമോ? ജീവിത നിലവാര രംഗത്ത് നമ്മുടെ സാമൂഹ്യ സംഘടനകൾ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ചാരിറ്റി വേൾഡ് പോലെയുള്ള നമ്മുടെ എത്രയോ സംഘടനകൾ വീടുകളും കുടിവെള്ളവും ഒരുക്കുന്നു. 


കാലങ്ങളായി നമ്മുടെ എത്രയോ ക്ഷേത്രങ്ങൾ അന്നദാനമൊരുക്കുന്നു. ഉച്ചക്ക് സൗജന്യ ഭക്ഷണ വിതരണം നടക്കുന്ന കാഴ്ച വർഷങ്ങൾക്ക് മുമ്പേ തന്നെ തിരുനക്കരയിൽ കാണാറുണ്ടായിരുന്നു. വിശപ്പുരഹിത ചങ്ങനാശേരിയെന്ന പ്രോജക്ട് മീഡിയാ വില്ലേജ് നടപ്പാക്കിയത് ഞാനോർക്കുന്നു.


സൗജന്യ ഭക്ഷണശാലകൾ പാലായിലും മറ്റും സ്വകാര്യ മേഖലയിൽ ഒരുങ്ങിയതിന് പിന്നാലെ സർക്കാരിന്റെ ജനകീയ ഭക്ഷണ ശാലകളും വന്നതോടെ അനേകർക്ക് അതാശ്വാസമായി മാറി. ഏറ്റുമാനൂർ ക്ഷേത്രത്തിലെ "അത്താഴപ്പഷ്ണിക്കാരുണ്ടോ " എന്ന ചോദ്യം തന്നെ നമ്മുടെ നാടിന്റെ കരുതലിന്റെ അടയാളമാണ്. ആ കരുതലിന്റെ ഒരംശം മാത്രമാണ് ചങ്ങനാശേരിയിൽ അഞ്ചപ്പം ശ്രമിക്കുന്നതും.


ഭക്ഷണം കഴിക്കാനാവുന്ന കുറേ പേരുടെ പങ്കുവെയ്ക്കലിലൂടെ മറ്റുള്ളവർക്ക് ആശ്വാസമേകാൻ സൗകര്യമൊരുക്കുന്ന ഒരിടം മാത്രമാണ് അഞ്ചപ്പം. 


ഒരു ചാരിറ്റിയിലുപരിയായി എല്ലാവർക്കും വന്നിരുന്ന് ഏറ്റം ആരോഗ്യകരമായ ഭക്ഷണം കഴിക്കാവുന്ന ഒരിടമാണ് അഞ്ചപ്പം. തങ്ങൾ ഭക്ഷിക്കുന്നതോടൊപ്പം സഹജീവികൾക്ക് കൂടി വിശപ്പടക്കാൻ അവസരമൊരുക്കുകയാണ് അഞ്ചപ്പം.


കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി അഞ്ചപ്പത്തിൽ ദിവസവും ഉച്ചഭക്ഷണമൊരുങ്ങുന്നു. ലോക്ക് ഡൗൺ കാലത്തും എന്നും അഞ്ചപ്പം ഭക്ഷണപ്പൊതികൾ നൽകിക്കൊണ്ടിരുന്നു. ദരിദ്രരില്ലാത്ത ഒരു നാടിനായുള്ള പരിശ്രമത്തിൽ ഇനിയുമൊത്തിരിയേറെ പോവാനുണ്ടെന്ന് തൊട്ടറിയാൻ അഞ്ചപ്പത്തോട് ചേർന്നു നിൽക്കുന്നവർക്കാവുന്നുണ്ട്.


സർക്കാർ കണക്കുകളിൽ ദരിദ്രരില്ലായെന്ന് എത്ര ഘോഷിച്ചാലും യാഥാർത്ഥ്യം ഒത്തിരിയേറെ അകലെത്തന്നെയാണ്. അഞ്ചപ്പത്തിലെ പൊതിച്ചോറ് കൊണ്ട് രണ്ട് നേരം തള്ളിനീക്കുന്ന നാലംഗ കുടുംബം ഇന്നും നമ്മുടെയിടയിലുണ്ടെങ്കിൽ, ചോറിനായും ദിവസവും രണ്ടും മൂന്നും കിലോമീറ്റർ നടന്നു വരുന്ന മുതിർന്നവർ നമ്മുടെയിടയിലുണ്ടെങ്കിൽ, സർക്കാർ ആശുപത്രിയിൽ കിടക്കുന്ന ആശ്രിതർക്കായി ലേശം ചോറിന് വേണ്ടി ക്യൂ നിൽക്കുന്നവരുണ്ടെങ്കിൽ, സർക്കാർ വക തള്ളുകൾ എവിടെയെത്തി നിൽക്കുന്നുവെന്ന് നമുക്ക് മനസിലാക്കാവുന്നതേയുള്ളു.


ഇനിയുമുണ്ട് ഏറെ ദൂരം...

നന്ദി...

പ്രേം സെബാസ്റ്റ്യൻ ആന്റണി

അഞ്ചപ്പം ചങ്ങനാശേരി ട്രസ്റ്റ്

Thursday, July 15, 2021

മാറണം നമ്മുടെ നാട്

 നമ്മുടെ എത്ര രാഷ്ട്രീയക്കാരെ മാതൃകയാക്കാൻ നമ്മുടെ കുട്ടികളോട് പറയാനാവും? കെ സുധാകരനെയും പി ടി തോമസിനെയും ഉണ്ണിത്താനെയും ഒക്കെ കണ്ട് പഠിക്ക് എന്ന് കോൺഗ്രസുകാർ തങ്ങളുടെ മക്കളോട് പറയുമോ? ജയരാജന്മാരെയും ശ്രീനിജനെയും പിണറായി വിജയനെയും ഒക്കെ കണ്ട് വളരാൻ സഖാക്കൾ തങ്ങളുടെ മക്കളോട് പറയുമോ? സുരേന്ദ്രനെ കണ്ടു പഠിക്കാൻ ബി ജെ പിക്കാർ പറയുമോ?

ഫുൾ ടൈം രാഷ്ട്രീയം തൊഴിലായി സ്വീകരിക്കാൻ നമുക്ക് നമ്മുടെ കുട്ടികളോട് (നമ്മുടെ സ്വന്തം കുട്ടികളോട് ) പറയാൻ കേരളത്തിലെ സാഹചര്യത്തിൽ ഉപദേശിക്കാനാവുമോ? വ്യാപാരികളായും വ്യവസായികളായും ഉദ്യോഗസ്ഥരായും നമ്മുടെ മക്കളെ കാണാൻ നാമാഗ്രഹിക്കും.. ഡോക്ടറാവാനും എഞ്ചിനീയറാവാനും വളർത്തുന്നതിന് പകരം മക്കളെ രാഷ്ട്രീയക്കാരായി എത്ര പേർ വളർത്തും? രാഷ്ട്രീയത്തിൽ അത്രക്കുണ്ട് നമ്മുടെ മതിപ്പ് !
1/മാറണം നമ്മുടെ നാട് .. prems


ബ്രോയിലർ വിദ്യാഭ്യാസ നയം.

 കുറച്ച് വർഷങ്ങളായി കാണുന്ന ഒരു വൻ തട്ടിപ്പാണ് ഈ വിജയ ശതമാനം വർധിപ്പിക്കലും ഏ പ്ലസുകളും.. അബ്ദുറബ്ബിനെ പരിഹസിച്ചിരുന്ന നാം അതിലും വിഡ്ഢികളായ വിദഗ്ധരെയാണ് ഇപ്പോൾ കാണുന്നത്..

കൂടുതൽ പേരെ എസ് എസ് എൽ സി കടത്തി വിടുമ്പോൾ കൂടുതൽ പ്ലസ് ടൂ സീറ്റുകൾക്ക് ആവശ്യകത വരും.. പ്ലസ് ടു ബാച്ചുകൾ അനുവദിക്കുന്നത് വഴി കോടികൾ ഒഴുകും.. പ്ലസ് ടൂവിൽ സ്കൂളുകളുടെ വീതം അഡ്മിഷൻ കൊയ്ത്തും നടക്കും..അത് കഴിഞ്ഞ് പ്ലസ് ടൂ ജയിച്ചു വരുന്നവരെ സ്വീകരിക്കാൻ കോളേജുകൾ.. എയ്ഡഡ്, അൺ എയ്ഡഡ്, സെൽഫ് ഫിനാൻസിംഗ്, പ്രൊഫഷണൽ തുടങ്ങി വിവിധ തരം കച്ചവടങ്ങൾ! ഇതിനെല്ലാം അവസരമൊരുക്കി കൊടുക്കുക വഴി പാർട്ടികളുടെ ഫണ്ടിൽ വരുന്നതിന് കണക്കുണ്ടോ?

എന്നാൽ വെറുതേ ക്വസ്റ്റ്യൻ നമ്പർ എഴുതിയോ ക്വസ്റ്റ്യൻ പകർത്തി എഴുതിയോ ജയിച്ചു വരുന്ന വിദ്യാർത്ഥിയുടെ നിലവാരം എങ്ങനെയിരിക്കും? ഇപ്പോൾ തന്നെ പലരും കേരള സിലബസ് ഓപ്റ്റ് ചെയ്യാൻ തന്നെ കാരണം മറ്റ് സിലബസുകളേക്കാൾ മാർക്ക് കിട്ടുമെന്നത് തന്നെ. എന്നാൽ പക്ഷേ ഉയർന്ന തലങ്ങളിലേയ്ക്ക് വരുമ്പോൾ തകർന്നടിയുന്നത് നമ്മുടെ അടുത്ത തലമുറയാണ്.

നിലവാരമുള്ള വിദ്യാഭ്യാസം നൽകുകയും മികവാർജിച്ചവരായി നമ്മുടെ കുട്ടികൾ പഠിച്ചിറങ്ങാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നതിന് പകരം നാം സ്വയം വഞ്ചിതരാവുകയാണ്..

2/ മാറണം നമ്മുടെ നാട് /prems
No photo description available.
Like
Comment
Share

Thursday, July 8, 2021

ഒരു പന്തിയിലെ പല വിളമ്പ്

 

ഇന്ത്യാ മഹാരാജ്യത്ത് ഒരു നിയമം പ്രയോഗത്തിൽ വരുന്നത് ആളും തരവും നോക്കിയാണ്..

കോവിഡ് ലോക്ക് ഡൗണിൽ സാധാരണക്കാരന്റെ കടയാണെങ്കിൽ ഭയങ്കര നിയന്ത്രണമാണ്.. സർക്കാർ വക കള്ളുകച്ചവടത്തിന് കൊറോണ വരില്ലാത്രേ.

മരിച്ച വീട്ടിൽ 20 പേരിൽ കൂടാൻ പാടില്ല, പക്ഷേ വി ഐ പികൾക്കും രാഷ്ട്രീയക്കാർക്കും ഈ എണ്ണം ബാധകമല്ല.. ഇന്നലെ മരിച്ച ഒരു ആദ്ധ്യാത്മിക നേതാവിന്റെ അടക്കിന്റെ പടം ഇന്ന് മനോരമയിൽ വന്നിരിക്കുന്നത് നിങ്ങൾക്ക് എണ്ണി നോക്കാം.. കുറഞ്ഞത് 58 തല കാണാം.. സത്യപ്രതിജ്ഞയോ സ്ഥാനാരോഹണമോ ആണെങ്കിൽ ആയിരം പേരായാലും കുഴപ്പമില്ല.

പ്രായം ചെന്ന ഒരു പുരോഹിതനെ ഇല്ലാക്കഥകളുടെ പേരിൽ ജയിലിൽ ഇട്ട് കൊന്ന വാർത്ത ഇന്നലെ കണ്ടു.. വെള്ളം കടിക്കുന്ന പേപ്പർ കുഴൽ പോലും നൽകാതെ അദ്ദേഹത്തെ ശിക്ഷിച്ചപ്പോൾ , പാർലമെന്റാക്രമണം നടത്തിയ, കോടതി മുറിയിൽ പോലും ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയവർക്ക് ജാമ്യം നൽകിയ നാടാണിത്..

പട്ടിണിയും പരിവട്ടവുമായി കഴിയുന്നവന് സഹായം നൽകണമെങ്കിൽ പോലും ജാതി നോക്കി മാത്രം നൽകുന്ന നാടാണിത്

ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങളും സ്വാത്രന്ത്ര്യവുമൊക്കെ ജാതിയും രാഷ്ട്രീയവും പിടിപാടും അനുസരിച്ചാക്കിക്കൊണ്ടുള്ള അനുബന്ധങ്ങൾ വല്ലതുമുണ്ടോ? പാസാക്കുന്നത് രഷ്ട്രീയക്കാരാവുമ്പം അതിന് സാധ്യതയില്ലാതില്ല...

✍️ പ്രേം സെബാസ്റ്റ്യൻ ആന്റണി

Wednesday, July 7, 2021

സർക്കാരിനെന്താണ് പണി?

 

ഒരു കുട്ടിയുടെ അപൂർവ രോഗത്തിന് ചികിത്സയ്ക്കായി 18 കോടി പിരിച്ചെടുത്ത് ഒരു നാട് സന്മനസ് കാണിച്ചു.

ഇത്തരം അവസരങ്ങളിൽ സർക്കാരിന് എന്താണ് ഉത്തരവാദിത്വം?

രാജ്യത്തെ പ്രധാനമന്ത്രിയുടെ ഊരുചുറ്റലിന് ചിലവ് 2021 കോടി.

KSRTC യിൽ കാണാതെ പോയത് നൂറ് കോടി

പാലാരിവട്ടം പാലം വഴി പോയത് എത്ര കോടികൾ?

മുഖ്യന്റെ സത്യപ്രതിജ്ഞയുടെ പരസ്യത്തിന് ചിലവായത് 3 കോടി

ലോക്ക് ഡൗണിൽ പോലും സെക്രട്ടറിയേറ്റിൽ പ്രതിമാസം ചായ കുടിക്കാൻ രണ്ട് കോടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇന്നത്തെ കണക്കനുസരിച്ച് ബാലൻസുള്ളത് 1075 കോടി

പണമോ സാങ്കേതിക മികവോ ഇല്ലാത്തിട്ടാണോ .. രണ്ട് കോവിഡ് വാക്സിനുകൾ നിർമ്മിക്കുന്ന രാജ്യമാണിത്.

നമ്മുടെ സർക്കാരുകൾ ജനങ്ങൾക്കു വേണ്ടിയാവണം.

✍️ പ്രേം സെബാസ്റ്റ്യൻ ആന്റണി

ഫാസിസമെന്നല്ലാതെ മറ്റെന്ത് വിളിക്കണം?


മനുഷ്യാവകാശങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് രാഷ്ട്രീയ ഭരണകർത്താക്കളുടെ താളങ്ങൾക്കൊത്ത് ആടാത്തവരെ ക്രൂരമായി മര്യാദ പഠിപ്പിക്കുന്ന, കിരാതമായ പട്ടാള ഭരണങ്ങളെ പോലും വെല്ലുന്ന , വാർത്തകളാണ് ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് കൊട്ടിഘോഷിക്കുന്ന ഭാരതത്തിലും ഇന്ന് കേൾക്കുന്നത്.

അശരണർക്കു വേണ്ടി ശബ്ദിച്ച വയോധികനായ ഒരു പുരോഹിതനെ കൊന്നുതള്ളിയ വാർത്തയാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഖനി മുതലാളിമാരുടെ ഇംഗിതങ്ങൾക്കൊപ്പിച്ച് പാവങ്ങളെ ചൂഷണം ചെയ്യാനായി അവരുടെ രക്ഷകരെയൊക്കെ കള്ളക്കേസുകളിൽ കുടുക്കി ഇല്ലായ്മ ചെയ്യുന്ന ഒരു ഭരണകൂടം ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങൾക്ക് എങ്ങനെ ആശ്രയമാകും? 

വൻ മുതലാളിമാരുടെ കച്ചവട തന്തങ്ങൾക്കനുസരിച്ച് രാജ്യത്തെയൊന്നാകെ വിറ്റ് തുലയ്ക്കുന്ന രാജ്യതന്ത്രജ്‌ഞത കൊണ്ട് ഇന്ധനവും വിമാനത്താവളങ്ങളും മാത്രമല്ല, കാർഷിക വിളകൾ പോലും കുത്തകകൾക്ക് തീറെഴുതി കഴിഞ്ഞു.. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞപ്പോൾ പോലും ഇന്ധന വിലകൾ ഉയർത്തി ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള വസ്തുക്കൾ കൈ പൊള്ളുന്നവയാക്കിയ , സർക്കാർ സ്ഥാപനങ്ങൾ മുതലാളിമാർക്ക് വിറ്റ , കള്ളപ്പണത്തിന്റെ തോത് മൂന്നിരട്ടിയാക്കിയ ഭരണമാണ് നടമാടുന്നത്.. കർഷകർ മാസങ്ങളായി തെരുവിൽ സമരം ചെയ്യുന്നു..

പാർലമെന്റ് ആക്രമണക്കേസടക്കമുള്ള തീവ്രവാദികൾ കോടതികളിൽ പോലും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയിട്ടും  വി ഐ പി ജെയിലും ജാമ്യവും നൽകിയിട്ടുള്ള രാജ്യത്ത് കെട്ടിച്ചമച്ച കഥകൾ വെച്ച് ഒരു പുരോഹിതനെ കൊല്ലാക്കൊല ചെയ്ത് പീഡിപ്പിച്ചു കൊന്നു. അന്വേഷണ ഏജൻസികൾ സൃഷ്ടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ ഹാഷ് വാല്യുവടക്കമുള്ള ആധികാരികത തെളിയിക്കേണ്ട മാർഗങ്ങളൊക്കെ പരാജയപ്പെട്ടിട്ടും ഒരു വയോധികനെ മാസങ്ങൾ ന്യായമായ ചികിത്സ പോലും നൽകാതെ മരണത്തിലേക്ക് തള്ളി.. വെള്ളം കുടിക്കാൻ ഒരു സ്ട്രോ നൽകിയാൽ പോലും ഭീകരതയെന്ന് വ്യാഖ്യാനിച്ച ഭരണകൂടം തന്നെയാണ് ഇന്ത്യൻ ജീവനുകൾക്ക് കോടികൾ വിലയുറപ്പിച്ച് ഇറ്റാലിയൻ നാവികരെ രക്ഷിച്ചത്.

രാഷ്ട്രീയ ഭരണകൂടം മാത്രമല്ല .. കൊലപാതകികളെയും സ്ത്രീപീഡകരെയും സംരക്ഷിക്കാൻ കോടികൾ ഒഴുക്കിയ മതനേതൃത്വം പോലും ഈ വയോധികന്റെ കാര്യത്തിൽ കുറ്റകരമായ നിസംഗത പാലിച്ചിട്ട് ഇപ്പോൾ മാന്യന്മാരാവുകയാണ്..

ആശ്രയമറ്റ ജനതതിയ്ക്ക് വേണ്ടി ശബ്ദിക്കുന്നവരെ അടിച്ചൊതുക്കുന്ന കിരാതർക്കെതിരേ ശബ്ദിക്കാൻ പോലുമാവാതെ രാഷ്ട്രീയ പ്രതിപക്ഷം മണ്ണടിഞ്ഞിരിക്കുന്നു..

കേഴുക പ്രിയ നാടേ..

✍️ പ്രേം സെബാസ്റ്റ്യൻ ആന്റണി

Saturday, May 23, 2020

കേരളത്തിന് ഇനി മുന്നോട്ട് പുതിയൊരു റൂട്ടുമാപ്പ്....



കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തിൽ ലോകത്തിലെ വികസിതമെന്നവകാശപ്പെടുന്ന വമ്പന്മാർക്കുപോലും കാലിടറിയിടത്ത്  കൊറോണയെ പിടിച്ചുകെട്ടാൻ കഴിഞ്ഞ കേരളത്തിന്, മാറുന്ന ലോകത്തിൽ പുതിയൊരു പാത വെട്ടിത്തുറക്കപ്പെടുന്ന കാഴ്ച കാണാൻ നാം കണ്ണുതുറക്കണം. ലിക്കറിലും ലോട്ടറിയിലും പരിമിതപ്പെട്ടിരുന്ന സംസ്ഥാനത്തിന്റെ സമ്പദ്‌ വ്യവസ്ഥയ്ക്ക് പുതിയൊരു മുഖം നൽകാൻ - ദൈവത്തിന്റെ സ്വന്തമെന്ന ലേബലിന് അർത്ഥമേകുവാൻ - വഴിയൊരുങ്ങുകയാണ്.. നമ്മുടെ പ്രമുഖന്മാർ ചികിത്സ തേടിയിരുന്ന വിദേശ ചികിത്സാലയങ്ങൾ അമ്പേ പരാജയമടയുന്ന കാലത്ത് ലോക മാധ്യമങ്ങൾ കേരളം കൊയ്ത നേട്ടങ്ങൾ വാനോളം പുകഴ്ത്തുകയാണ്. മുറ്റത്തെ മുല്ലയുടെ മണം നമുക്ക് അനുഭവഭേദ്യമാവുന്നില്ലായെന്നു മാത്രം.

മൂന്നരക്കോടി ജനങ്ങൾ ഓരോരുത്തര്‍ക്കും മുക്കാൽ ലക്ഷം എന്ന കണക്കിൽ കടം വാങ്ങി പലിശ പോലും കൊടുക്കാനാവാതെ എല്ലാ വർഷവും വരവിലും അധികം ചിലവാക്കി മുന്നോട്ടു പോയാൽ എവിടെ ചെന്ന് നിൽക്കും എന്നറിയാതെ ഇരുട്ടിൽ തപ്പുന്ന സർക്കാർ ഇനിയെങ്കിലും വ്യക്തമായ കാഴ്ചപ്പാടുകള്‍ക്ക് രൂപം നൽകണം. ഓരോ സർക്കാരും കയറുമ്പോൾ ഖജനാവിൽ പൂച്ച പെറ്റു  കിടക്കുകയായിരുന്നുവെന്ന് മുൻ സർക്കാരിനെ പഴിക്കുന്നതല്ലാതെ മാറ്റമുണ്ടാവുന്നില്ല..

തകരുന്ന സമ്പദ്‌ വ്യവസ്ഥയ്ക്ക് പിടിവള്ളിയേകുവാൻ വീണ്ടും മദ്യത്തിലാശ്രയിക്കേണ്ടിവരുന്ന സർക്കാർ ഇനിയെങ്കിലും ലോകമാതൃകയായ ഈ കൊച്ചു നാടിന് ഒരു പുതിയ മുഖമേകുവാൻ മടിക്കരുത്. ചികിത്സാ രംഗത്ത് മറ്റൊരു രാജ്യത്തിനും ആവാത്ത നേട്ടമാർജ്ജിച്ച ഈ കൊച്ചു കേരളത്തിന്, ആ ഒരു മികവ്,  ദൈവത്തിന്റെ സ്വന്തമെന്ന ലേബൽ, ഫലപ്രദമായി ഉപയോഗിക്കാനാവണം.

കേരളം ഇനി ദൈവത്തിന്റെ സ്വന്തമായി - സ്വർഗ്ഗസമാനമായ ഒരു നാടായി പ്രശോഭിക്കപ്പെടാൻ തക്ക ആസൂത്രണവുമായി നമ്മുടെ നേതൃത്വം മുന്നോട്ടു വരണം. ആരോഗ്യം - വിദ്യാഭ്യാസം - കൃഷി - റീട്ടെയിൽ -ടൂറിസം - എന്നീ അഞ്ച് മേഖലകൾ കേന്ദ്രീകരിച്ചുള്ള ഒരു പുത്തൻ പരിവേഷമാകണം ഇനി കേരളത്തിനുണ്ടാവാൻ..

ഈ ദുരിത കാലത്ത് കേരളം ലോകത്തിന് കാട്ടിയ കരുണയുടെ മുഖം മായാതെ നിൽക്കണം.. സ്വർഗ്ഗതുല്യമായ ഈ നാട്ടിൽ ആതുര ശുശ്രൂഷയും അറിവും പ്രകൃതിയുടെ കുളിരും രുചി വൈവിധ്യവും പകരാൻ .. ഈ നാട് തേനും പാലുമൊഴുകുന്ന  കാനാൻ ദേശമായി പ്രശോഭിക്കാൻ.. നാം മനസ്സുവെയ്ക്കണം.

ഇപ്പോഴത്തെ മഹാമാരിയെ പിടിച്ചുകെട്ടാനായ നമ്മുടെ കർമശേഷി ലോകം അംഗീകരിക്കുമ്പോൾ ആ കയ്യടി നമ്മുടെ നാടിന്റെ പുരോഗതിയ്ക്കായ് പ്രയോജനപ്പെടുത്താൻ നമുക്ക് യത്നിക്കണം. പ്രവാസലോകത്തുനിന്ന് മടങ്ങി വരുന്ന മികച്ച കഴിവും പരിചയവുമുള്ള നിരവധി പ്രവാസികളുടെ സേവനം നമുക്കിപ്പോൾ കരുത്തായി മുതൽക്കൂട്ടാം. അനുഭവ ജ്ഞാനവും വിദ്യാഭ്യാസവുമുള്ള യുവ മാനവശേഷി കേരളത്തിന്റെ വളർച്ചയ്ക്ക് ഊടും പാവുമേകാൻ വിനിയോഗിക്കപ്പെടണം.

1 . ഒന്നാമത് ആരോഗ്യം : നമ്മുടെ ആരോഗ്യപ്രവർത്തകരുടെ മികവ് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. ഗൾഫിലും യൂറോപ്പിലും ഇതര രാജ്യങ്ങളിലും നമ്മുടെ ഡോക്ടര്‍മാരും നേഴ്സുമാരും ചെയ്യുന്ന സേവനങ്ങൾ വർഷങ്ങളായി  പല വിദേശ രാജ്യങ്ങളും എടുത്തുപറഞ്ഞിട്ടുള്ളതാണ്.. ഈ കൊറോണക്കാലത്ത്  വീണ്ടും പലരും അഭിനന്ദനങ്ങളുമായി എത്തിയത് നാം കണ്ടുവല്ലോ

അതുപോലെതന്നെ വിദേശങ്ങളിലെ ചികിത്സാ ചിലവ് ഭീമമാകുമ്പോൾ അതിലൊരംശം കൊണ്ട് ഏറ്റം മികവാർന്ന രീതിയിൽ കേരളത്തിൽ ചികിത്സിക്കാനാവുമെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു കൊണ്ട്  - ഹെൽത്ത് ടൂറിസം കേരളത്തിന്റെ ചില ഭാഗങ്ങളിൽ വർഷങ്ങളായി വേരുറപ്പിക്കുന്നുണ്ട്.. സീനിയർ ടൂറിസമെന്ന പേര് കൂടിയുള്ള ഈ രംഗത്ത് മുതിർന്ന വിദേശ പൗരന്മാർക്ക് സമാധാനപരമായ വിശ്രമ ജീവിതവും ഒപ്പം മുഴുവൻ സമയ പരിചരണവും നമ്മുടെ റിസോർട്ടുകളിൽ തയാറാക്കിയാൽ സീനിയർ ടൂറിസം ഭൂപടത്തിൽ കേരളത്തിന് ശക്തമായ സാന്നിധ്യമാവാനാവും.

ഒപ്പം ലോകത്തെയേറ്റവും മികച്ച ആരോഗ്യസുരക്ഷയൊരുക്കുവാൻ നമുക്കാവുമെന്ന് അക്ഷരാർത്ഥത്തിൽ തെളിയിച്ച ദിനങ്ങളാണിപ്പോൾ. അതിന്റെ പെരുമ പ്രയോജനപ്പെടുത്താൻ നമ്മുടെ നാടിനാവണം.

നമ്മുടെ പ്രധാന ആശുപത്രികൾ മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിക്കുവാനും വിദേശികള്‍ക്ക് തെറ്റു പറയാനാവാത്ത യാത്രാ താമസ സൗകര്യങ്ങളൊരുക്കുവാനും, ഹെൽത്ത് റിസോർട്ടുകളെ പ്രോത്സാഹിപ്പിക്കുവാനും അവയുടെ ഗുണനിലവാരങ്ങൾ ഉറപ്പു വരുത്തുവാനും  ആരോഗ്യ രംഗത്തെ നമ്മുടെ മികവ് ലോകശ്രദ്ധയിൽ കൊട്ടിഘോഷിക്കാനും നമ്മുടെ സംസ്ഥാനം പദ്ധതികൾ തയ്യാറാക്കണം.

ആയുർവേദമടക്കമുള്ള ചികിത്സാ രീതികളും ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുകളും  കൊണ്ട് ഇപ്പോൾ തന്നെ ടൂറിസം രംഗത്ത് നമ്മുടെ ഹെൽത്ത് ടൂറിസത്തിന് മാന്യമായ ഒരു പങ്കുണ്ട്. ലോകത്തെവിടെനിന്നും എത്തിപ്പെടാനായി കേരളത്തിലുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങൾ അഞ്ചാണ്. മറ്റിടങ്ങളിൽ രാഷ്ട്രീയ ക്രമസമാധാന പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ കേരളം താരതമ്യേന ശാന്തമാണ്. പലയിടങ്ങളിലും ചൂടും തണുപ്പും അമിതമാവുമ്പോൾ കേരളത്തിൽ അവ എക്സ്ട്രീമിലേയ്ക്ക് പോകാറില്ല. വർഷം  മുഴുവൻ മിതമായ കാലാവസ്ഥ - കുളിർമയുള്ള മഴയോടൊപ്പം നൽകാൻ പ്രകൃതിരമണീയമായ ഈ നാടിനാവുന്നു.

വൻനഗരങ്ങളിൽ ജോലി ചെയ്ത് റിട്ടയർ ചെയ്തവർക്ക് തിരക്കുകളിൽ നിന്നു മാറി , ശാന്തമായി, സുരക്ഷിതമായി, ശരിയായ പരിചരണത്തോടെ, വിശ്രമിക്കാനൊരിടമായി മാറാൻ ഏറ്റവും സുന്ദരമായ സ്ഥലമാണ് ഈ കൊച്ചു കേരളം.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വർഷം മുഴുവൻ മിതമായ കാലാവസ്ഥ, ഉന്നത നിലവാരമുള്ള ചികിത്സാലയങ്ങൾ, മിടുമിടുക്കരായ ആരോഗ്യപ്രവർത്തകർ, എളുപ്പത്തിൽ എത്തിപ്പെടാവുന്നയിടങ്ങൾ, സുരക്ഷിതവും ശാന്തവുമായ, മനസിന് കുളിർമയേകുന്ന അന്തരീക്ഷം, വളരെ തുശ്ചമായ നിരക്കുകളിൽ .. അങ്ങനെയങ്ങനെ..  നമ്മുടെ ആകർഷണീയ ഘടകങ്ങൾ വളരെയേറെയാണ്..

ഇവിടെ കൂട്ടിച്ചേർക്കാൻ - ചികിത്സാ രംഗത്തെ നികുതിയിളവുകൾ കൊണ്ട്  - ഇവയുടെ നേട്ടം സ്വകാര്യമേഖലയിൽ ഒതുങ്ങിപ്പോവാതിരിക്കാൻ, ജീവൻ രക്ഷാ മരുന്നുകൾ ഒഴികെയുള്ള ചിലവുകൾ നികുതിവിധേയമാക്കണം.

2 . വിദ്യാഭ്യാസം.. സാങ്കേതികമായി ലോകോത്തര നിലവാരത്തിനൊപ്പമായി കഴിഞ്ഞു നമ്മുടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും. സ്മാർട്ട് ക്ലാസ്സുകളും ടാബുകളും ആപ്പുകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്റ്റൽ സൗകര്യങ്ങളും - വിദേശ വിദ്യാഭ്യാസ ചിലവുകളുമായി തട്ടിച്ചുനോക്കുമ്പോൾ അഫോർഡബിൾ ആയി നല്കാനാവുന്ന ചിലവിൽ - ഏറ്റവും മികച്ച വിദ്യാഭ്യാസം - ശാന്തമായ അന്തരീക്ഷത്തിൽ - തുശ്ചമായ ചിലവിൽ - സുരക്ഷിതമായ ഇടത്തിൽ -നൽകാൻ നമ്മുടെ നാടിനാവും.

മെഡിക്കൽ/എൻജിനീയറിങ് കോളേജുകളിൽ പ്രവേശനം മുതൽ സർക്കാരിന് നിയന്ത്രണമുള്ളതുപോലെ മറ്റു തൊഴിൽ മേഖലകളും പരിശീലിപ്പിക്കപ്പെടണം. സ്‌കിൽ ഡെവലപ്മെൻറ് സ്ഥാപനങ്ങൾ ഉയർന്നുവരണം. നമ്മുടെ വിദ്യാഭ്യാസ മേഖല ലോകത്തിനു തുറന്നു കൊടുക്കുമ്പോൾ നേട്ടം നമ്മുടെ സംസ്ഥാന ഖജനാവിനുമുണ്ടാവണം. ഉന്നത വിദ്യാഭ്യാസം നികുതി വിധേയമാകണം. സർക്കാർ നിരക്കുകൾക്കുപകരം ഫീസ് നിർണയം സ്ഥാപനങ്ങളുടെ മികവനുസരിച്ച് നിർണയിക്കപ്പെടണം . മികവുള്ളവർക്ക് പിടിച്ചു നിൽക്കാനാവണം.

ഒപ്പം സ്വശ്ചന്ദസുന്ദരമായ കേരളത്തിൽ ശാന്തമായിരുന്ന് പഠിക്കാനാവുന്ന രാഷ്ട്രീയാന്തരീക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉറപ്പു വരുത്തുന്ന കാര്യം എടുത്തു പറയുകയാണ്.

3 . കാർഷികരംഗം :  നമ്മുടെ നാടിന്റെ അടിസ്ഥാന മേഖല തകർന്നു തരിപ്പണമായ കാഴ്ച കൺമുന്നിൽ ഉണ്ടെങ്കിലും എന്തോ ജനങ്ങളും സർക്കാരും അതിലത്ര ആകുലത കാണിക്കുന്നില്ല. നെൽകൃഷി മുതലാവില്ലായെന്ന് വന്നതോടെ നെൽപ്പാടങ്ങളിൽ പലതും ഒന്നുകിൽ തരിശുഭൂമിയായി കിടക്കുകയോ നികത്തപ്പെടുകയോ ചെയ്യുകയാണ്.. റബറിനും ഏതാണ്ട് സമാന അവസ്ഥയാണ്.. റബർ തോട്ടങ്ങളിൽ കുറെയൊക്കെ കൈത കയറിക്കഴിഞ്ഞു..കൃഷിയിടങ്ങളിൽ നിന്ന് നാം പിന്മാറിയതോടെ എന്തിനും ഏതിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ തരമില്ലാതെയാവുന്നു.. വിഷം ചേർത്ത പച്ചക്കറിയും പഴങ്ങളും കഴിച്ച് അതിമാരകമായ രോഗങ്ങൾ നമ്മുടെയിടയിൽ സാധാരണമായിക്കഴിഞ്ഞു..

കേരളത്തിന് സമൃദ്ധമായി അരി വിളയിച്ചുകൊണ്ടിരുന്ന കുട്ടനാട്ടിലെയും പാലക്കാട്ടെയുമൊക്കെ നെൽപ്പാടങ്ങൾ അന്യമായിക്കൊണ്ടിരിക്കുന്നു. നെൽകൃഷി നഷ്ടമായിട്ടും ആ പാടങ്ങളിൽ മറ്റൊന്നും ചെയ്യാനാവാത്ത നിയമവ്യവസ്ഥകൾ മൂലം കർഷകർ പാടങ്ങള്‍ തരിശിട്ടിട്ട് മറ്റു തൊഴിലുകൾ തേടുകയാണ്.. പാടം  നികത്താതെ ചെയ്യാനാകുന്ന മറ്റു കൃഷികൾ ചെയ്യാൻ അനുവദിക്കപ്പെടണം.. പോത്തും മത്സ്യഫാമും പച്ചക്കറിയും ഈ പാടങ്ങളിൽ പരീക്ഷിക്കപ്പെട്ടുകൂടെ? നമ്മുടെ പാടങ്ങളിലും കായലുകളിലും സൗരോർജ്ജം വരെ ഉത്പാദിപ്പിക്കപ്പെടാം.. നെല്ലും മീനും മാറിമാറി വിളയിക്കുന്ന കൃഷിയിടങ്ങൾ കുറേക്കാലം മുൻപ് കാണാമായിരുന്നു..

കാർഷികമേഖല കരുത്താർജ്ജിക്കുമ്പോൾ നമ്മുടെ അടിസ്ഥാനവർഗത്തിന്  അത് ജീവനേകുകയാണ്.. ഇപ്പോൾ നാം പറയുന്ന സ്വയം പര്യാപ്‌തതയും ആത്മനിർഭരതയും പ്രാവർത്തികമാവാൻ താഴേത്തട്ടിൽ നിന്ന്.. നമ്മുടെ ഗ്രാമങ്ങളിൽ നിന്ന്..  വേണം വികസനം വരാൻ..

നമ്മുടെ കൃഷിയിടങ്ങൾ പച്ചപുതയ്ക്കപ്പെടുമ്പോൾ ആ ഹരിതാഭയും ഈ നാടിന് മനോഹാരിതയേകും.. നമ്മുടെ ടൂറിസം രംഗത്തിന് വർണ്ണത്തിളക്കം പകരാന്‍ ഏറ്റവും സുന്ദരമായ മാർഗവും കൃഷിയാണ്.. കാഴ്ചയ്ക്ക്  കുളിർമയോടൊപ്പം ടൂറിസം രംഗത്ത് രുചിവൈവിദ്ധ്യവും ആരോഗ്യകരമായ ജീവിതവും പ്രദാനം ചെയ്യാൻ നമ്മുടെ കൃഷിയിടങ്ങള്‍ക്കാവും..


4 .ടൂറിസം  : ലോക ടൂറിസം ഭൂപടത്തിൽ മാന്യമായ ഒരു സ്ഥാനം ദൈവത്തിന്റെയീ സ്വന്തം നാടിനു കൈമുതലായുണ്ട്. ഹിൽ ടൂറിസം, ബാക്ക്‌വാട്ടർ ടൂറിസം, ബീച്ച് ടൂറിസം തുടങ്ങി വൈവിധ്യമാർന്ന കോമ്പിനേഷൻ ഒരേപോലെ കോർത്തിണക്കിയ മറ്റ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ വിരളമാണ്. മുൻപ് സൂചിപ്പിച്ച ആരോഗ്യ ടൂറിസത്തിനും വിദ്യാഭ്യാസ ടൂറിസത്തിനും അനുയോജ്യമായ ഇടങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ സ്വർഗ്ഗരാജ്യം. അവയ്ക്കുള്ള യാത്രാസൗകര്യങ്ങൾ - കണക്ടിവിറ്റി ഉറപ്പാക്കാനും, തൊഴിൽ/ഹർത്താൽ തടസങ്ങൾ ഒഴിവാക്കാനും ആണ് ക്രമീകരണങ്ങൾ വേണ്ടത്. ജിഡിപിയുടെ  പത്ത് ശതമാനത്തോളം വന്നിരുന്ന ടൂറിസം മേഖലയിൽ വൻ മാറ്റങ്ങൾ കൊറോണയോടെ രൂപമെടുക്കുകയാണ്. ലോക ടൂറിസം വിപണി ഏതാണ്ട് നിശ്ചലമാവുമ്പോൾ ഏറ്റവും സുരക്ഷിതമായ ചികിത്സാസൗകര്യങ്ങൾ ഒരുക്കിക്കൊണ്ട്  കേരളം മുന്നോട്ടു വരണം.

5 . റീട്ടെയ്ൽ :  ഈ മേഖലകളോടൊപ്പം കൂട്ടിച്ചേർക്കാനാവുന്ന മേഖലയാണ് റീട്ടെയിൽ രംഗം. വളരെ ഉയർന്ന വളർച്ചാനിരക്ക് തുടർച്ചയായി രേഖപ്പെടുത്തുന്ന മേഖലയുമാണിത്. പന്ത്രണ്ട് ശതമാനത്തില്‍ കുറയാത്ത വളർച്ചാനിരക്ക് ഉറപ്പാക്കാൻ ശക്തമായ സാധ്യതകളുമുണ്ട്. ലോകഭൂപടത്തിലെ ശ്രദ്ധേയമായ സ്ഥാനം കൊണ്ട് ദക്ഷിണേഷ്യയിൽ തന്നെ ഒരു മികച്ച റീട്ടെയിൽ ഹബ് ആയി കേരളത്തെ വികസിപ്പിക്കുവാൻ നമ്മുടെ പല സർക്കാർ സംവിധാനങ്ങൾ തന്നെയാണ് ഇപ്പോൾ കടമ്പകൾ തീർക്കുന്നത്. സിംഗപ്പൂരിനും ദുബായിക്കും നേടാനാവുന്ന ശ്രദ്ധ കേരളത്തിന് അസാധ്യമാവില്ല, .മനസ്സു വെച്ചാൽ മാത്രം മതി..

ഏക ജാലക ലൈസൻസിങ്, 24  മണിക്കൂർ പ്രവർത്തനാനുമതി, ചെറുകിടക്കാര്‍ക്കുള്ള സാമ്പത്തിക പിന്‍തുണകൾ, ലഘൂകരിച്ച നികുതി ചട്ടക്കൂടുകൾ, മാന്യമായതും തർക്കരഹിതവുമായ തൊഴിൽ നിയമങ്ങൾ, എന്നിവയൊക്കെ റീട്ടെയിൽ രംഗത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ്. നമ്മുടെ മികച്ച സാക്ഷരതയും സാങ്കേതിക വളർച്ചയും ഈ രംഗത്ത് മുതൽക്കൂട്ടാണ്.

രാജ്യത്തിന്റെ ജിഡിപിയിൽ പതിനൊന്ന് ശതമാനവും തൊഴിൽ മേഖലയിൽ ഒൻപത് ശതമാനവും വഹിക്കുന്ന റീട്ടെയിൽ രംഗത്തെ വളർച്ച ഒരു കൺസ്യൂമർ സംസ്ഥാനമായ കേരളത്തിന്റെ സമ്പദ്‌ വ്യവസ്ഥയിൽ വൻ ചലനങ്ങളുണ്ടാകും. ആരോഗ്യം - വിദ്യാഭ്യാസം - ടൂറിസം രംഗങ്ങളിൽ ഉണ്ടാവുന്ന അഭിവൃദ്ധിയും റീട്ടെയിൽ രംഗത്ത് പ്രകടമായി പ്രതിഫലിക്കും.

വ്യാപാര രംഗത്ത് ആക്കം കൂട്ടാനായി സ്പെഷ്യൽ എക്‌ണോമിക്‌ സോണുകൾ, എക്സ്പോർട്ട് സോണുകൾ പോലെയുള്ള ക്രമീകരണങ്ങൾ ഇന്ത്യാ വൻ കരയുടെ തന്ത്ര പ്രധാനമായ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ  ഖജനാവിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.

ഈ അഞ്ച് മേഖലകളിലെ  വളർച്ച ത്വരിതപ്പെടുത്തണമെങ്കിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം..

ഇവയിൽ ടൂറിസവും റീട്ടെയിൽ രംഗവും നികുതി വ്യവസ്ഥയിൽ പെടുമെങ്കിലും ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെ സ്വകാര്യ വളർച്ച കൊണ്ട് നാടിനു പൊതുവായ നേട്ടമുണ്ടാവുന്ന രീതിയിലുള്ള നികുതി ഘടന രൂപീകരിക്കേണ്ടതുണ്ട്.

ഈ മേഖലകള്‍ക്ക് ഇണങ്ങുന്ന രൂപത്തിലുള്ള മികച്ച യാത്രാ സൗകര്യങ്ങൾ ക്രമീകരിക്കപ്പെടണം, വായു - റോഡ്-ജല യാത്രാ സൗകര്യങ്ങൾ ഏറ്റവും സുഗമമാക്കണം.

തൊഴിൽ തർക്കങ്ങൾ, സമരങ്ങൾ, എന്നിവ ഈ രംഗങ്ങളിൽ കല്ലുകടിയാവാത്ത രീതിയിലുള്ള സംവിധാനങ്ങൾ നമ്മുടെ രാഷ്ട്രീയ നേതൃത്വം ഉറപ്പു വരുത്തണം.

ഈ രംഗങ്ങളിലെ പ്രവർത്തനങ്ങൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ നിരീക്ഷിച്ച് നടപ്പാക്കാൻ സംവിധാനങ്ങളുണ്ടാവണം.

 ടൂറിസം മേഖല വികസിക്കുമ്പോൾ ഭക്ഷ്യ സുരക്ഷ  പ്രധാനമാണ്. അതിനായി നമ്മുടെ കാർഷികമേഖലയെ സ്വയം പര്യാപ്തമാക്കുമ്പോൾ കേരളം  കൂടുതൽ ഹരിതാഭയാർജ്ജിക്കുകയും  അത് വീണ്ടും നമ്മുടെ ലക്ഷ്യങ്ങള്‍ക്ക് കരുത്തേകുകയും ചെയ്യും. ഇപ്പോൾ സർക്കാർ ആരംഭിച്ചിരിക്കുന്ന തരിശുഭൂമികളിലെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നയം ഈ വഴിയിൽ ഒരു നല്ല തുടക്കമാണ്.

ടൂറിസം ആരോഗ്യ മേഖലകളോടൊപ്പം വികസനം ചില്ലറവില്പനമേഖലയിൽ  സ്വതവേ പ്രതിഫലിക്കുമ്പോൾ നാടിന്റെ സമഗ്ര വളർച്ചയ്ക്ക് വഴിയൊരുങ്ങുകയാണ്.

ഈ രംഗങ്ങളുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ട ഒട്ടനവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും

വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ മാനവശേഷി, പഠന വസ്തുക്കളുടെ നിർമാണവും വിപണനവും , ആരോഗ്യ രംഗത്ത് ലാബുകൾ, സ്കാൻ സെന്ററുകൾ, കൺസ്യൂമബിൾസ്, ഭക്ഷ്യ വസ്തുക്കൾ, താമസസൗകര്യങ്ങൾ, യാത്രാസൗകര്യങ്ങൾ തുടങ്ങി ഈ മേഖലകളോട് അനുബന്ധമായ കച്ചവട/ തൊഴിൽ സാധ്യതകൾ  എന്നിവയും മുന്നിൽ കാണേണ്ടതുണ്ട്.

നമ്മുടെ നാടിന്റെ വിദ്യാഭ്യാസ സാങ്കേതിക നിലവാരവും പരിജ്ഞാനവും ഉയരാൻ ഈ വളർച്ച സഹായകരമാകും.

നാട്ടുകാർക്കും മികച്ച ആരോഗ്യ/വിദ്യാഭ്യാസ സൗകര്യങ്ങൾ പ്രാപ്യമാവുമ്പോൾ ജീവിത നിലവാരം ഗണ്യമായ തോതിൽ വർധിക്കും.

അന്തർസംസ്ഥാന വ്യാപാരങ്ങൾ വർധിക്കുന്നതോടെ വില്പന നികുതി വഴിയുള്ള മികച്ച വരുമാനം സംസ്ഥാനത്തിന് ഗുണപരമാവും.

വിദേശങ്ങളിൽ വിവിധ രാജ്യക്കാരുമായി ഇടപഴകിയിട്ടുള്ള പ്രവാസികളുടെ സാന്നിധ്യവും  അവരുടെ പ്രവർത്തന ശേഷിയും ഈ വളർച്ചയ്ക്ക് ആക്കം കൂട്ടും.

ഇപ്പോൾ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ ഇവിടുത്തെ തൊഴിൽ, കച്ചവട മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പല ക്ഷേമ പദ്ധതികളും പൊതു മേഖലയിലെ മാത്രമോ, സംഘടിത മേഖലയിലെ മാത്രമോ തൊഴിലാളികള്‍ക്ക് ഗുണപരമാവുമ്പോൾ മറ്റുള്ളവരുടെ സുരക്ഷ ചോദ്യചിഹ്നമാവുകയാണ്. സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയും സംസ്ഥാന സർക്കാർ രൂപം കൊടുക്കുന്ന നിർബന്ധിത ക്ഷേമനിധികളിൽ രെജിസ്റ്റർ ചെയ്ത് തൊഴിൽ സുരക്ഷാ ഇൻഷുറൻസും സോഷ്യൽ സെക്യൂരിറ്റി സ്കീമുകളും വഴി - വരുമാനത്തിന് ആനുപാതികമായ വാർഷികഫീസ് ഈടാക്കിക്കൊണ്ട് നടപ്പാക്കിയാൽ ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരമാകും.  സംസ്ഥാനത്തെ ഒന്നരക്കോടിയോളം വരുന്ന തൊഴിലാളികൾക്ക് ചെറിയ പ്രീമിയത്തിൽ നടപ്പാക്കിയാൽ പോലും കോടികളുടെ സുരക്ഷാപദ്ധതികൾ സാധ്യമാകും. ഇതേ മാതൃകയിൽ ചെറുകിട വ്യാപാരികൾക്കും കൃഷിക്കാർക്കും സാമൂഹ്യസുരക്ഷയൊരുക്കാൻ സർക്കാരിനാവും.

അച്ഛേ ദിൻ വെറും തിരഞ്ഞെടുപ്പുവാഗ്ദാനമായി മാറാതെ ഇവിടം സൊമാലിയായല്ല, സ്വർഗ്ഗരാജ്യം തന്നെയാണെന്ന്‌ തെളിയിക്കാൻ ആവോളം അവസരങ്ങൾ കേരളത്തിന് മുന്നിലുള്ളപ്പോൾ നാം ലോകത്തിന് കാട്ടിക്കൊടുക്കണം, എല്ലാം ശരിയാകുമെന്ന്..

ചവിട്ടിത്താഴ്ത്തിയ പാതാളങ്ങളിൽ നിന്ന് കയറിവരാൻ.. സ്വയം പ്രഖ്യാപിത ക്വാറണ്ടൈനിൽ നിന്ന് പുറത്തുവരാൻ ഇനിയെങ്കിലും കേരളം ശ്രമിക്കണം..

2025  ആകുമ്പോഴേക്കും  കേരളത്തിന്റെ ഭാവി എന്താവും എന്ന് ചിന്തിച്ച് ആകുലപ്പെടാതെ എന്താവണം/എങ്ങനെയാവണം  നമ്മുടെ നാട് എന്ന് തീരുമാനിച്ചുറപ്പിച്ച്  വ്യക്തമായ കാഴ്ചപ്പാടോടെ ഓരോ ചുവടും മുന്നോട്ടു വെയ്ക്കാൻ നമുക്കാവണം..  എല്ലാം നല്ലതിനായി എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് ഈ കൊറോണക്കാലം കേരളത്തില്‍ നല്ലതിലേയ്ക്കുള്ള ഒരു വഴിത്തിരിവിന് ആരംഭം കുറിക്കട്ടെയെന്ന്  നമുക്ക് പ്രത്യാശിക്കാം..

പ്രേം സെബാസ്റ്റ്യൻ ആന്റണി , ചാർട്ടേർഡ് അക്കൗണ്ടന്റ്

Thursday, March 7, 2019

ചർച്ച് ബില്ലെന്ന നമ്പർ!

ചർച്ച് ആക്ടിന് അമിത പ്രാധാന്യം കല്പിച്ച പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാർ ബില്ലിൽ നിന്ന് പിൻ വാങ്ങി. സാധാരണ ഗതിയിൽ പല തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് വരാറുള്ള ഇടയ ലേഖനങ്ങൾ ഇപ്പോഴത്തെ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ മയപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്.

ക്രിസ്ത്യൻ വോട്ടുകൾ കൂട്ടത്തോടെ കൈവിട്ട് പോകാതിരിക്കാനുള്ള ഒരു ഇടതുപക്ഷ അടവുനയം മാത്രമായിരുന്ന ചർച്ച് ബില്ലിനെ കേരളത്തിലെ സഭകൾ എന്തുകൊണ്ട് ഇത്രയേറെ ഭയവിഹല്വതകളോടെ എതിർത്തു എന്നത് ചിന്തനീയമാണ്. എല്ലാം ശരിയായിട്ടും സുതാര്യമായിട്ടുമാണ് നടക്കുന്നതെങ്കിൽ പിന്നെന്തു പേടിക്കാൻ ? ബില്ലെങ്കിൽ ബില്ല്.. പോ ബില്ലേ.. എന്ന നിലപാട് എടുത്താൽ പോരായിരുന്നോ?

മത സമൂഹങ്ങളുടെ സ്വത്തും വസ്തുവകകളും കൈകാര്യം ചെയ്യുന്നത് മാത്രമായിരുന്നു ബില്ലിന്റെ പരിധിയിൽ വരുന്നതെന്ന് ബില്ല് വായിക്കുന്ന ആർക്കും വ്യക്തമാകും. വിശ്വാസമോ ആചാരമോ സഭാ സംവിധാനങ്ങളെയോ ബില്ലിൽ ഉൾപ്പെടുത്തിയാൽ ഭരണഘടനാപരമായി ചോദ്യം ചെയ്യാൻ വകുപ്പുകൾ ഏറെയുള്ളപ്പോൾ ആ രീതിയിൽ സർക്കാർ കൈകടത്തുമെന്ന് പറഞ്ഞ് പേടിപ്പിച്ച് ജനങ്ങളെ തെരുവിലിറക്കുന്നത് തികച്ചും അനാവശ്യമായിരുന്നു.

ബില്ലിലെ പല വ്യവസ്ഥകളും ട്രൈബ്യൂണലിന്റെ അധികാരങ്ങളും ഒക്കെ തെറ്റായി പ്രചാരണം നടത്തി വിശ്വാസി സമൂഹത്തെ ഇളക്കിവിടുന്നതിനു പകരം സത്യം എന്താണെന്ന് മനസിലാക്കിക്കാനും ഒരു സ്വയം തിരുത്തലിന് ശ്രമിക്കാതെ സമരമാർഗത്തിലേക്കിറങ്ങിയ സഭാധ്യക്ഷൻ മാർ പലരും നേരിട്ട് കണ്ടാൽ കീരിയും പാമ്പുമാണെന്നത് നിഷേധിക്കാനാവുമോ?

ഈയിടെയൊരു സഭാധ്യക്ഷൻ വിദേശത്തെ കേസിൽ നിന്ന് 261 കോടി കൊടുത്ത് തലയൂരിയതും നാം കണ്ടില്ലേ? അതൊക്കെ സുതാര്യമായിരുന്നോ ആവോ?

അതുപോലെ തന്നെ ഇപ്പോൾ സർക്കാർ ഈ ബില്ലെന്ന ഉമ്മാക്കിയുമായി ഇറങ്ങാനുള്ള സാഹചര്യം വ്യക്തമാണ്. എറണാകുളത്തെ മാഫിയായും യാക്കോബായ ഓർത്തഡോക്സ് സ്വത്തു തർക്കങ്ങളും ഈ ബില്ലിന് വഴിയൊരുക്കുകയായിരുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സഭകൾ അമ്പേ പരാജയപ്പെട്ടുവെന്നത് പകൽ പോലെ വ്യക്തവുമാണ്. സഭകൾ സ്വയം തിരുത്താനുള്ള മാർഗങ്ങളെപ്പറ്റി ഇനിയെങ്കിലും ചിന്തിക്കാത്ത പക്ഷം ഇതുപോലെയുള്ള ഭീഷണികൾ തടയാനാവാതെ വരും.

പ്രേം സെബാസ്റ്റ്യൻ ആന്റണി

Saturday, January 26, 2019

വീണ്ടുമൊരു റിപ്പബ്ലിക്ക് ദിനം!

ഇതോ മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്ക്?

എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവുമായ നീതിയോ?    ഉള്ളവന് വീണ്ടും കുമിഞ്ഞുകൂടുകയും ഇല്ലാത്തവനെ വീണ്ടും കുത്തിപിഴിയുകയും ചെയ്യപ്പെടുകയല്ലേ?

ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, മതനിഷ്ഠ, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം എവിടെ?    വിശ്വാസത്തിനും ആരാധനക്കും മാത്രമല്ല ഇഷ്ടഭക്ഷണം കഴിക്കാനാവുമോ ഈ നാട്ടിൽ?  സ്വന്തം തൊഴിൽ ചെയ്ത് ജീവിക്കാനുവദിക്കാത്ത ഹർത്താൽ നിരോധിക്കാൻ ആമ്പിയർ ഉള്ള ഭരണനേതൃത്വമുണ്ടോ?

സ്ഥാനമാനങ്ങൾ അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്തായി? ജാതിയും മതവും രാഷ്ട്രീയവും അനുസരിച്ച് മാത്രം അവസരങ്ങൾ വീതം വയ്ക്കപ്പെടുകയല്ലേ?

Thursday, January 24, 2019

പ്രിയങ്കയുടെ വരവ്

കുറച്ചു കാലം മോഡിയുടെ ഭരണം കണ്ടു കഴിഞ്ഞപ്പോഴാണ് കോൺഗ്രസുകാർക്ക് ബുദ്ധിയുദിച്ചത്. പാവകളെ മുന്നിൽ നിർത്തിയുള്ള കളി അധികം മുന്നോട്ട് പോവില്ലായെന്നുള്ള തിരിച്ചറിവ് ഉണ്ടായതിന്റെ വെളിച്ചത്തിൽ കർമ്മധീരയായ ഒരു നേതാവിന്റെ ആവശ്യകത കൂടുതൽ ശക്തമാവുകയാണ്.
ഇന്ത്യ കണ്ടിട്ടുള്ളതിലേക്കും ഏറ്റവും ധീരയായ, നട്ടെല്ലുള്ള പ്രധാനമന്ത്രി, ശ്രീമതി ഇന്ദിരാഗാന്ധിയുടെ കാലത്തേക്ക് മടങ്ങാൻ കോൺഗ്രസ് കൊതിക്കുകയാണ്. ഇന്ദിരാഗാന്ധിയുടെ രണ്ടാം വരവാണ് പ്രിയങ്ക ഗാന്ധിയിലൂടെ കോൺഗ്രസ് അവതരിപ്പിക്കുന്നത്. ഒപ്പം പ്രിയങ്കയുടെ വരവ് ആഘോഷിക്കുന്നവർ പറയാതെ പറയുന്ന രാഹുൽ ഗാന്ധിയുടെ പരാജയവും!

Monday, December 2, 2013

കാടും കാടന്മാരും അല്ല നമ്മുടെ ആവശ്യം നാടും നാടന്മാരുമാണ്...

കസ്തൂരിരംഗൻ  റിപ്പോർട്ടിൽ പ്രതിഷേധിച്ച് ജനം തെരുവിൽ ഇറങ്ങിയപ്പോൾ കസ്തൂരിരംഗനെ അനുകൂലിച്ച ഹരിത വാദികൾ ചക്കിട്ടപ്പാറയിൽ പയ്യാനിക്കോട്ട എന്നൊരു മല തന്നെ വെട്ടി നിരത്തി കൊണ്ട് ഇരുമ്പയിര് ഖനനം നടത്താൻ അനുമതി കൊടുത്തതിന്  എതിരെ ശബ്ദിച്ചു കേട്ടില്ല.. ചില പ്രത്യേക താത്പര്യങ്ങളെ സംരക്ഷിക്കാനായി പരിതസ്ഥിതി വാദം നടത്തുന്നവരുടെ പൊള്ളത്തരങ്ങൾ ആണ് ചക്കിട്ടപ്പാറയിൽ പൊളിയുന്നത്.. ചക്കിട്ടപ്പാറയിൽ ഒക്കെ നടത്തുന്നത് അക്രമം തന്നെയാണ്...

പശ്ചിമഘട്ടം നന്നാക്കാൻ വാനനിരീക്ഷകനെ വെച്ച കേന്ദ്ര സർക്കാർ തന്നെയാണ് ഇതേ സഹ്യസാനുക്കളുടെ ഉൾഭാഗം തുരന്ന് അതിന്റെയകത്ത്   ജീവകണം പൊട്ടിച്ച്പരീക്ഷിക്കാൻ അനുവാദം കൊടുത്തതും.. അന്നൊന്നും കണ്ടില്ലല്ലോ സുഗതകുമാരിയെയും ഹരിത എം എൽ എ മാരെയും...എന്തേ ??

ആർക്കോ വേണ്ടി മരണവീടുകളിൽ പണ്ട് നെഞ്ചത്തടിച്ചു നിലവിളിക്കാൻ പണ്ട് കൂലിക്ക് ആളെ വെക്കാറുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്... അതേ  പോലെ കേരളത്തെ തകർക്കാനായി പരിതസ്ഥിതിയുടെ പേര് പറഞ്ഞ് നിലവിളിക്കുന്ന കവികളെയും രാഷ്ട്രീയക്കാരെയും സംരക്ഷിക്കുന്നവരെ വെളിച്ചത്ത്  കൊണ്ട് വരണം.. പണ്ട് തന്റെ "കൊക്കിന് " ജീവനുണ്ടെങ്കിൽ നെടുമ്പാശ്ശേരി വിമാനത്താവളം ഉണ്ടാവാൻ അനുവദിക്കില്ലായെന്നു പറഞ്ഞ് ബഹളം വെച്ചവർ തന്നെ "കൊക്കിനെ" കൊന്നു കറി വെച്ചിട്ട് വിമാനത്താവള കമ്പനിയുടെ ബോർഡിൽ കയറി ഞെളിഞ്ഞിരിക്കുന്ന കാഴ്ചയും നാം കണ്ടു.. നെടുമ്പാശ്ശേരി വിമാനത്താവളം വന്നത് കൊണ്ട് പരിതസ്ഥിതി മുഴുവൻ കുളമായോ ആവോ? ആറന്മുള വികസിച്ചാലും ഇത്തരം കൊക്കുകൾ മാത്രമേ ചാകൂ... 

ഇടുക്കി അണക്കെട്ട് ഉണ്ടാക്കിയപ്പോൾ ഈ പരിതസ്ഥിതിക്കാർ ഇല്ലായിരുന്നതിന്  ദൈവത്തിന് നന്ദി... അല്ലെങ്കിൽ അതും ആതിരപ്പള്ളി പോലെ സംരക്ഷിച്ചിട്ട്  നമ്മൾ ഇരുട്ടത്ത്‌ ഇരുന്നേനെ...

അന്ധമായ വിശ്വാസങ്ങൾക്കും സംഹിതകൾക്കും പിന്നാലെ പോകുന്ന മലയാളിയുടെ ചരിത്രം തീണ്ടലിനും വിപ്ളവ പ്രസ്ഥാനങ്ങൾക്കും പിന്നാലെ പോയി നമ്മുടെ മണ്ണിനെ കുട്ടിച്ചോർ ആക്കിയത് മതി... 

മനുഷ്യന് വേണ്ടിയാണ് പ്രകൃതി... പ്രകൃതിക്കായി സൃഷ്ടിക്കപ്പെട്ടവർ പ്രകൃതിയെ ചൂഷണം ചെയ്യുന്ന വൈദ്യുതി ഉപയോഗിക്കരുത്.. മരം വെട്ടിയുണ്ടാക്കുന്ന കടലാസ് ഉപയോഗിക്കരുത്.. കോണ്‍ക്രീറ്റ് കൊട്ടാരങ്ങളിൽ താമസിക്കരുത്.. വാക്കും പ്രവൃത്തിയും തമ്മിൽ അന്തരം ഉണ്ടാവാൻ പാടില്ല..

എന്ത് കൊണ്ട് കൃഷിയിൽ നിന്ന് ജനം പിന്മാറുന്നു എന്ന് ചിന്തിക്കാത്ത സർക്കാർ വന്യമായ ഒരു സംസ്കാരത്തെ ആണോ പ്രതിനിധീകരിക്കുന്നത്? ഇടുക്കിയിലെയും കുട്ടനാട്ടിലെയും പ്രശ്നങ്ങൾക്ക് പരിഹാരമായി നിർദേശിക്കപ്പെട്ട  ഇടുക്കി കുട്ടനാട് പാക്കേജുകൾക്ക്  എന്ത് സംഭവിക്കുന്നുവെന്ന് സർക്കാർ  വ്യക്തമാക്കണം..

ജനങ്ങൾക്ക്‌ വേണ്ടി ശബ്ടിക്കേണ്ട ജന പ്രതിനിധികൾ ജനത്തിന് എതിരായ നിലപാടുകൾ സ്വീകരിക്കുന്നത് ലജ്ജാകരം തന്നെയാണ്..കൃഷി ചെയ്തു ഉപജീവനം നടത്തുന്ന കർഷകരുടെ കഞ്ഞികുടി മുട്ടിച്ചു വേണോ ഈ ഹരിതവാദം? റബർ വിലയിടിവ് മൂലം കഠിനാധ്വാനത്തിന്റെ വില ലഭിക്കാത്ത കർഷകരുടെ പരിദേവനം കേൾക്കാൻ ഇവരുടെ കാതുകൾ ബധിരമാണ് .. കൃഷി ചെയ്യാനാവാതെ നെൽപ്പാടങ്ങൾ തരിശായി കിടക്കുന്നത് കാണാൻ ഇവരുടെ കണ്ണുകൾ അന്ധമാണ്‌.. 

നെല്ലും റബറും തെങ്ങും  കൃഷി ചെയ്യാൻ കർഷകർ തയ്യാറാവുന്ന ഒരു സാഹചര്യം ഇവിടെ ഉടലെടുക്കണം.. കാടും കാടന്മാരും അല്ല നമ്മുടെ ആവശ്യം നാടും നാടന്മാരുമാണ്... 

Monday, November 4, 2013

ഇതാണോ ദൈവത്തിന്റെ നാട്??

കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നുള്ള പ്രചരണം ഇനിയെങ്കിലും നമുക്ക് നിർത്തിക്കൂടെ?

കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ കാണാൻ കണ്ണുള്ളവന്, കേൾക്കാൻ ചെവിയുള്ളവന് , പറയുവാൻ സാധിക്കുമോ ഇത് ദൈവത്തിന്  നിരക്കുന്ന പണികൾ ആണെന്ന്. ഇനിയെങ്കിലും നമുക്കീ ദൈവദൂഷണം അവസാനിപ്പിക്കാം.

സ്വാമി വിവേകാനന്ദൻ പറഞ്ഞതിൽ നിന്ന് നാം ഒരിഞ്ച്  പോലും മാറിയിട്ടില്ല.. ഇത് ഭ്രാന്താലയം തന്നെയാണ്..

പരസ്യമായി വേണ്ടാതീനം നടത്തിയിട്ട് ലേലു അല്ലു  പറഞ്ഞ് വീണ്ടും മാന്യനാവുന്ന ഒരു മുതിർന്ന  നേതാവ്.. അങ്ങേരെ കുറ്റം പറയാൻ തൊണ്ടി സഹിതം പിടിക്കപ്പെട്ട ഒരു "ഉണ്ണി" നേതാവും, ഒരു "തെറ്റിപ്പോയ" നേതാവും..

പെണ്ണ് പിടിച്ചു അടി കൊണ്ട് അടി കൊണ്ട് വീങ്ങിയ പടം സ്വയം മാധ്യമങ്ങൾക്ക്‌  കൊടുത്ത, അവസാനം ഭാര്യയോടും ലേലു അല്ലു  പറഞ്ഞ് പുണ്യാളൻ ആയ നേതാവ് മന്ത്രിയാവാൻ വീണ്ടും കുപ്പായം തയ്പ്പിക്കുന്നു.

സ്വന്തം  മക്കളെ കൊന്നും കൊല്ലാതെ കൊന്നും തള്ളുന്ന പെറ്റ തള്ളമാരുടെ നാടാണ് കേരളം..

രാഷ്ട്രീയ എതിരാളിയെ അൻപത്തിയൊന്നായി വെട്ടിക്കീറാൻ ക്വോട്ടേഷൻ കൊടുക്കുന്ന നാടാണ് കേരളം..

സരിത..കവിത... തുടങ്ങി പെണ്ണിന്റെ സാരിത്തുമ്പ് കാട്ടി എന്ത് തട്ടിപ്പും നടത്താവുന്ന നാട്

അമിത രാഷ്ട്രീയം കൊണ്ട് മുടിയുന്ന നാട്

തൊഴിലാളികൾ തൊഴിൽ സ്ഥാപനങ്ങൾ പൂട്ടിച്ച് ആഘോഷിക്കുന്ന നാട്

നോക്ക് കൂലി, മണൽ മാഫിയ, പീഡനം, ഹർത്താൽ  അങ്ങനെ ലോകത്ത് മറ്റ്  ഒരിടത്തും നടക്കാത്ത വ്യത്യസ്ഥമായ നിരവധി ആചാരങ്ങളുടെ നാട്

പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കാതെ മെട്രോയും വിമാനത്താവളവും പണിയുന്ന നാട്..

പട്ടിണി കൊണ്ട്  പിഞ്ചു കുഞ്ഞുങ്ങൾ പോലും മരിച്ചു വീഴുമ്പോൾ വിദേശ പര്യടനം നടത്തി കോടികൾ മുടിക്കുന്ന മന്ത്രിമാർ

കള്ളന്മാരും പെണ്ണ് പിടിയന്മാരും ഭരിക്കുന്ന നാട്

ജാതിയും മതവും നോക്കി, വില പേശുന്ന,  ഭരണം വീതം വെക്കുന്ന, നാട്..

നദികളിലെ വെള്ളം മുഴുവൻ അന്യ സംസ്ഥാനക്കാർ ഊറ്റികൊണ്ടുപോകുമ്പോൾ ഇരുട്ടിൽ തപ്പിത്തടയുന്ന നാട് ..

കെ എസ്  ആർ ടീ സീ പോലെയുള്ള വെള്ളാനകളുടെ സ്വന്തം നാട്

ലക്ഷങ്ങളുടെ ജീവൻ നശിപ്പിക്കാവുന്ന മുല്ലപ്പെരിയാർ പോലുള്ള ഭീഷണികൾ നേരിടാൻ ആണത്വം ഇല്ലാത്ത ഭരണാധികാരികൾ ഭരിക്കുന്ന നാട്..

പൊതുജനത്തിന്റെ മനസാക്ഷി ചാനലുകളിൽ സൂക്ഷിക്കുന്ന നാട്

ലോകം മുഴുവൻ ഉപേക്ഷിക്കപ്പെട്ട പ്രത്യയ ശാസ്ത്രത്തിന്  ഇപ്പോഴും ആരാധകരുള്ള നാട്

ലോകത്തിന്റെ പല ഭാഗത്തും പോയി കഷ്ടപ്പെടുന്ന സ്വന്തം നാട്ടുകാർക്ക്  പുല്ലു വില പോലും നല്കാതെ അവരെ വെടി വെച്ച് കളിക്കുന്ന സായ്പ്പിനെ എ സീ മുറിയിൽ  താമസിപ്പിച്ച്  പീസാ വാങ്ങി കൊടുത്ത് സൽക്കരിക്കുന്ന ഏക സ്ഥലം..

നമ്മുടെ പെണ് മക്കളെ അറബികൾക്ക് താൽകാലിക  സുഖത്തിനായി രണ്ടാഴ്ച കാലത്തേക്ക് ഭാര്യആയി വാടകയ്ക്ക് നൽകുന്ന സ്ഥലം...

ഇതാണോ ദൈവത്തിന്റെ നാട്??  ദൈവത്തെ ഇതിൽപരം അപമാനിക്കാൻ മറ്റ് എന്ത് വേണം??

Thursday, August 1, 2013

മാധ്യമ പീഡനം


കേരളത്തിലെ മാധ്യമങ്ങൾക്കും  പ്രേക്ഷകർക്കും  താത്പര്യമുള്ള വിഷയം ആയതു കൊണ്ടാവാം പെണ്ണ് കേസുകൾ ചൂടപ്പം പോലെ ചിലവാകുന്നത്.. രാഷ്ട്രീയത്തോടൊപ്പം കയ്യിട്ടുവാരലും പെണ്ണുപിടുത്തവും  യോജിച്ചു നീങ്ങുന്ന കാഴ്ചയാണ് കേരളത്തിലെ ഇപ്പോഴത്തെ രീതി.. പക്ഷെ ആര് ആരെ പീഡിപ്പിക്കുന്നു എന്നത് ഇപ്പോഴും വ്യക്തമല്ല.. 

മാസങ്ങളോളം ഓടി നടന്ന്  ഐസ് ക്രീം ഈമ്പിയിട്ട് , വീടും കാശും സമ്പാദിച്ചതിന് ശേഷം അത്രയും നാൾ പീഡിപ്പിച്ചു എന്ന് പറയുന്നതിന്റെ ഗുട്ടൻസ് എനിക്ക് മനസ്സിലാകുന്നില്ല..

മകളെ സിനിമയിൽ അഭിനയിപ്പിക്കാൻ എന്ന് പറഞ്ഞ്  കണ്ടവന്മാരുടെ കൂടെ മാസങ്ങളോളം വിട്ടിട്ട് , പെണ്ണിന്റെ ഗർഭം ഒതുക്കാനും ശ്രമിച്ച് അവസാനം പെണ്ണ് മരിച്ചപ്പോൾ പീഡനം എന്ന് പറഞ്ഞ് കരയാൻ അവളുടെ മാതാ പിതാക്കന്മാർക്ക്  എന്ത് അവകാശം?

ഒരു വിമാന യാത്രക്ക് രണ്ടാഴ്ചക്കു ശേഷം ആരുടെയൊക്കെയോ പ്രേരണ മൂലം "എന്റെ മുലയ്ക്ക്  പിടിച്ചേ" എന്ന് പരസ്യമായി കൂവിയത് പണ്ടേതോ സിനിമയിൽ ഒരു കല്യാണം കലക്കാൻ നാടക നടിയെ കൊണ്ട് ഗർഭം  അഭിനയിപ്പിക്കുന്ന രംഗത്തെ ഓർമിപ്പിക്കുന്നു ..

ഇതിനിടയിൽ കാഴ്ചയ്ക്ക് ഹരം പകരാൻ സൂര്യന്റെ പേരുള്ള ചാനലിൽ പെണ്ണ് പിടുത്തം..

ഒരു മന്ത്രിയെ ഒരു പെണ്ണിന്റെ കെട്ടിയവൻ തല്ലുന്നു ..എന്നിട്ട് മന്ത്രി കരയുന്നു...മന്ത്രീടെ ഭാര്യ കരയുന്നു.. എന്നിട്ട് തല്ലിയവൻ സൂര്യന്റെ പേരുള്ള മറ്റൊരു കേസിൽ അകത്താവുന്നു ..അവന്റെ ഭാര്യ പറയുന്നു..they have used my body and soul ... പിന്നെ വേറെ ആരുടെയൊക്കെയോ പേര് പറഞ്ഞു എന്ന് പറഞ്ഞു കോടികളുടെ ലേലം!! 

ഈ പീഡനങ്ങളെ വെല്ലാൻ ഒരു പെങ്കൊച്ച് ഒരു അപ്പന്റെയും മകന്റെയും കൂടെ ഏഴെട്ടു പ്രാവശ്യം ചിരിച്ചോണ്ട് കിടന്നു കൊടുത്തു അത് സ്വയംറെക്കോർഡ് ചെയ്ത്   "അങ്കമാലി ഹൌസ് " എന്നൊരു സീരിയൽ പിടിച്ചു.. ഇപ്പം അവളും പറയുന്നു. അവളെയും പീടിപ്പിചെന്നു...

വൈകുന്നേരം വീട്ടിൽ ടീ വീ ഓണ്‍ ചെയ്‌താൽ ഈവക പീഡന കഥകളുടെ ചർച്ചകൾ മാത്രം... ഇവർക്ക്  കാണിക്കാൻ മറ്റു വാർത്തകൾ ഒന്നുമില്ലേ എന്ന് ചോദിക്കാതിരിക്കുന്നതെങ്ങനെ?  ഈ മാധ്യമങ്ങൾ അല്ലെ  ശരിക്കും ജനങ്ങളെ പീഡിപ്പിക്കുന്നത്?? ഈ മാധ്യമ പീഡനം ആണ് ആദ്യം അവസാനിപ്പിക്കേണ്ടത് ..

Tuesday, July 9, 2013

BEND... BUT DONT BREAK!!!

It is the duty of the state to ensure the freedom and security of its citizens. But it is unfortunate to see that those who are/were in Power are at the forefront to deny these to the voters. 

Do we have the freedom to move or work, when these stupids organize Hartals or strikes for their own gains??

How do we move safely travel when these guys fight on the roads??

How can we switch on the TV in front of our family, when the media floods the prime time with all political rubbish and "political porn visuals"??

Is there a government which functions properly to attend to the needs of its citizen??

Even in Assemblies or Parliament, do they have time to consider our issues, rather than fighting??

How do we travel safely on the roads when the roads have turned to be gutter traps to kill us??

We vote for you guys to rule our country, not to destroy it. 
BEND... BUT DONT BREAK!!!

Friday, June 28, 2013

ജനങ്ങളുടെ ജീവൻ

കാലവർഷം തുടങ്ങി ഒരു മാസം തികയും മുൻപേ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്‌ 124 അടിയായി ഉയർന്നു കഴിഞ്ഞു. ഇനി മഴ തുടർന്നാൽ ഡാം നിറയാൻ അധിക സമയം വേണ്ടി വരില്ല. ഉത്തരാഘണ്ടിലും മറ്റും നഷ്ടമായതിലും വളരെയേറെ ജീവനുകൾ ആവും ജനങ്ങൾ തിങ്ങി പാർക്കുന്ന അഞ്ചു ജില്ലകളിലെയ്ക്ക് ഒരു ഡാമിലെ ജലം പൊട്ടി ഒഴുകിയാൽ നഷ്ടപ്പെടുക. ഈ തിരിച്ചറിവ് നമ്മുടെ അധികാര കേന്ദ്രങ്ങൾക്കോ രാഷ്ട്രീയക്കാർക്കോ ഉണ്ടെന്ന് തോന്നുന്നില്ല. എല്ലാ കാലവർഷത്തിനും മുല്ലപ്പെരിയാറിനെ കൊണ്ട് മുതലെടുക്കാൻ ഇറങ്ങുന്ന നേതാക്കന്മാരെ ജനം തിരസ്കരിക്കണം..ഡാമിലെ ജല നിരപ്പ് ഇനിയും ഉയരാതെ തമിഴ്നാട്ടിലേയ്ക്കോ ഇടുക്കിയിലേയ്ക്കോ ജലം തിരിച്ചു വിടാനുള്ള ക്രമീകരണങ്ങൾ സർക്കാർ എത്രയും വേഗം പൂർത്തീകരിക്കണം .സരിതയും തെറ്റയിലും അല്ലാ...അഞ്ചു ജില്ലകളിലെ ജനങ്ങളുടെ ജീവൻ ആയിരിക്കണം സര്ക്കാരിന്റെ പ്രഥമ പരിഗണന..

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്...

സ്ത്രീസംവരണം രാഷ്ട്രീയത്തിൽ പൂർണമായ അർത്ഥത്തിൽ നടപ്പായി. രാഷ്ട്രീയ വാർത്തകൾ സ്ത്രീകൾ കയ്യടക്കുന്ന വാർത്തകൾ പത്രങ്ങളിലും ചാനലുകളിലും നിറയുകയാണ്. പല വാർത്തകളും കാണുമ്പോൾ ഈ പെങ്കോന്തന്മാരെ ആണല്ലോ ജനം തിരഞ്ഞെടുത്തു വിട്ടത് എന്ന് തോന്നിപ്പോവുകയാണ് ...
സൂര്യനെല്ലി മുതൽ സൗരോർജ്ജം വരെ... 
അടി കൊണ്ടതിന്റെ പടവുമായി കരയുന്നവർ മുതൽ വീഡിയോ കണ്ടു കരയുന്നവർ വരെ...

പക്ഷെ വിവാഹിതയായ ഒരു സ്ത്രീ ഒൻപതു തവണ രണ്ടു പുരുഷന്മാരുമായി കിടക്ക, ചിരിച്ചു കൊണ്ട് പങ്കിട്ട് , അവരുടെ ചിലവിൽ ഇരുപതു ലക്ഷം മുടക്കി വീട് മോടി പിടിപ്പിച്ചിട്ട് , ആ കലാപരിപാടി സ്വയം വീഡിയോയിൽ പകർത്തി നാട്ടുകാരെ കാണിക്കുന്നു.. വേശ്യാവൃത്തി നടത്തിയതിന്റെ വീഡിയോ ചാനലുകൾ ഒരു ഉളുപ്പും ഇല്ലാതെ ആവർത്തിച്ചു കാണിക്കുന്നു.. വേശ്യാവൃത്തിയെ പീഡനം ആക്കി ചിത്രീകരിക്കാൻ രാഷ്ട്രീയക്കാരും...

മുൻപ് ഏതോ പരസ്യത്തിൽ കണ്ട പോലെ ... നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്... വൈകുന്നേരം ആവുമ്പോൾ ടീവീയിൽ ന്യൂസ്‌ ആയും സീരിയൽ ആയും ഷക്കീലപ്പടം തോറ്റു പോവുന്ന കാഴ്ചകൾ...

ഇതൊക്കെയാണോ കേരളീയരുടെ ഇപ്പോഴത്തെ സംസ്കാരം??

Wednesday, May 1, 2013

മൃഗീയവും പൈശാചികവും !!!



മുണ്ടിയെ വെടി വെക്കുന്ന ലാഘവത്തോടെ രണ്ടു ഇന്ത്യാക്കാരെ വെടി വെച്ചിട്ട ഇറ്റാലിയൻ നാവികരുടെ സുരക്ഷയ്ക്ക് ഗെസ്റ്റ് ഹൌസിൽ താമസം, ഇറ്റാലിയൻ ഫുഡ്‌, കൊലക്കേസ് ഇല്ലെന്ന്  ഉറപ്പ്, പെരുന്നാളിനും പതിനാറടിയന്തിരത്തിനും  നാട്ടിൽ പോകാൻ ചാർടെഡ് വിമാനം, ചർച്ച നടത്താൻ അംബാസടറും  വിദേശകാര്യമന്ത്രിയും.. കേരളത്തിൽ സുഖവാസം പോരെന്ന് തോന്നിയപ്പം ദില്ലിയിൽ അമ്മായിയുടെ സംരക്ഷണയിൽ താമസം... 

അതെ സമയം ഒരു ഇന്ത്യാക്കാരൻ തെളിയാത്ത ഒരു കുറ്റത്തിന്റെ പേരിൽ പാക്കിസ്ഥാൻ ജെയിലിൽ കിടന്നു നരക യാതന അനുഭവിച്ചു  കൊല്ലാക്കൊല ചെയ്ത്  ഇട്ടിരിക്കുന്നു.. എത്ര മന്ത്രിമാർ  ഇത് ചർച്ച ചെയ്യാൻ സമയം കണ്ടെത്തി? പാക്ക് ജെയിലുകളിലെ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യാ സർക്കാർ  ചെറുവിരൽ എങ്കിലും അനക്കിയോ?

ആഴ്ചയിൽ നാലുപ്രാവശ്യം ഗൾഫ് ടൂർ നടത്തുന്ന അഹമ്മദ് സായിപ്പോ രെവി ചേട്ടനോ ഗൾഫിലെ ജെയിലുകളിൽ കിടക്കുന്ന ഇന്ത്യാക്കാരുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?  ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പു വരുത്താൻ ആവില്ലെങ്കിൽ പിന്നെ ഇവനൊക്കെ പിന്നെ എന്തിനു മന്ത്രിയാണെന്ന് പറഞ്ഞു നടക്കുന്നു? ഫൂ!!!

ചൈനയുടെ പട്ടാളം ഇന്ത്യക്കുള്ളിൽ ഇരുപതു കിലോമീറ്റർ കടന്നു വന്ന്  ടെന്റ് അടിച്ച് കിടന്നിട്ട്  അവസാനം ഫ്ളാഗ്   മീറ്റിംഗിൽ  ചർച്ച ചെയ്ത് ചെയ്ത്  നുഴഞ്ഞു കേറി എന്ന് സമ്മതിപ്പിച്ചത്രേ .. എന്നിട്ടും ഇവറ്റയെ അടിച്ചിറക്കാൻ സാധിചിട്ടില്ല..  മൃഗീയവും പൈശാചികവും പറഞ്ഞു നടക്കാനല്ലാതെ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കളയാതെ സംരക്ഷിക്കാൻ ആർക്കും കടമയില്ലേ?  നാവികർക്ക് എതിരെ ബഹളം വെച്ച അച്ചുമാമനും കൂട്ടരും പത്രത്തിലെ ചൈനീസ്‌ കടന്നുകയറ്റം വായിച്ചിട്ടില്ല എന്ന് തോന്നുന്നു ...  

ഇന്ത്യയുടെയും ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പു വരുത്താനാവാത്ത ഒരുത്തനെയും വെച്ച് വാഴിക്കരുത് .. 

Thursday, April 25, 2013

കോമാളികളുടെ സ്വന്തം നാട്

ജാതി മത ചിന്തകൾക്ക് അതീതമായി ചിന്തിക്കുവാൻ പഠിപ്പിച്ച ഗുരുദേവന്റെ സ്മരണയ്ക്ക് മുന്നിൽ ഒരു മരണദൂതനെ കൊണ്ട് വന്നു ആദരിക്കുന്ന ജാതിക്കോമരങ്ങൾ ഗുരുദേവ സ്മരണകൾ വികലമാക്കുകയാണ്  ഒരു സന്ന്യാസി വര്യനെ മുക്കി കൊന്ന പാതകത്തിന് മൌനമായി കൂട്ട് നില്ക്കുന്ന അധികാര ഭ്രാന്തരായ കുറെ കാവിധാരികൾ ശിവഗിരിയെന്ന പുണ്യ സ്ഥലത്തെ അവഹേളിക്കുകയായിരുന്നു . ജാതിയുടെ പേരിൽ മനുഷ്യരെ കൊന്നു തള്ളാൻ ചരട് വലിച്ച ഒരു നരാധമനെ ഗുരുദേവന്റെ ഓര്മയ്ക്ക് മുന്നില് നിർത്തുമ്പോൾ ഗുരുദേവനെ ഇതില്പരം അപമാനിക്കാനുണ്ടോ?

മഹാത്മാ ഗാന്ധി ബഹുമാനിച്ച ഗുരുദേവന്റെ മുന്നിൽ ഗാന്ധിജിയുടെ കൊലപാതകിയുടെ പിന്മുറക്കാരനെ ആദരിക്കുന്നത്  ഗാന്ധിജിയെ പോലും അപമാനിക്കുകയല്ലേ?

മോഡിയുടെ ഭരണ മഹാത്മ്യം കൊട്ടി  ഘോഷിക്കുന്നതുപോലെ തന്നെ സദ്ദാം ഹുസൈൻ  ഭരിച്ചപ്പോഴും അദ്ദേഹം  ഇറാക്കിന്റെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്നു. നീചന്മാരെവിശുദ്ധീകരിക്കാൻ അവരുടെ സാമർത്ഥ്യം ഉപകരിക്കുമോ?

ഗുരുദേവൻ പഠിപ്പിച്ച സകലതിനും വിപരീതമായി  പ്രവർത്തിക്കുന്ന വെള്ളാപ്പള്ളിയെ ഒരിക്കലും ഗുരുദേവന്റെ അനുയായിയായി കാണാൻ എന്റെ മനസാക്ഷി അനുവദിചിട്ടില്ല.  ഒപ്പം അഭിനവ ശകുനി സുകുമാരൻ നായരും. വെള്ളാപ്പള്ളിയും നായരും മോഡിയുടെ വരവിനെ പിന്തുണച്ചത്‌ ഒട്ടും പുതുമയായി കാണാനുമാവില്ല.  താമസിയാതെ സംഭവിക്കാൻ പോകുന്ന ഒരു വർഗീയ ധ്രുവീകരണത്തിന്  ഒരു സൂചന മാത്രം.  ഇവരുടെയൊക്കെ സമദൂരം യൂ ഡീ എഫിനോടും എല് ഡീ എഫിനോടും ആയാലും ഹൈന്ദവ സഖ്യത്തിലെക്കുള്ള  ദൂരം ഈ സമദൂരത്തിലും കുറവായിരിക്കും...  അധികാരം കിട്ടുമെങ്കിൽ കൂടെ കൂടാൻ അപ്പന്മാരുടെ മൂട്ടിലെ തഴമ്പിന്റെ ബലത്തിൽ രാഷ്ട്രീയത്തിൽ വിലസുന്ന ചില ശുംഭന്മാരും ഉണ്ടാവും 

ഇതിനോടൊപ്പം തന്നെ കൂട്ടി വായിക്കേണ്ട കഥകൾ തന്നെയാണ് കൈവെട്ട് കേസിലെ പ്രതിയും പിണറായിയും ആയുള്ള ലോഹ്യവും നിരവധി തീവ്രവാദ കേസുകൾ സ്വന്തം പേരിലുള്ള മഹാന് വേണ്ടി രാഷ്ട്രീയക്കാർ ഒഴുക്കുന്ന മുതല കണ്ണീരും വർഗീയ ഗ്രൂപ്പുകളുടെ ആയുധ പരിശീലനങ്ങളും ഒക്കെ .. 

ഇരു വശത്തും വര്ഗീയ കക്ഷികൾ അര മുറുക്കുമ്പോൾ കേരളം അപകടങ്ങളിലെയ്ക്ക് മൂക്ക് കുത്തി വീഴുകയാണ് .. പണിയെടുക്കാൻ മടിയന്മാരായ നമുക്ക് വിദേശ ധനസ്രോതസ്സുകൾ നഷ്ടമാവുകയും കൂടിയാവുമ്പോൾ ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം നാം വീണ്ടും ഉപയോഗിക്കുമ്പോൾ കേരളം കോമാളികളുടെ നാടായി മറ്റുള്ളവർ കണ്ടെങ്കിൽ കുറ്റം പറയാനാവുമോ?

Tuesday, November 27, 2012

Dharmo Rakshati Rakshitaha



Dharma protects those who protect it!

Jews were thrown out of their homeland, to scatter all over the world, many centuries back. They came back to their home land few decades back through their determination. Palestine was occupying the Jewish Land during the intermediary period.

Jerusalem was a holy place for the Jews even many centuries before Prophet Mohammed (Peace be upon him).
It is said that, In India Baber built the Mosque in Ayodhya over a temple, and then the Hindus demolished it after many years. Who has got the right to the place...? Can you deny the place to its original owners??

Terrorism or shielding the war with women and children cannot save your interests. Hamas was treated as terrorists when PLO leader Yasser Arafat was at the helm. Hamas was not even included in the peace talks. Now the terrorists have taken over the wheel, and can you expect peace from the terrorists?

Indians, leave parties aside...Stand with justice... Dharma should prevail... the terrorists or their allies were always against India... Forget our mass media... They are only trying to protect their business interests in the Middle East.

Terror cannot save anyone, let them think of peaceful coexistence... That’s the only way out.