Saturday, January 30, 2010

പത്മശ്രീയല്ല, സുരക്ഷയാണ് പ്രവാസിക്ക് അത്യാവശ്യം..



പ്രവാസി ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു... പക്ഷെ എന്തോ, എനിക്കതങ്ങോട്ട് പൂര്‍ണമായിട്ടും ദഹിക്കാന്‍ സാധിച്ചില്ല..പ്രവാസികളുടെ പ്രശ്നങ്ങള്‍ ഒരു സുപ്രഭാതത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ ആകര്ഷിച്ചതല്ലല്ലോ ഇപ്പോള്‍ എല്ലാം ചെയ്യുമെന്നുള്ള സുന്ദര വാഗ്ദാനങ്ങള്‍ വരാന്‍.. മില്യന്‍ കണക്കിനു ഡോളര്‍ ഇന്ത്യയിലേക്ക്‌ ഒഴുക്കുന്ന 40-50 ലക്ഷം ഇന്തയാക്കാര്‍ക്ക് വേണ്ടി ഭാരത സര്‍ക്കാര്‍ എന്ത് ചെയ്തു, എന്ത് ചെയ്യുന്നു എന്ന് നോക്കിയാല്‍ കാണാം സര്‍കാരിന്റെ ആത്മാര്‍ഥത. പ്രവാസിക്ക് വേണ്ടി ഇപ്പോഴും എടുത്തു കാട്ടുന്ന ഏറ്റവും വലിയ മിടുക്ക് കുവൈറ്റ് യുദ്ധകാലത്തെ ഒഴിപ്പിക്കല്‍ മാത്രം.

ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് തൊഴില്‍ നഷ്ടപ്പെട്ടു എത്രയോ തൊഴിലാളികള്‍ രാജ്യത്ത് മടങ്ങിയെത്തി.. എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നോ, എത്ര പേര്‍ മടങ്ങിയെന്നോ ഒരു ഏകദേശകണക്ക് പോലും നമ്മുടെ സര്‍ക്കാരിന്റെ കൈവശമില്ല എന്നതാണ് പരമാര്‍ത്ഥം. എത്രയോ രാജ്യങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ ക്യാമ്പുകളില്‍ അനുഭവിക്കുന്ന ദുരവസ്ഥകള്‍ വാര്‍ത്തകളില്‍ വന്നിരിക്കുന്നു. ഇവയൊക്കെ പരിഹരിക്കാന്‍ പ്രസ്താവനാ ശ്രമങ്ങളല്ലാതെ ഫലപ്രദമായി എന്തെങ്കിലും എടുത്തുകാട്ടാനുണ്ടോ? ഈ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനു എത്തുന്ന മന്ത്രിമാരെയും നേതാക്കന്മാരെയും സല്‍ക്കരിക്കുന്ന മുതലാളിമാര്‍ക്ക് പത്മശ്രീ നല്‍കി പരിപോഷിപ്പിക്കുമ്പോള്‍ തൊഴിലാളികളെ നാം മറക്കുന്നു.

ഇതേ രാജ്യങ്ങളില്‍ തന്നെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ പ്രവാസികളെ പിഴിഞ്ഞ് വരുമാനം ഉണ്ടാകാനുള്ള മാര്‍ഗങ്ങളായി മാത്രം മാറുന്നു. സഹായം അഭ്യര്‍ഥിച്ചു എംബസ്സിയില്‍ എത്തുന്നവരെ സഹായിക്കുന്നതിനു പകരം അതാതു രാജ്യങ്ങളിലെ നിയമത്തിനു വിട്ടു കൊടുത്ത് ജയിലുകളിലേക്ക്‌ കയറ്റുന്ന അനുഭവങ്ങള്‍ എത്രയെണ്ണം നമ്മുടെ മുന്നില്‍ തന്നെയുണ്ട്‌.. ദുബായിലെയോ ദോഹയിലെയോ കൊണ്സുലെറ്റ്/ എമ്ബസ്സികളുടെ മുന്നില്‍ റോഡരികില്‍ പൊരിവെയിലത്ത് ക്യൂ നില്‍ക്കുന്നവര്‍ക്ക് കയറി നില്‍കാന്‍ ഒരു വെയിറ്റിംഗ് ഷെഡ്‌ പോലും കാട്ടിത്തരാനാവില്ല.

ദിവസേന കള്ള് ചെത്തി ഷാപ്പില്‍ കൊണ്ട് പോയി കൊടുത്തു വൈകിട്ട് കിട്ടുന്ന കാശ് അടിച്ചു തീര്‍ക്കുന്ന തൊഴിലാളിക്കും കിട്ടും പെന്‍ഷന്‍. പക്ഷെ മരുഭൂമിയില്‍ വീടും കുടുംബവും വിട്ടു തീവെയിലില്‍ കഷ്ടപ്പെട്ട് കിട്ടുന്നത് മുഴുവന്‍ കുടുംബത്തേക്ക് അയക്കുന്നവന് വയ്യാത്ത കാലത്ത് "ഗള്‍ഫുകാരന്‍" എന്ന ലേബല്‍ മാത്രം കാണും ബാക്കി.

ഇതാ ആസ്ട്രേലിയയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ ദിവസേന വേട്ടയാടപ്പെടുന്നു. പ്രസ്താവനകള്‍ അല്ലാതെ എന്തെങ്കിലും ഫലമുണ്ടായിട്ടുണ്ടോ?

പ്രവാസിക്ക് വേണ്ടി വല്ലതും ചെയ്യണമെന്നു ആഗ്രഹിച്ചാലും അവിടെയും ചൊറിയാന്‍ വരും, മണ്ണിന്റെ മക്കള്‍ വാദം പറയുന്ന ചില "തുക്കടാ" നേതാക്കള്‍. ഇന്ത്യന്‍ ഭരണഘടനയിലെ വോട്ടു ചെയ്യാനുള്ള മൌലികമായ അവകാശം പോലും പ്രവാസികള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്... അത് പോലും ലോകസഭ ചര്‍ച്ച ചെയ്യുന്നതല്ലാതെ കിം ഫലം...

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാനവ വിഭവ ശേഷി കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ആഗോള തലത്തില്‍ പ്രവാസി തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ ഇന്ത്യ മുന്‍കൈ എടുക്കേണ്ടാതായിട്ടുണ്ട്. ഇത് ഒരു ഔദാര്യമല്ല, കടമയാണ് എന്ന് പ്രധാനമന്ത്രിക്കും അനുചരന്മാര്‍ക്കും ബോധ്യമാക്കി കൊടുക്കാന്‍ നമ്മുടെ പത്മശ്രീ മുതലാളിമാര്‍ക്ക് സാധിക്കാന്‍ നമുക്ക് ആശിക്കാം.

No comments:

Post a Comment