Saturday, May 23, 2020

കേരളത്തിന് ഇനി മുന്നോട്ട് പുതിയൊരു റൂട്ടുമാപ്പ്....



കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തിൽ ലോകത്തിലെ വികസിതമെന്നവകാശപ്പെടുന്ന വമ്പന്മാർക്കുപോലും കാലിടറിയിടത്ത്  കൊറോണയെ പിടിച്ചുകെട്ടാൻ കഴിഞ്ഞ കേരളത്തിന്, മാറുന്ന ലോകത്തിൽ പുതിയൊരു പാത വെട്ടിത്തുറക്കപ്പെടുന്ന കാഴ്ച കാണാൻ നാം കണ്ണുതുറക്കണം. ലിക്കറിലും ലോട്ടറിയിലും പരിമിതപ്പെട്ടിരുന്ന സംസ്ഥാനത്തിന്റെ സമ്പദ്‌ വ്യവസ്ഥയ്ക്ക് പുതിയൊരു മുഖം നൽകാൻ - ദൈവത്തിന്റെ സ്വന്തമെന്ന ലേബലിന് അർത്ഥമേകുവാൻ - വഴിയൊരുങ്ങുകയാണ്.. നമ്മുടെ പ്രമുഖന്മാർ ചികിത്സ തേടിയിരുന്ന വിദേശ ചികിത്സാലയങ്ങൾ അമ്പേ പരാജയമടയുന്ന കാലത്ത് ലോക മാധ്യമങ്ങൾ കേരളം കൊയ്ത നേട്ടങ്ങൾ വാനോളം പുകഴ്ത്തുകയാണ്. മുറ്റത്തെ മുല്ലയുടെ മണം നമുക്ക് അനുഭവഭേദ്യമാവുന്നില്ലായെന്നു മാത്രം.

മൂന്നരക്കോടി ജനങ്ങൾ ഓരോരുത്തര്‍ക്കും മുക്കാൽ ലക്ഷം എന്ന കണക്കിൽ കടം വാങ്ങി പലിശ പോലും കൊടുക്കാനാവാതെ എല്ലാ വർഷവും വരവിലും അധികം ചിലവാക്കി മുന്നോട്ടു പോയാൽ എവിടെ ചെന്ന് നിൽക്കും എന്നറിയാതെ ഇരുട്ടിൽ തപ്പുന്ന സർക്കാർ ഇനിയെങ്കിലും വ്യക്തമായ കാഴ്ചപ്പാടുകള്‍ക്ക് രൂപം നൽകണം. ഓരോ സർക്കാരും കയറുമ്പോൾ ഖജനാവിൽ പൂച്ച പെറ്റു  കിടക്കുകയായിരുന്നുവെന്ന് മുൻ സർക്കാരിനെ പഴിക്കുന്നതല്ലാതെ മാറ്റമുണ്ടാവുന്നില്ല..

തകരുന്ന സമ്പദ്‌ വ്യവസ്ഥയ്ക്ക് പിടിവള്ളിയേകുവാൻ വീണ്ടും മദ്യത്തിലാശ്രയിക്കേണ്ടിവരുന്ന സർക്കാർ ഇനിയെങ്കിലും ലോകമാതൃകയായ ഈ കൊച്ചു നാടിന് ഒരു പുതിയ മുഖമേകുവാൻ മടിക്കരുത്. ചികിത്സാ രംഗത്ത് മറ്റൊരു രാജ്യത്തിനും ആവാത്ത നേട്ടമാർജ്ജിച്ച ഈ കൊച്ചു കേരളത്തിന്, ആ ഒരു മികവ്,  ദൈവത്തിന്റെ സ്വന്തമെന്ന ലേബൽ, ഫലപ്രദമായി ഉപയോഗിക്കാനാവണം.

കേരളം ഇനി ദൈവത്തിന്റെ സ്വന്തമായി - സ്വർഗ്ഗസമാനമായ ഒരു നാടായി പ്രശോഭിക്കപ്പെടാൻ തക്ക ആസൂത്രണവുമായി നമ്മുടെ നേതൃത്വം മുന്നോട്ടു വരണം. ആരോഗ്യം - വിദ്യാഭ്യാസം - കൃഷി - റീട്ടെയിൽ -ടൂറിസം - എന്നീ അഞ്ച് മേഖലകൾ കേന്ദ്രീകരിച്ചുള്ള ഒരു പുത്തൻ പരിവേഷമാകണം ഇനി കേരളത്തിനുണ്ടാവാൻ..

ഈ ദുരിത കാലത്ത് കേരളം ലോകത്തിന് കാട്ടിയ കരുണയുടെ മുഖം മായാതെ നിൽക്കണം.. സ്വർഗ്ഗതുല്യമായ ഈ നാട്ടിൽ ആതുര ശുശ്രൂഷയും അറിവും പ്രകൃതിയുടെ കുളിരും രുചി വൈവിധ്യവും പകരാൻ .. ഈ നാട് തേനും പാലുമൊഴുകുന്ന  കാനാൻ ദേശമായി പ്രശോഭിക്കാൻ.. നാം മനസ്സുവെയ്ക്കണം.

ഇപ്പോഴത്തെ മഹാമാരിയെ പിടിച്ചുകെട്ടാനായ നമ്മുടെ കർമശേഷി ലോകം അംഗീകരിക്കുമ്പോൾ ആ കയ്യടി നമ്മുടെ നാടിന്റെ പുരോഗതിയ്ക്കായ് പ്രയോജനപ്പെടുത്താൻ നമുക്ക് യത്നിക്കണം. പ്രവാസലോകത്തുനിന്ന് മടങ്ങി വരുന്ന മികച്ച കഴിവും പരിചയവുമുള്ള നിരവധി പ്രവാസികളുടെ സേവനം നമുക്കിപ്പോൾ കരുത്തായി മുതൽക്കൂട്ടാം. അനുഭവ ജ്ഞാനവും വിദ്യാഭ്യാസവുമുള്ള യുവ മാനവശേഷി കേരളത്തിന്റെ വളർച്ചയ്ക്ക് ഊടും പാവുമേകാൻ വിനിയോഗിക്കപ്പെടണം.

1 . ഒന്നാമത് ആരോഗ്യം : നമ്മുടെ ആരോഗ്യപ്രവർത്തകരുടെ മികവ് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. ഗൾഫിലും യൂറോപ്പിലും ഇതര രാജ്യങ്ങളിലും നമ്മുടെ ഡോക്ടര്‍മാരും നേഴ്സുമാരും ചെയ്യുന്ന സേവനങ്ങൾ വർഷങ്ങളായി  പല വിദേശ രാജ്യങ്ങളും എടുത്തുപറഞ്ഞിട്ടുള്ളതാണ്.. ഈ കൊറോണക്കാലത്ത്  വീണ്ടും പലരും അഭിനന്ദനങ്ങളുമായി എത്തിയത് നാം കണ്ടുവല്ലോ

അതുപോലെതന്നെ വിദേശങ്ങളിലെ ചികിത്സാ ചിലവ് ഭീമമാകുമ്പോൾ അതിലൊരംശം കൊണ്ട് ഏറ്റം മികവാർന്ന രീതിയിൽ കേരളത്തിൽ ചികിത്സിക്കാനാവുമെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു കൊണ്ട്  - ഹെൽത്ത് ടൂറിസം കേരളത്തിന്റെ ചില ഭാഗങ്ങളിൽ വർഷങ്ങളായി വേരുറപ്പിക്കുന്നുണ്ട്.. സീനിയർ ടൂറിസമെന്ന പേര് കൂടിയുള്ള ഈ രംഗത്ത് മുതിർന്ന വിദേശ പൗരന്മാർക്ക് സമാധാനപരമായ വിശ്രമ ജീവിതവും ഒപ്പം മുഴുവൻ സമയ പരിചരണവും നമ്മുടെ റിസോർട്ടുകളിൽ തയാറാക്കിയാൽ സീനിയർ ടൂറിസം ഭൂപടത്തിൽ കേരളത്തിന് ശക്തമായ സാന്നിധ്യമാവാനാവും.

ഒപ്പം ലോകത്തെയേറ്റവും മികച്ച ആരോഗ്യസുരക്ഷയൊരുക്കുവാൻ നമുക്കാവുമെന്ന് അക്ഷരാർത്ഥത്തിൽ തെളിയിച്ച ദിനങ്ങളാണിപ്പോൾ. അതിന്റെ പെരുമ പ്രയോജനപ്പെടുത്താൻ നമ്മുടെ നാടിനാവണം.

നമ്മുടെ പ്രധാന ആശുപത്രികൾ മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിക്കുവാനും വിദേശികള്‍ക്ക് തെറ്റു പറയാനാവാത്ത യാത്രാ താമസ സൗകര്യങ്ങളൊരുക്കുവാനും, ഹെൽത്ത് റിസോർട്ടുകളെ പ്രോത്സാഹിപ്പിക്കുവാനും അവയുടെ ഗുണനിലവാരങ്ങൾ ഉറപ്പു വരുത്തുവാനും  ആരോഗ്യ രംഗത്തെ നമ്മുടെ മികവ് ലോകശ്രദ്ധയിൽ കൊട്ടിഘോഷിക്കാനും നമ്മുടെ സംസ്ഥാനം പദ്ധതികൾ തയ്യാറാക്കണം.

ആയുർവേദമടക്കമുള്ള ചികിത്സാ രീതികളും ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുകളും  കൊണ്ട് ഇപ്പോൾ തന്നെ ടൂറിസം രംഗത്ത് നമ്മുടെ ഹെൽത്ത് ടൂറിസത്തിന് മാന്യമായ ഒരു പങ്കുണ്ട്. ലോകത്തെവിടെനിന്നും എത്തിപ്പെടാനായി കേരളത്തിലുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങൾ അഞ്ചാണ്. മറ്റിടങ്ങളിൽ രാഷ്ട്രീയ ക്രമസമാധാന പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ കേരളം താരതമ്യേന ശാന്തമാണ്. പലയിടങ്ങളിലും ചൂടും തണുപ്പും അമിതമാവുമ്പോൾ കേരളത്തിൽ അവ എക്സ്ട്രീമിലേയ്ക്ക് പോകാറില്ല. വർഷം  മുഴുവൻ മിതമായ കാലാവസ്ഥ - കുളിർമയുള്ള മഴയോടൊപ്പം നൽകാൻ പ്രകൃതിരമണീയമായ ഈ നാടിനാവുന്നു.

വൻനഗരങ്ങളിൽ ജോലി ചെയ്ത് റിട്ടയർ ചെയ്തവർക്ക് തിരക്കുകളിൽ നിന്നു മാറി , ശാന്തമായി, സുരക്ഷിതമായി, ശരിയായ പരിചരണത്തോടെ, വിശ്രമിക്കാനൊരിടമായി മാറാൻ ഏറ്റവും സുന്ദരമായ സ്ഥലമാണ് ഈ കൊച്ചു കേരളം.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വർഷം മുഴുവൻ മിതമായ കാലാവസ്ഥ, ഉന്നത നിലവാരമുള്ള ചികിത്സാലയങ്ങൾ, മിടുമിടുക്കരായ ആരോഗ്യപ്രവർത്തകർ, എളുപ്പത്തിൽ എത്തിപ്പെടാവുന്നയിടങ്ങൾ, സുരക്ഷിതവും ശാന്തവുമായ, മനസിന് കുളിർമയേകുന്ന അന്തരീക്ഷം, വളരെ തുശ്ചമായ നിരക്കുകളിൽ .. അങ്ങനെയങ്ങനെ..  നമ്മുടെ ആകർഷണീയ ഘടകങ്ങൾ വളരെയേറെയാണ്..

ഇവിടെ കൂട്ടിച്ചേർക്കാൻ - ചികിത്സാ രംഗത്തെ നികുതിയിളവുകൾ കൊണ്ട്  - ഇവയുടെ നേട്ടം സ്വകാര്യമേഖലയിൽ ഒതുങ്ങിപ്പോവാതിരിക്കാൻ, ജീവൻ രക്ഷാ മരുന്നുകൾ ഒഴികെയുള്ള ചിലവുകൾ നികുതിവിധേയമാക്കണം.

2 . വിദ്യാഭ്യാസം.. സാങ്കേതികമായി ലോകോത്തര നിലവാരത്തിനൊപ്പമായി കഴിഞ്ഞു നമ്മുടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും. സ്മാർട്ട് ക്ലാസ്സുകളും ടാബുകളും ആപ്പുകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്റ്റൽ സൗകര്യങ്ങളും - വിദേശ വിദ്യാഭ്യാസ ചിലവുകളുമായി തട്ടിച്ചുനോക്കുമ്പോൾ അഫോർഡബിൾ ആയി നല്കാനാവുന്ന ചിലവിൽ - ഏറ്റവും മികച്ച വിദ്യാഭ്യാസം - ശാന്തമായ അന്തരീക്ഷത്തിൽ - തുശ്ചമായ ചിലവിൽ - സുരക്ഷിതമായ ഇടത്തിൽ -നൽകാൻ നമ്മുടെ നാടിനാവും.

മെഡിക്കൽ/എൻജിനീയറിങ് കോളേജുകളിൽ പ്രവേശനം മുതൽ സർക്കാരിന് നിയന്ത്രണമുള്ളതുപോലെ മറ്റു തൊഴിൽ മേഖലകളും പരിശീലിപ്പിക്കപ്പെടണം. സ്‌കിൽ ഡെവലപ്മെൻറ് സ്ഥാപനങ്ങൾ ഉയർന്നുവരണം. നമ്മുടെ വിദ്യാഭ്യാസ മേഖല ലോകത്തിനു തുറന്നു കൊടുക്കുമ്പോൾ നേട്ടം നമ്മുടെ സംസ്ഥാന ഖജനാവിനുമുണ്ടാവണം. ഉന്നത വിദ്യാഭ്യാസം നികുതി വിധേയമാകണം. സർക്കാർ നിരക്കുകൾക്കുപകരം ഫീസ് നിർണയം സ്ഥാപനങ്ങളുടെ മികവനുസരിച്ച് നിർണയിക്കപ്പെടണം . മികവുള്ളവർക്ക് പിടിച്ചു നിൽക്കാനാവണം.

ഒപ്പം സ്വശ്ചന്ദസുന്ദരമായ കേരളത്തിൽ ശാന്തമായിരുന്ന് പഠിക്കാനാവുന്ന രാഷ്ട്രീയാന്തരീക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉറപ്പു വരുത്തുന്ന കാര്യം എടുത്തു പറയുകയാണ്.

3 . കാർഷികരംഗം :  നമ്മുടെ നാടിന്റെ അടിസ്ഥാന മേഖല തകർന്നു തരിപ്പണമായ കാഴ്ച കൺമുന്നിൽ ഉണ്ടെങ്കിലും എന്തോ ജനങ്ങളും സർക്കാരും അതിലത്ര ആകുലത കാണിക്കുന്നില്ല. നെൽകൃഷി മുതലാവില്ലായെന്ന് വന്നതോടെ നെൽപ്പാടങ്ങളിൽ പലതും ഒന്നുകിൽ തരിശുഭൂമിയായി കിടക്കുകയോ നികത്തപ്പെടുകയോ ചെയ്യുകയാണ്.. റബറിനും ഏതാണ്ട് സമാന അവസ്ഥയാണ്.. റബർ തോട്ടങ്ങളിൽ കുറെയൊക്കെ കൈത കയറിക്കഴിഞ്ഞു..കൃഷിയിടങ്ങളിൽ നിന്ന് നാം പിന്മാറിയതോടെ എന്തിനും ഏതിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ തരമില്ലാതെയാവുന്നു.. വിഷം ചേർത്ത പച്ചക്കറിയും പഴങ്ങളും കഴിച്ച് അതിമാരകമായ രോഗങ്ങൾ നമ്മുടെയിടയിൽ സാധാരണമായിക്കഴിഞ്ഞു..

കേരളത്തിന് സമൃദ്ധമായി അരി വിളയിച്ചുകൊണ്ടിരുന്ന കുട്ടനാട്ടിലെയും പാലക്കാട്ടെയുമൊക്കെ നെൽപ്പാടങ്ങൾ അന്യമായിക്കൊണ്ടിരിക്കുന്നു. നെൽകൃഷി നഷ്ടമായിട്ടും ആ പാടങ്ങളിൽ മറ്റൊന്നും ചെയ്യാനാവാത്ത നിയമവ്യവസ്ഥകൾ മൂലം കർഷകർ പാടങ്ങള്‍ തരിശിട്ടിട്ട് മറ്റു തൊഴിലുകൾ തേടുകയാണ്.. പാടം  നികത്താതെ ചെയ്യാനാകുന്ന മറ്റു കൃഷികൾ ചെയ്യാൻ അനുവദിക്കപ്പെടണം.. പോത്തും മത്സ്യഫാമും പച്ചക്കറിയും ഈ പാടങ്ങളിൽ പരീക്ഷിക്കപ്പെട്ടുകൂടെ? നമ്മുടെ പാടങ്ങളിലും കായലുകളിലും സൗരോർജ്ജം വരെ ഉത്പാദിപ്പിക്കപ്പെടാം.. നെല്ലും മീനും മാറിമാറി വിളയിക്കുന്ന കൃഷിയിടങ്ങൾ കുറേക്കാലം മുൻപ് കാണാമായിരുന്നു..

കാർഷികമേഖല കരുത്താർജ്ജിക്കുമ്പോൾ നമ്മുടെ അടിസ്ഥാനവർഗത്തിന്  അത് ജീവനേകുകയാണ്.. ഇപ്പോൾ നാം പറയുന്ന സ്വയം പര്യാപ്‌തതയും ആത്മനിർഭരതയും പ്രാവർത്തികമാവാൻ താഴേത്തട്ടിൽ നിന്ന്.. നമ്മുടെ ഗ്രാമങ്ങളിൽ നിന്ന്..  വേണം വികസനം വരാൻ..

നമ്മുടെ കൃഷിയിടങ്ങൾ പച്ചപുതയ്ക്കപ്പെടുമ്പോൾ ആ ഹരിതാഭയും ഈ നാടിന് മനോഹാരിതയേകും.. നമ്മുടെ ടൂറിസം രംഗത്തിന് വർണ്ണത്തിളക്കം പകരാന്‍ ഏറ്റവും സുന്ദരമായ മാർഗവും കൃഷിയാണ്.. കാഴ്ചയ്ക്ക്  കുളിർമയോടൊപ്പം ടൂറിസം രംഗത്ത് രുചിവൈവിദ്ധ്യവും ആരോഗ്യകരമായ ജീവിതവും പ്രദാനം ചെയ്യാൻ നമ്മുടെ കൃഷിയിടങ്ങള്‍ക്കാവും..


4 .ടൂറിസം  : ലോക ടൂറിസം ഭൂപടത്തിൽ മാന്യമായ ഒരു സ്ഥാനം ദൈവത്തിന്റെയീ സ്വന്തം നാടിനു കൈമുതലായുണ്ട്. ഹിൽ ടൂറിസം, ബാക്ക്‌വാട്ടർ ടൂറിസം, ബീച്ച് ടൂറിസം തുടങ്ങി വൈവിധ്യമാർന്ന കോമ്പിനേഷൻ ഒരേപോലെ കോർത്തിണക്കിയ മറ്റ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ വിരളമാണ്. മുൻപ് സൂചിപ്പിച്ച ആരോഗ്യ ടൂറിസത്തിനും വിദ്യാഭ്യാസ ടൂറിസത്തിനും അനുയോജ്യമായ ഇടങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ സ്വർഗ്ഗരാജ്യം. അവയ്ക്കുള്ള യാത്രാസൗകര്യങ്ങൾ - കണക്ടിവിറ്റി ഉറപ്പാക്കാനും, തൊഴിൽ/ഹർത്താൽ തടസങ്ങൾ ഒഴിവാക്കാനും ആണ് ക്രമീകരണങ്ങൾ വേണ്ടത്. ജിഡിപിയുടെ  പത്ത് ശതമാനത്തോളം വന്നിരുന്ന ടൂറിസം മേഖലയിൽ വൻ മാറ്റങ്ങൾ കൊറോണയോടെ രൂപമെടുക്കുകയാണ്. ലോക ടൂറിസം വിപണി ഏതാണ്ട് നിശ്ചലമാവുമ്പോൾ ഏറ്റവും സുരക്ഷിതമായ ചികിത്സാസൗകര്യങ്ങൾ ഒരുക്കിക്കൊണ്ട്  കേരളം മുന്നോട്ടു വരണം.

5 . റീട്ടെയ്ൽ :  ഈ മേഖലകളോടൊപ്പം കൂട്ടിച്ചേർക്കാനാവുന്ന മേഖലയാണ് റീട്ടെയിൽ രംഗം. വളരെ ഉയർന്ന വളർച്ചാനിരക്ക് തുടർച്ചയായി രേഖപ്പെടുത്തുന്ന മേഖലയുമാണിത്. പന്ത്രണ്ട് ശതമാനത്തില്‍ കുറയാത്ത വളർച്ചാനിരക്ക് ഉറപ്പാക്കാൻ ശക്തമായ സാധ്യതകളുമുണ്ട്. ലോകഭൂപടത്തിലെ ശ്രദ്ധേയമായ സ്ഥാനം കൊണ്ട് ദക്ഷിണേഷ്യയിൽ തന്നെ ഒരു മികച്ച റീട്ടെയിൽ ഹബ് ആയി കേരളത്തെ വികസിപ്പിക്കുവാൻ നമ്മുടെ പല സർക്കാർ സംവിധാനങ്ങൾ തന്നെയാണ് ഇപ്പോൾ കടമ്പകൾ തീർക്കുന്നത്. സിംഗപ്പൂരിനും ദുബായിക്കും നേടാനാവുന്ന ശ്രദ്ധ കേരളത്തിന് അസാധ്യമാവില്ല, .മനസ്സു വെച്ചാൽ മാത്രം മതി..

ഏക ജാലക ലൈസൻസിങ്, 24  മണിക്കൂർ പ്രവർത്തനാനുമതി, ചെറുകിടക്കാര്‍ക്കുള്ള സാമ്പത്തിക പിന്‍തുണകൾ, ലഘൂകരിച്ച നികുതി ചട്ടക്കൂടുകൾ, മാന്യമായതും തർക്കരഹിതവുമായ തൊഴിൽ നിയമങ്ങൾ, എന്നിവയൊക്കെ റീട്ടെയിൽ രംഗത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ്. നമ്മുടെ മികച്ച സാക്ഷരതയും സാങ്കേതിക വളർച്ചയും ഈ രംഗത്ത് മുതൽക്കൂട്ടാണ്.

രാജ്യത്തിന്റെ ജിഡിപിയിൽ പതിനൊന്ന് ശതമാനവും തൊഴിൽ മേഖലയിൽ ഒൻപത് ശതമാനവും വഹിക്കുന്ന റീട്ടെയിൽ രംഗത്തെ വളർച്ച ഒരു കൺസ്യൂമർ സംസ്ഥാനമായ കേരളത്തിന്റെ സമ്പദ്‌ വ്യവസ്ഥയിൽ വൻ ചലനങ്ങളുണ്ടാകും. ആരോഗ്യം - വിദ്യാഭ്യാസം - ടൂറിസം രംഗങ്ങളിൽ ഉണ്ടാവുന്ന അഭിവൃദ്ധിയും റീട്ടെയിൽ രംഗത്ത് പ്രകടമായി പ്രതിഫലിക്കും.

വ്യാപാര രംഗത്ത് ആക്കം കൂട്ടാനായി സ്പെഷ്യൽ എക്‌ണോമിക്‌ സോണുകൾ, എക്സ്പോർട്ട് സോണുകൾ പോലെയുള്ള ക്രമീകരണങ്ങൾ ഇന്ത്യാ വൻ കരയുടെ തന്ത്ര പ്രധാനമായ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ  ഖജനാവിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.

ഈ അഞ്ച് മേഖലകളിലെ  വളർച്ച ത്വരിതപ്പെടുത്തണമെങ്കിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം..

ഇവയിൽ ടൂറിസവും റീട്ടെയിൽ രംഗവും നികുതി വ്യവസ്ഥയിൽ പെടുമെങ്കിലും ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെ സ്വകാര്യ വളർച്ച കൊണ്ട് നാടിനു പൊതുവായ നേട്ടമുണ്ടാവുന്ന രീതിയിലുള്ള നികുതി ഘടന രൂപീകരിക്കേണ്ടതുണ്ട്.

ഈ മേഖലകള്‍ക്ക് ഇണങ്ങുന്ന രൂപത്തിലുള്ള മികച്ച യാത്രാ സൗകര്യങ്ങൾ ക്രമീകരിക്കപ്പെടണം, വായു - റോഡ്-ജല യാത്രാ സൗകര്യങ്ങൾ ഏറ്റവും സുഗമമാക്കണം.

തൊഴിൽ തർക്കങ്ങൾ, സമരങ്ങൾ, എന്നിവ ഈ രംഗങ്ങളിൽ കല്ലുകടിയാവാത്ത രീതിയിലുള്ള സംവിധാനങ്ങൾ നമ്മുടെ രാഷ്ട്രീയ നേതൃത്വം ഉറപ്പു വരുത്തണം.

ഈ രംഗങ്ങളിലെ പ്രവർത്തനങ്ങൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ നിരീക്ഷിച്ച് നടപ്പാക്കാൻ സംവിധാനങ്ങളുണ്ടാവണം.

 ടൂറിസം മേഖല വികസിക്കുമ്പോൾ ഭക്ഷ്യ സുരക്ഷ  പ്രധാനമാണ്. അതിനായി നമ്മുടെ കാർഷികമേഖലയെ സ്വയം പര്യാപ്തമാക്കുമ്പോൾ കേരളം  കൂടുതൽ ഹരിതാഭയാർജ്ജിക്കുകയും  അത് വീണ്ടും നമ്മുടെ ലക്ഷ്യങ്ങള്‍ക്ക് കരുത്തേകുകയും ചെയ്യും. ഇപ്പോൾ സർക്കാർ ആരംഭിച്ചിരിക്കുന്ന തരിശുഭൂമികളിലെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നയം ഈ വഴിയിൽ ഒരു നല്ല തുടക്കമാണ്.

ടൂറിസം ആരോഗ്യ മേഖലകളോടൊപ്പം വികസനം ചില്ലറവില്പനമേഖലയിൽ  സ്വതവേ പ്രതിഫലിക്കുമ്പോൾ നാടിന്റെ സമഗ്ര വളർച്ചയ്ക്ക് വഴിയൊരുങ്ങുകയാണ്.

ഈ രംഗങ്ങളുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ട ഒട്ടനവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും

വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ മാനവശേഷി, പഠന വസ്തുക്കളുടെ നിർമാണവും വിപണനവും , ആരോഗ്യ രംഗത്ത് ലാബുകൾ, സ്കാൻ സെന്ററുകൾ, കൺസ്യൂമബിൾസ്, ഭക്ഷ്യ വസ്തുക്കൾ, താമസസൗകര്യങ്ങൾ, യാത്രാസൗകര്യങ്ങൾ തുടങ്ങി ഈ മേഖലകളോട് അനുബന്ധമായ കച്ചവട/ തൊഴിൽ സാധ്യതകൾ  എന്നിവയും മുന്നിൽ കാണേണ്ടതുണ്ട്.

നമ്മുടെ നാടിന്റെ വിദ്യാഭ്യാസ സാങ്കേതിക നിലവാരവും പരിജ്ഞാനവും ഉയരാൻ ഈ വളർച്ച സഹായകരമാകും.

നാട്ടുകാർക്കും മികച്ച ആരോഗ്യ/വിദ്യാഭ്യാസ സൗകര്യങ്ങൾ പ്രാപ്യമാവുമ്പോൾ ജീവിത നിലവാരം ഗണ്യമായ തോതിൽ വർധിക്കും.

അന്തർസംസ്ഥാന വ്യാപാരങ്ങൾ വർധിക്കുന്നതോടെ വില്പന നികുതി വഴിയുള്ള മികച്ച വരുമാനം സംസ്ഥാനത്തിന് ഗുണപരമാവും.

വിദേശങ്ങളിൽ വിവിധ രാജ്യക്കാരുമായി ഇടപഴകിയിട്ടുള്ള പ്രവാസികളുടെ സാന്നിധ്യവും  അവരുടെ പ്രവർത്തന ശേഷിയും ഈ വളർച്ചയ്ക്ക് ആക്കം കൂട്ടും.

ഇപ്പോൾ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ ഇവിടുത്തെ തൊഴിൽ, കച്ചവട മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പല ക്ഷേമ പദ്ധതികളും പൊതു മേഖലയിലെ മാത്രമോ, സംഘടിത മേഖലയിലെ മാത്രമോ തൊഴിലാളികള്‍ക്ക് ഗുണപരമാവുമ്പോൾ മറ്റുള്ളവരുടെ സുരക്ഷ ചോദ്യചിഹ്നമാവുകയാണ്. സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയും സംസ്ഥാന സർക്കാർ രൂപം കൊടുക്കുന്ന നിർബന്ധിത ക്ഷേമനിധികളിൽ രെജിസ്റ്റർ ചെയ്ത് തൊഴിൽ സുരക്ഷാ ഇൻഷുറൻസും സോഷ്യൽ സെക്യൂരിറ്റി സ്കീമുകളും വഴി - വരുമാനത്തിന് ആനുപാതികമായ വാർഷികഫീസ് ഈടാക്കിക്കൊണ്ട് നടപ്പാക്കിയാൽ ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരമാകും.  സംസ്ഥാനത്തെ ഒന്നരക്കോടിയോളം വരുന്ന തൊഴിലാളികൾക്ക് ചെറിയ പ്രീമിയത്തിൽ നടപ്പാക്കിയാൽ പോലും കോടികളുടെ സുരക്ഷാപദ്ധതികൾ സാധ്യമാകും. ഇതേ മാതൃകയിൽ ചെറുകിട വ്യാപാരികൾക്കും കൃഷിക്കാർക്കും സാമൂഹ്യസുരക്ഷയൊരുക്കാൻ സർക്കാരിനാവും.

അച്ഛേ ദിൻ വെറും തിരഞ്ഞെടുപ്പുവാഗ്ദാനമായി മാറാതെ ഇവിടം സൊമാലിയായല്ല, സ്വർഗ്ഗരാജ്യം തന്നെയാണെന്ന്‌ തെളിയിക്കാൻ ആവോളം അവസരങ്ങൾ കേരളത്തിന് മുന്നിലുള്ളപ്പോൾ നാം ലോകത്തിന് കാട്ടിക്കൊടുക്കണം, എല്ലാം ശരിയാകുമെന്ന്..

ചവിട്ടിത്താഴ്ത്തിയ പാതാളങ്ങളിൽ നിന്ന് കയറിവരാൻ.. സ്വയം പ്രഖ്യാപിത ക്വാറണ്ടൈനിൽ നിന്ന് പുറത്തുവരാൻ ഇനിയെങ്കിലും കേരളം ശ്രമിക്കണം..

2025  ആകുമ്പോഴേക്കും  കേരളത്തിന്റെ ഭാവി എന്താവും എന്ന് ചിന്തിച്ച് ആകുലപ്പെടാതെ എന്താവണം/എങ്ങനെയാവണം  നമ്മുടെ നാട് എന്ന് തീരുമാനിച്ചുറപ്പിച്ച്  വ്യക്തമായ കാഴ്ചപ്പാടോടെ ഓരോ ചുവടും മുന്നോട്ടു വെയ്ക്കാൻ നമുക്കാവണം..  എല്ലാം നല്ലതിനായി എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് ഈ കൊറോണക്കാലം കേരളത്തില്‍ നല്ലതിലേയ്ക്കുള്ള ഒരു വഴിത്തിരിവിന് ആരംഭം കുറിക്കട്ടെയെന്ന്  നമുക്ക് പ്രത്യാശിക്കാം..

പ്രേം സെബാസ്റ്റ്യൻ ആന്റണി , ചാർട്ടേർഡ് അക്കൗണ്ടന്റ്

No comments:

Post a Comment