Monday, February 15, 2010

വാര്‍ത്തകളിലെ വൈരുധ്യങ്ങള്‍..

14 ഫെബ്രുവരി 2010

ഇന്നത്തെ ചില വാര്‍ത്തകള്‍ കാണുമ്പോള്‍ അവയുടെ പിന്നിലെ യുക്തിയോര്‍ത്തു അന്തം വിട്ടുപോകുന്നു...

1 . ഇന്ത്യയില്‍ ഇതാ മറ്റൊരു തീവ്രവാദി ആക്രമണം കൂടെ ഇന്നലെ പൂനെയില്‍ അരങ്ങേറി. എന്നിട്ടും ഇന്ത്യ പാക്കിസ്ഥാനുമായുള്ള സെക്രട്ടറി തല ചര്‍ച്ചകള്‍ തുടരുമത്രേ! പാകിസ്താന്‍ ഇന്ത്യയില്‍ തീവ്രവാദി ആക്രമണങ്ങള്‍ നടത്താന്‍ വളം വെച്ച് കൊടുക്കുമ്പോള്‍ ഇന്ത്യ വീണ്ടും ചര്‍ച്ചയുടെ ഭാഷ പറയുന്നതെന്തിന്? പോത്തിന്റെ ചെവിയില്‍ വേദമോതിയിട്ട്‌ എന്ത് കാര്യം? തീവ്രവാദി ആക്രമണങ്ങള്‍ക്ക് എതിരെ അതിശക്തമായ ഭാഷയില്‍ തിരിച്ചടിച്ചു കൊണ്ട് ഇന്ത്യയെ തൊട്ടാല്‍ വെവരം അറിയും എന്ന് മനസ്സിലാക്കി കൊടുക്കുന്നതിനു പകരം നടത്തുന്ന ഈ വക അഞ്ഞാ പിഞ്ഞാ ചര്‍ച്ചകള്‍ നമ്മുടെ ദൌര്‍ബല്യങ്ങളായി വിലയിരുത്തപ്പെട്ടെക്കാം.

2 . പൂനെയിലെ തീവ്രവാദി ആക്രമണത്തെ അമേരിക്ക അപലപിക്കുകയും എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്തിനീ മുതലക്കണ്ണീര്‍? അമേരിക്കയില്‍ നിന്നുള്ള സീ ഐ എ ചാരന്‍ ഡേവിഡ് ഹെഡ്ലി പൂനെയില്‍ സന്ദര്‍ശനം നടത്തുകയും സ്ഫോടനം നടന്ന ജര്‍മ്മന്‍ ബേക്കറിയുടെ തൊട്ടരികില്‍, ഓഷോ ആശ്രമത്തില്‍ താമസിക്കുകയും ചെയ്തിരുന്നുവെന്ന വാര്‍ത്തകള്‍ ഈ ആക്രമണത്തിലും ഹെഡ്ലിയുടെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നു. ബോംബെയിലെ ആക്രമണങ്ങളുടെയും സൂത്രധാരനായ ഹെഡ്ലിയെ ചോദ്യം ചെയ്യാന്‍ പോലും ഇന്ത്യക്ക് വിട്ടുതരാതെ സംരക്ഷിക്കുന്ന അമേരിക്കയുടെ ഈ കപട സഹതാപം ആര്‍ക്കു വേണം?

3 . ഇന്ത്യയില്‍ പിന്നോക്ക സംവരണം നടപ്പാക്കിയ കാലത്ത് കാലക്രമേണ സംവരണം നിര്ത്തലാക്കണമെന്ന് ഭരണഘടനാ വിദഗ്ദര്‍ നിര്‍ദേശിച്ചിരുന്നു എന്നാണു വായിച്ചിട്ടുള്ളത്. പക്ഷെ കാലാകാലങ്ങളില്‍ പിന്നോക്ക വിഭാഗങ്ങളില്‍ ഉള്പ്പെടുത്തിയിട്ടുള്ളവരുടെ വോട്ടു ലക്ഷ്യമാക്കിയുള്ള സംവരണ പ്രീണന രാഷ്ട്രീയമാണ് ഇന്ത്യയൊട്ടുക്കും മാറാവ്യാധിയായി പടര്‍ന്നത്. വിദ്യാഭ്യാസം, ജോലി, തിരഞ്ഞെടുപ്പ്, തുടങ്ങി എല്ലാ മേഖലകളിലും സംവരണമായം കലര്ന്നു.. ഉത്തരവാദപ്പെട്ട ഉദ്യോഗങ്ങള്‍ക്ക്‌ കഴിവിന് പകരം ജാതി മാനദണ്ഡമായി മാറുമ്പോള്‍ ആ ജോലിയുടെ നിലവാരവും "ഒരുജാതി" ആയി ഒതുങ്ങുന്നു! ഇതിനിടയില്‍ ഇതാ സുപ്രീം കോടതി ഉത്തര പ്രദേശില്‍ അഞ്ചു ഗ്രാമീണരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയവരുടെ വധശിക്ഷ, പ്രതികളുടെ "പിന്നോക്കാവസ്ഥ" പരിഗണിച്ച്‌ ജീവപര്യന്തമായി ഇളവു ചെയ്യുന്നു. പിന്നോക്കാവസ്ഥയില്‍ ഉള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ ഉദ്ദേശിച്ചു നടപ്പാക്കിയ സംവരണം കൂട്ടക്കൊല നടത്തിയവരെയും സംരക്ഷിക്കാനായി ഉപയോഗിക്കപ്പെടുന്നു. പിന്നോക്ക വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മറ്റുള്ളവരുടെ ജീവന്റെ മേലും സംവരണാനുകൂല്യമോ?

No comments:

Post a Comment