മനുഷ്യാവകാശങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് രാഷ്ട്രീയ ഭരണകർത്താക്കളുടെ താളങ്ങൾക്കൊത്ത് ആടാത്തവരെ ക്രൂരമായി മര്യാദ പഠിപ്പിക്കുന്ന, കിരാതമായ പട്ടാള ഭരണങ്ങളെ പോലും വെല്ലുന്ന , വാർത്തകളാണ് ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് കൊട്ടിഘോഷിക്കുന്ന ഭാരതത്തിലും ഇന്ന് കേൾക്കുന്നത്.
അശരണർക്കു വേണ്ടി ശബ്ദിച്ച വയോധികനായ ഒരു പുരോഹിതനെ കൊന്നുതള്ളിയ വാർത്തയാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഖനി മുതലാളിമാരുടെ ഇംഗിതങ്ങൾക്കൊപ്പിച്ച് പാവങ്ങളെ ചൂഷണം ചെയ്യാനായി അവരുടെ രക്ഷകരെയൊക്കെ കള്ളക്കേസുകളിൽ കുടുക്കി ഇല്ലായ്മ ചെയ്യുന്ന ഒരു ഭരണകൂടം ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങൾക്ക് എങ്ങനെ ആശ്രയമാകും?
വൻ മുതലാളിമാരുടെ കച്ചവട തന്തങ്ങൾക്കനുസരിച്ച് രാജ്യത്തെയൊന്നാകെ വിറ്റ് തുലയ്ക്കുന്ന രാജ്യതന്ത്രജ്‌ഞത കൊണ്ട് ഇന്ധനവും വിമാനത്താവളങ്ങളും മാത്രമല്ല, കാർഷിക വിളകൾ പോലും കുത്തകകൾക്ക് തീറെഴുതി കഴിഞ്ഞു.. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞപ്പോൾ പോലും ഇന്ധന വിലകൾ ഉയർത്തി ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള വസ്തുക്കൾ കൈ പൊള്ളുന്നവയാക്കിയ , സർക്കാർ സ്ഥാപനങ്ങൾ മുതലാളിമാർക്ക് വിറ്റ , കള്ളപ്പണത്തിന്റെ തോത് മൂന്നിരട്ടിയാക്കിയ ഭരണമാണ് നടമാടുന്നത്.. കർഷകർ മാസങ്ങളായി തെരുവിൽ സമരം ചെയ്യുന്നു..
പാർലമെന്റ് ആക്രമണക്കേസടക്കമുള്ള തീവ്രവാദികൾ കോടതികളിൽ പോലും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയിട്ടും വി ഐ പി ജെയിലും ജാമ്യവും നൽകിയിട്ടുള്ള രാജ്യത്ത് കെട്ടിച്ചമച്ച കഥകൾ വെച്ച് ഒരു പുരോഹിതനെ കൊല്ലാക്കൊല ചെയ്ത് പീഡിപ്പിച്ചു കൊന്നു. അന്വേഷണ ഏജൻസികൾ സൃഷ്ടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ ഹാഷ് വാല്യുവടക്കമുള്ള ആധികാരികത തെളിയിക്കേണ്ട മാർഗങ്ങളൊക്കെ പരാജയപ്പെട്ടിട്ടും ഒരു വയോധികനെ മാസങ്ങൾ ന്യായമായ ചികിത്സ പോലും നൽകാതെ മരണത്തിലേക്ക് തള്ളി.. വെള്ളം കുടിക്കാൻ ഒരു സ്ട്രോ നൽകിയാൽ പോലും ഭീകരതയെന്ന് വ്യാഖ്യാനിച്ച ഭരണകൂടം തന്നെയാണ് ഇന്ത്യൻ ജീവനുകൾക്ക് കോടികൾ വിലയുറപ്പിച്ച് ഇറ്റാലിയൻ നാവികരെ രക്ഷിച്ചത്.
രാഷ്ട്രീയ ഭരണകൂടം മാത്രമല്ല .. കൊലപാതകികളെയും സ്ത്രീപീഡകരെയും സംരക്ഷിക്കാൻ കോടികൾ ഒഴുക്കിയ മതനേതൃത്വം പോലും ഈ വയോധികന്റെ കാര്യത്തിൽ കുറ്റകരമായ നിസംഗത പാലിച്ചിട്ട് ഇപ്പോൾ മാന്യന്മാരാവുകയാണ്..
ആശ്രയമറ്റ ജനതതിയ്ക്ക് വേണ്ടി ശബ്ദിക്കുന്നവരെ അടിച്ചൊതുക്കുന്ന കിരാതർക്കെതിരേ ശബ്ദിക്കാൻ പോലുമാവാതെ രാഷ്ട്രീയ പ്രതിപക്ഷം മണ്ണടിഞ്ഞിരിക്കുന്നു..
കേഴുക പ്രിയ നാടേ..
✍️ പ്രേം സെബാസ്റ്റ്യൻ ആന്റണി
 
 

 
 
No comments:
Post a Comment