Wednesday, February 3, 2010
ശവം നോക്കിയിരിക്കുന്ന കഴുകന്‍
ഗാസയില്‍ വൈറ്റ് ഫോസ്ഫറസ് എന്നാ മാരകമായ രാസായുധ പ്രയോഗം നടത്തിയതായി ഇസ്രയേല്‍ ഇന്നലെ കുറ്റസമ്മതം നടത്തി. കുര്‍ദ് മേഖലയില്‍ ഇതേ സാധനം പ്രയോഗിച്ചു എന്നതായിരുന്നു സദ്ദാമിനെതിരെ അമേരിക്ക നടത്തിയ ഒരു മുഖ്യ ആരോപണം. ഈ സാധനം നിര്‍മിച്ചു സദ്ദാമിനു നല്‍കിയ അമേരിക്ക മിടുക്കന്മാരും. ഇനി ഇസ്രയേല്‍ പ്രയോഗിച്ചതും അമേരിക്കന്‍ നിര്‍മിതമായാല്‍ അത്ഭുതപ്പെടാനില്ല. ഇപ്പോള്‍ ഈ പ്രയോഗം നടത്തിയത് ഇസ്രയേല്‍ ആയതുകൊണ്ട് ലോക പോലീസ് കളിക്കുന്ന അമേരിക്ക അനങ്ങുകയുമില്ല. ഇസ്രായേലിനു പൊടിക്കച്ചവടം നടത്തിയാലും പാലസ്തീനികള്‍ക്ക് മധ്യസ്ഥം പറയാന്‍ ഈ ഇരുതലമൂരി തന്നെ വേണം... ആരാണ് ഇവിടെ വിഡ്ഢികള്‍??
സദ്ദാമിനെതിരെ അടി തുടങ്ങാനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ടോണി ബ്ലെയര്‍ നടത്തിയ അഭ്യാസങ്ങള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു. ബ്ലെയര്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനെ കബളിപ്പിച്ചപ്പോള്‍ ബുഷും കോളിന്‍ പവലും ചേര്‍ന്ന് യൂ എന്‍ അസംബ്ലിയില്‍ ഉപഗ്രഹചിത്രങ്ങള്‍ വഴി സ്ഥാപിച്ച ഇറാക്കിന്റെ വന്‍ ആയുധ ശേഖരങ്ങള്‍ വന്‍ നുണകള്‍ ആയി പരിണമിച്ചു കഴിഞ്ഞു. അമേരിക്ക - ബ്രിട്ടന്‍ കൊലോനിയലിസ്റ്റ് മേധാവിത്വം ലോകത്തെ മുഴുവന്‍ നുണകളുടെ ഒരു പരമ്പര തന്നെ അഴിച്ചു വിട്ടു കബളിപ്പിച്ചിട്ടു, സദ്ദാമിനെയും ഇറാക്കിലെ ലക്ഷക്കണക്കിന് സാധാരണക്കാരെയും കൊന്നുതള്ളി.
ലോകത്തിന്റെ പല ഭാഗങ്ങളിലും അശാന്തിയുടെ വിത്ത് വിതച്ചത് വെള്ളക്കാരുടെ ഭരണരീതികള്‍ ആയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും എന്നും തമ്മില്‍ തല്ലി കൊണ്ടിരിക്കും എന്ന് അവര്‍ ഉറപ്പു വരുത്തുന്നു. ഇറാക്കും കുവൈറ്റും തമ്മില്‍ ഉള്ളതുപോലെയുള്ള തര്‍ക്കവിഷയങ്ങള്‍ പലതും കോളനി ഭരണ കാലത്ത് രൂപം കൊണ്ടവയാണ്. റഷ്യക്കെതിരെ ആയുധവും പണവും നല്‍കി അമേരിക്ക വളര്‍ത്തിയ താലിബാന്‍ എന്ന വിഷപ്പാമ്പ് അതേ താവളത്തില്‍ ഇട്ടു അമേരിക്കയെ ക്ഷ, ങ്ങ വരപ്പിക്കുന്നു. എത്രയോ രാജ്യങ്ങളില്‍ ആഭ്യന്തര കലാപങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇന്നും ആയുധവും പണവും നല്‍കുന്നു..
അഫ്ഗാനിസ്ഥാനിലെ റഷ്യയെ ചൊറിയാനായി അമേരിക്ക പാകിസ്ഥാന് കൊടുത്ത സഹായങ്ങള്‍ അവര്‍ ഇന്ത്യക്കെതിരെയുള്ള സന്നാഹത്തിനായി സ്വരുക്കൂട്ടി. ഇപ്പോഴും മത തീവ്രവാദികളെ സംരക്ഷിക്കുന്ന, മത തീവ്രവാദത്തിനു കുട പിടിക്കുന്ന പാകിസ്ഥാന് ഇതാ അഞ്ഞൂറ് മില്യന്‍ ഡോളറിന്റെ ആയുധസഹായവും 3 .2 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായവും ആണ് ഇന്നത്തെ ഒബാമയുടെ സ്പെഷ്യല്‍. ഇന്ത്യക്കോ 123 കരാറും പഞ്ചാരവാക്കും!
വെള്ളക്കാരന്റെ Divide and rule ന്റെയും War on Terror ന്റെയും ഒക്കെ അടിസ്ഥാന ലക്‌ഷ്യം തമ്മിലടിപ്പിച്ചു ചോര കുടിക്കുക തന്നെ. ശവമാണല്ലോ കഴുകന്റെ ഇഷ്ടഭക്ഷണം !! അമേരിക്കക്ക് ചേരുന്ന ദേശീയ പക്ഷി!
Subscribe to:
Post Comments (Atom)
 
 

 
 
No comments:
Post a Comment