Thursday, February 18, 2010

ഭരിക്കാനറിയാത്ത ഇടതു സര്‍ക്കാരുകള്‍...


തിങ്കളാഴ്ച വൈകുന്നേരം പശ്ചിമ ബംഗാളിലെ മിഡ്നാപ്പൂരില്‍ ഷില്ട പോലീസ് ക്യാമ്പില്‍ നടന്ന പൈശാചികമായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഇരുപത്തി നാല് സുരക്ഷാ ഭടന്മാരെ നൂറു കണക്കിന് വരുന്ന മാവോയിസ്റ്റ് തീവ്രവാദികള്‍ അവരുടെ താമസസ്ഥലം തീയിട്ട്, ചുട്ടുകൊന്നു. നാടിനെ നടുക്കിയ മൃഗീയമായ ഒരു നരവേട്ട.

ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ "unprofessional , incompetent untrained and inadequate " ആയ പോലീസ് പ്രതികരണത്തെ രൂക്ഷമായി അപലപിക്കുകയുണ്ടായി...തുടര്‍ന്ന് ഇതാ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറി കുറ്റസമ്മതം നടത്തിയിരിക്കുന്നു. ആക്രമണം നടക്കുന്നതിനു മൂന്നു മണിക്കൂര്‍ മുന്‍പ് ഷില്ട പോലീസ് ക്യാമ്പിനടുത്ത് മാവോയിസ്റ്റുകള്‍ "അസംബിള്‍ " ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത്രേ. മാവോയിസ്റ്റ് - നക്സല്‍ തീവ്രവാദം രൂക്ഷമായ വടക്ക് കിഴക്കന്‍ മേഖലകളില്‍ ഇവര്‍ക്കെതിരെ ശക്തമായ നീക്കങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നതിനിടയിലാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഈ അവഗണന, ഈ തണുത്ത സമീപനം ഒരു വന്‍ കൂട്ടക്കുരുതിയില്‍ കലാശിച്ചിരിക്കുന്നത്. ഈ തെറ്റിനെ പറ്റി അന്വേഷിക്കുമെന്നും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്നും ആണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭാഷ്യം. ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി രക്ഷപെടാനുള്ള ഒരു ശ്രമം.

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായ സര്‍ക്കാരിന്റെ കഴിവുകേടിന്റെ മറ്റൊരു ഇടതു ഉദാഹരണം ആണിത്. ഈ കഴിവുകേട്, ഈ ഭരണ പരാജയം വളരെ വ്യക്തമായി തെളിയപ്പെട്ട സാഹചര്യത്തില്‍ പശ്ചിമ ബംഗാളിലെ ഇടതു സര്‍ക്കാര്‍ ഈ അറുംകൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു...പരാജയം സമ്മതിച്ചു കൊണ്ട് ഇറങ്ങി പോവുകയാണ് മര്യാദ.

കേരളത്തിലെ ഇടതുസര്‍ക്കാരും തഥൈവ. കയറിയപ്പോള്‍ മുതല്‍ പാര്ട്ടിക്കുള്ളിലെയും പുറത്തെയും ശത്രുസംഹാരം മാത്രം ലകഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇടതു സര്‍ക്കാരിന്റെ ഏറ്റവും പുതിയ വീഴ്ച, സ്വകാര്യഭൂമിയിലെ സര്‍ക്കാര്‍ വക കയ്യേറ്റം കോടതിയില്‍ പരാജയപ്പെട്ടതാണ്. കോടതിമുന്പിലെ ഈ സര്‍കാരിന്റെ പരാജയങ്ങളുടെ പട്ടിക അങ്ങനെ നീളുകയാണ്. കൊലപാതകികളെയും ഗുണ്ടാതലവന്മാരെയും തീവ്രവാദികളെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ മറ്റൊരിടത്തും കാണാനാവില്ല. ഇവയൊക്കെ അടിവരയിട്ടു പറയുന്നത് ഇടതു സര്കാരുകള്‍ക്ക് ഭരണമല്ല, സമരം മാത്രമേ ചെയ്യാനറിയൂ എന്നാണ്.

No comments:

Post a Comment