കണ്ണൂരില്‍ ബഷീര്‍ അനുസ്മരണ വേദി സംഘടിപ്പിച്ച പരിപാടിയില്‍ സക്കറിയ നടത്തിയ പ്രഭാഷണം
http://www.samayamonline.in/സുഹൃത്തുളേ, ഇതിനെ താഹാ ഒരു സമാധാന പ്രഭാഷണം എന്നു വിവരിച്ചുവെങ്കിലും വാസ്‌തവത്തില്‍ ഇതൊരു സമാധാന പ്രഭാഷണമല്ല. ഒരു അസമാധാനത്തിന്റെയും അസ്വസ്ഥതയുടേയും ചില കാര്യങ്ങളാണ്. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് ദുഃഖിതനായ ഒരു പൗരന്റെ അടിക്കുറിപ്പ് മാത്രമാണ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ സമാധാന ആഹ്വാനങ്ങളും അപേക്ഷകളുമൊക്കെ വെറും അനുഷ്‌ഠാനം മാത്രമാണ് എന്നാണ് എനിക്ക് തോന്നുന്നത്.  കാരണം, ഇത്തരം രക്തച്ചൊരിച്ചിലുകള്‍ക്ക് രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധം, ഇതുപോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള യുദ്ധം. ഇതുപോലെയുള്ള
രക്തച്ചൊരിച്ചിലുകള്‍ക്ക് ഇതിന്റെ സ്വന്തം ഒരു യുക്തിയുണ്ട്. ഒരു ലോജിക് ഉണ്ട്. അതിന് ചോരയുടെ ഒരു തെര്‍മോസ്റ്റാറ്റ് ഉണ്ട്. ഒരു പ്രത്യേക അളവ് രക്തം വീണ് ഉദ്ദേശിച്ച കാര്യങ്ങള്‍ സാധിച്ചു കഴിയുമ്പോള്‍ ഈ തെര്‍മോസ്റ്റാറ്റ് ബാലന്‍സ് ചെയ്യും.
അപ്പോള്‍ ഈ രക്തപ്പുഴകള്‍ നിലക്കും. അല്ലാതെ സിനിമാ താരങ്ങള്‍ സമാധാനം വേണമെന്നു പറഞ്ഞതുകൊണ്ടോ മൗലവിമാരോ, മൈത്രാന്‍മാരോ, പുരോഹിതന്മാരോ സമാധാനം വേണമെന്നു പറഞ്ഞതുകൊണ്ടോ, സിപിഎമ്മോ, ബിജെപി യോ, കോണ്‍ഗ്രസോ ഒന്നും രക്തച്ചൊരിച്ചില്‍ നിര്‍ത്താന്‍ പോകുന്നില്ല.
അവരുടെ ആവശ്യം തീരുമ്പോള്‍ രക്തം നിലക്കും. ഇതാണ് അതിന്റെ അടിസ്ഥാന കാര്യം. അതുവരെ നമുക്ക് നമ്മളും സമാധാന ആഹ്വാനം നടത്തി എന്ന് അഭിമാനിക്കാം.
ഇപ്പോള്‍ കണ്ണൂരിലും തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും മലയാളികള്‍ മലയാളികളെ കൊലപാതകം ചെയ്യുന്നതായിട്ടാണ് ഞാന്‍ കാണുന്നത്. ധാരാളം കൊലപാതകങ്ങള്‍ നാടൊട്ടാകെ നടക്കാറുണ്ട്. ഇത് ആസൂത്രിതമായി മലയാളികള്‍ മലയാളികളെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പറഞ്ഞ് കൊല ചെയ്യുന്നു. അവിശ്വസനീയമായ രീതിയില്‍ ഒരാള്‍ വഴിയില്‍ സ്വന്തം ചിറ്റമ്മയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വന്ന് അയാളെ താഴെയിടുന്നു. സ്വന്തം വീട്ടുമുറ്റത്.
ഇതാദ്യമായല്ല. ഇതിനു മുമ്പും പലതവണ, കഴിഞ്ഞ നാലഞ്ചു ദശകങ്ങളില്‍ എത്രയോ പ്രാവശ്യം സംഭവിച്ചിട്ടുണ്ട്. ഇവിടെ മലയാളി മലയാളിയെ കൊല്ലുന്നത് - നമ്മളെല്ലാം മലയാളികളാണ്, മലയാളം സംസാരിക്കുന്നവരാണ്, ഞാന്‍ പറയുന്നത് എനിക്കും മനസ്സിലാകും, നിങ്ങള്‍ പറയുന്നത് എനിക്കും മനസ്സിലാകും, ഒറ്റക്കെട്ടായിട്ട് മലയാളമെന്ന ഭാഷ നമ്മളെ ഒന്നിച്ചു നിര്‍ത്തുന്നു. പക്ഷേ, ഇവിടെ നമ്മള്‍ പരസ്‌പരം- ഈ മലയാളം പറയുന്നവര്‍-പരസ്‌പരം കൊലചെയ്യുന്നു. ഇത് ജാതി നോക്കിയിട്ടല്ല, മതം നോക്കിയിട്ടല്ല, തൊലിയുടെ നിറം നോക്കിയിട്ടല്ല. ചില രാജ്യങ്ങളില്‍ കറുത്തവര്‍ വെളുത്തവരെ കൊല്ലുന്നു, വെളുത്തവര്‍ കറുത്തവരെ കൊല്ലുന്നു. ഇതൊക്കെ സംഭവിക്കുന്നുണ്ട്. സമ്പത്തിന്റെ ഏറ്റക്കുറച്ചില്‍, ഇതൊരു വര്‍ഗ സമരമല്ല, ധനികര്‍ ധരിദ്രരെ കൊല്ലുന്നതോ, ദരിദ്രര്‍ ധനികരെ കൊല്ലുന്നതോ അല്ല. ഇതാണ് അവിശ്വസനീയമായ കാര്യം. ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗത്വം നോക്കിയിട്ടാണ് കൊല്ലുന്നത്. ഒരേ നാട്ടുകാര്‍, ഒരേ ഗ്രാമക്കാര്‍, ഒരേ പഞ്ചായത്തുകാര്‍, തൊട്ടയല്‍പക്കക്കാര്‍ ആണ് പരസ്‌പരം കൊല്ലുന്നത്. നീ ഏതു പാര്‍ട്ടിയാണ് എന്നു നോക്കിയിട്ടാണ്. ഒരു പക്ഷേ അവര്‍ ഒരേ സ്‌കൂളിലും ക്ലാസിലും പഠിച്ചവരായിരിക്കാം, സഹപാഠികള്‍ പോലുമായിരിക്കാം, ഒരു പക്ഷേ രക്തബന്ധമുള്ളവര്‍ പോലുമായിരിക്കാം.
രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ കൊലനടക്കാറുണ്ട്. ധാരാളം. ഒരു ദിവസം പത്തും ആയിരവും പട്ടാളക്കാര്‍ മരിച്ചു വീഴാറുണ്ട്. ഇതിനെ രാജ്യസ്‌നേഹം എന്ന വളരെ അവ്യക്തമായ എന്തോ ഒന്നിന്റെ പേരില്‍ നമ്മള്‍ അഭിനന്ദിക്കാറുമുണ്ട്. ആ കൊലയെ നമുക്കൊക്കെ ഇഷ്ടമാണ്. എത്ര പാക്കിസ്ഥാനി മരിച്ചുവെന്ന് ഇന്ത്യക്കാര്‍ ചോദിക്കും. എത്ര ഇന്ത്യക്കാര്‍ മരിച്ചുവെന്ന് പാക്കിസ്ഥാന്‍കാര്‍ ചോദിക്കും. ആ എണ്ണത്തില്‍ നമ്മള്‍ പുളകം കൊള്ളും. നമ്മള്‍ ഇന്ന് ആയിരം പാക്കിസ്ഥാനികളെ കൊന്നു. അല്ലെങ്കില്‍ പാക്കിസ്ഥാനി പറയുന്നു ഞങ്ങളിന്ന് രണ്ടായിരം ഇന്ത്യക്കാരെ കൊന്നു. പക്ഷേ ഇവിടെ കൊല നടത്തുന്നത് സൈനികരാണ്, പടയാളി ഒരു പ്രൊഫഷണല്‍ പടയാളിയാണ്. അവന്റെ യുദ്ധ പരിശീലനത്തിന്റെ ഭാഗങ്ങളിലൊന്നാണ് ശത്രുവധം. അവന് നമ്മള്‍ ശമ്പളം കൊടുത്ത് നിര്‍ത്തിയിരിക്കുകയാണ്. ശത്രു ആക്രമിച്ചാല്‍ രാജ്യത്തെ സംരക്ഷിക്കുക എന്നതിനു വേണ്ടിയിട്ട്.
പക്ഷേ, കണ്ണൂരിലും തലശ്ശേരിയിലും കൊല നടത്തുന്നത് ആരാണ്? ആര്‍ക്കുവേണ്ടി ആരാണ് കൊലനടത്തുന്നത്? ഇവിടെ നടക്കുന്നത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധമല്ല. നമുക്കറിയാം ഇവിടെ നടക്കുന്നത് വാസ്‌തവത്തില്‍ മലയാളികള്‍ക്കു മാത്രം - ഇന്ത്യയില്‍ പല സ്ഥലത്തും ഇതുപോലുള്ള ഭ്രാന്തുണ്ട്- എങ്കിലും ഈ അഭ്യസ്‌തവിദ്യനും സമ്പൂര്‍ണ സാക്ഷരനും രാഷ്ട്രീയത്തില്‍ എല്ലാതരത്തിലും മികവു പാലിച്ചവനും എന്ന് സ്വയം അഭിമാനിക്കുന്ന മലയാളിക്ക് മാത്രം സാദ്ധ്യമായ ഭ്രാന്താണ്. അവിശ്വസനീയമായിട്ടുള്ള ഒരു ഭ്രാന്ത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് വേണ്ടി ഒരു പൗരന്‍ കത്തിയുമെടുത്ത് അല്ലെങ്കില്‍ കൊടുവാളുമെടുത്ത് അല്ലെങ്കില്‍ കഠാരിയുമെടുത്ത് നടന്നുചെന്ന് വേറൊരു രാഷ്ട്രീയ പാര്‍ട്ടിക്കാരനെ കൊന്നു കളയുക എന്നുള്ള അവിശ്വസനീയമായ ഭ്രാന്താണ് ഇവിടെ നടക്കുന്നത്.
ഇപ്പോള്‍ നടക്കുന്നത് സി.പി.എമ്മും ആര്‍.എസ്.എസും ബി.ജെ.പിയുമായിട്ടുള്ള കൊലയാണ്. അത് കോണ്‍ഗ്രസ് ആവാം, എല്ലെങ്കില്‍ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയാവാം. പക്ഷേ ഇതു നടന്നുകൊണ്ടിരിക്കുന്നു. നമ്മള്‍ മതത്തിന്, മാറാട് നടന്നത്- മാറാട് നടന്നത് എന്താണെന്ന് സത്യത്തില്‍ എനിക്കും മനസ്സിലായിട്ടില്ല- മതത്തിനും ജാതിക്കും വേണ്ടി കൊല്ലുമ്പള്‍ നമ്മളതിനെ വര്‍ഗീയത എന്നു വിളിക്കുന്നു. നാമതിനെ അധിക്ഷേപിക്കുന്നു. മതഭ്രാന്ത്, മത മൗലികവാദം എന്നോ വിളിക്കുന്നു. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നാലായിരത്തോളം മുസ്‌ലിംകളെ കൊച്ചു കുട്ടികളേയും സ്‌ത്രീകളേയും വധിച്ചപ്പോള്‍ നാമതിനെ അപലപിച്ചു. അതും വര്‍ഗീയതയാണ്. നരേന്ദ്രമോഡി ഒരു നരാധമനാണെന്നും, പിശാചാണെന്നും നമ്മളൊക്കെ പറഞ്ഞു. അപ്പോള്‍ നമ്മുടെ മണ്ണില്‍ കേരളത്തില്‍ പാര്‍ട്ടിക്കുവേണ്ടി കൊല്ലുമ്പോള്‍ ചാകുമ്പോള്‍ നാം ഇതിനെ എന്തു വിളിക്കണം? എന്തായിരിക്കാം ഈയൊരു നിസ്സങ്ങളായ നമ്മള്‍ തിരഞ്ഞെടുത്ത്
നമ്മള്‍ നിര്‍മ്മിച്ച രാഷ്ട്രീയ പാര്‍ട്ടികളാണ് ഈ സി.പി.എമ്മും, ഈ കോണ്‍ഗ്രസും ഈ ബി.ജെ.പിയും ഇതുപോലുള്ളതൊക്കെ. മലയാളികള്‍ നിര്‍മ്മിച്ച അവരുടെ ജനാധിപത്യ ആവശ്യങ്ങള്‍ക്ക് വേണ്ടി അവര്‍ ജീവന്‍ കൊടുത്ത പാര്‍ട്ടികളാണ്. അപ്പോള്‍ നമ്മളുടെ സ്ഥാപനങ്ങളാണിവ, നമ്മുടെ ജോലിക്കാരാണീ പാര്‍ട്ടികള്‍. ഈ പാര്‍ട്ടികള്‍, നമ്മള്‍ നിയോഗിച്ച ജോലിക്കാര്‍, നമ്മുടെ മേല്‍ രക്തച്ചൊരിച്ചിലുകള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍, അതില്‍ നമ്മുടെയാളുകള്‍ തന്നെ ചാവേറുകളായി പോകുമ്പോള്‍ നാമതിനെ എന്തു വിളിക്കണം? എനിക്കറിഞ്ഞുകൂടാ. ലജ്ജക്കും, ദുഃഖത്തിനും, കോപത്തിനും, നിരാശക്കുപോലും അതീതമാണ് പാര്‍ട്ടികള്‍ തമ്മില്‍ നടത്തുന്നത്. മലയാളികളുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ നടത്തുന്ന ഈ രക്തച്ചൊരിച്ചില്‍. കുടുംബങ്ങളുടെ നാഥന്മാര്‍ കൊല്ലപ്പെടുന്നു. ഭാര്യമാരുടെ ഭര്‍ത്താക്കന്മാര്‍, മക്കളുടെ അച്ഛന്മാര്‍, സഹോദരികളുടെ സഹോദരന്മാര്‍, മാതാപിതാക്കളുടെ പ്രിയ മക്കള്‍, കാമുകിമാരുടെ കാമുകന്‍മാര്‍ ഒക്കെ കൊല്ലപ്പെടുന്നു. ഇതെല്ലാം പുരുഷന്മാരാണ് കൊല്ലപ്പെടുന്നത് എന്നതുകൊണ്ട്, പുരുഷന്മാരില്‍ നമ്മള്‍ക്കറിയാവുന്ന എല്ലാ കാറ്റഗറിയില്‍പ്പെടുന്നവരും ഇതിനകത്ത് കൊല്ലപ്പെടുകയാണ്. അറവ് മൃഗങ്ങളെപ്പോലെ ഇവരെല്ലാം. രക്തം ചിന്തി മണ്ണില്‍ വീഴുകയാണ്. കൊല്ലപ്പെടാത്തവര്‍- ഇവിടെ ആരോ പറയുന്നത് കേട്ടു- ആക്രമണത്തിനു വിധേയനായതിനു ശേഷം ജീവിക്കാതിരിക്കുകയാണ് ഭേദമെന്ന്, കാരണം കൈയില്ല, കാലില്ല, ശരീരത്തിലെ പല അവയവങ്ങളും മുറിഞ്ഞുപോയി. അങ്ങനെയൊരു ജീവിതമാണ്-അഥവാ അവര്‍ക്ക് ജീവിതമുണ്ടെങ്കില്‍ ഉണ്ടാകുന്നത്.
അപ്പോള്‍ ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന, അവര്‍ക്കുവേണ്ടി നടത്തുന്ന ഈ കൊലപാതക പരമ്പരകളെപറ്റി ചിന്തിക്കുമ്പോള്‍ നമ്മള്‍ ചോദിക്കേണ്ട ഒരു ചോദ്യം, പൗരന്മാരായിട്ടുള്ള നാം നമ്മളിവിടെ കരം കൊടുക്കുന്നു. ഇവിടുത്തെ നിയമങ്ങള്‍ അനുസരിക്കുന്നു. ഇവിടുത്തെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും നമ്മള്‍ കൂട്ടു നില്‍ക്കുന്നു. അല്ലെങ്കില്‍ നമ്മള്‍ അതില്‍ ഇടപെടുന്നില്ല, അതിനെ എതിര്‍ക്കുന്നില്ല, ഇവിടുത്തെ പൗരന്മാരായ വിനീത വിധേയനായി ജീവിക്കുന്ന നമ്മള്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഏല്‍പ്പിച്ചിരിക്കുന്ന യഥാര്‍ഥ ജോലി എന്താണ് എന്നതിനെ പറ്റി ഒരു വിചിന്തനം നമുക്ക് ഉണ്ടാകേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നു.
എന്താണ് രാഷ്ട്രീയ പാര്‍ട്ടി? എന്താണ് സി.പി.എം? എന്താണ് ബി.ജെ.പി? എന്താണ് കോണ്‍ഗ്രസ്? ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജനാധിപത്യ വ്യവസ്ഥയില്‍ തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളിലൂടെയാണ് എന്നതാണ് അതിന്റെ വളരെ ലളിതമായ സത്യം. രജിസ്റ്റര്‍ ചെയ്‌ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെങ്കിലേ നമുക്കൊരു നിയമസഭ ഉണ്ടാക്കാന്‍ കഴിയൂ. അതിനുവേണ്ടി നമ്മള്‍ നിയോഗിച്ചിരിക്കുന്ന സ്ഥാപങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. അപ്പോള്‍ അവരുടെ ജോലി ജനാധിപത്യം നടപ്പിലാക്കിക്കൊണ്ട് പൗരന്മാരുടെ നന്മയും, ക്ഷേമവും, ജീവിത ഭദ്രതയും ഉറപ്പുവരുത്തുക എന്നുള്ളതാണ്. നിങ്ങള്‍ക്കും, എനിക്കും, സന്തോഷമായും സുഖമായും, നമ്മുടെ കുഞ്ഞുങ്ങള്‍ക്കും സന്തോഷമായും സുഖമായും ജീവിക്കുക. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഇവിടെ ഒരു ഭാവിയുണ്ട്, കുടിവെള്ളമുണ്ട്, നമുക്ക് വിദ്യുഛക്തിയുണ്ട്, നടക്കാന്‍ പാതകളുണ്ട്, വണ്ടിയോടിക്കാന്‍ റോഡുകളുണ്ട്, പോകാന്‍ ആശുപത്രികളുണ്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നുള്ളതാണ് ഈ പാര്‍ട്ടികളെ നമ്മള്‍ ഏല്‍പ്പിക്കുന്ന ജോലി. മറ്റൊരു ജോലിയും അവര്‍ക്കില്ല. അതിനുവേണ്ടി നമ്മള്‍ വോട്ടുകൊടുത്ത് അവരെ തെരഞ്ഞെടുക്കുന്നു. ഓരോ ജനപ്രതിനിധികള്‍ക്കും വേണ്ടി നമ്മള്‍ പ്രതിമാസം ലക്ഷക്കണക്കിനു രൂപ ചെലവഴിക്കുന്നു. ശമ്പളവും, ആനുകൂല്യങ്ങളും, മറ്റു യാത്രാപടികളും, ബത്തകളും, സെക്രട്ടറിയും, ടെലഫോണുകളുമായിട്ട് ഓരോ ജനപ്രതിനിധികള്‍ക്കും വേണ്ടി നാം ലക്ഷക്കണക്കിനു രൂപ - ഒരു ചീഫ് എക്‌സിക്യൂട്ടീവിനു ഇവിടുത്തെ ഒരു വലിയ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവിനു കിട്ടുന്ന ശമ്പളത്തെക്കാള്‍ ഏറെ, ഒരു പക്ഷേ ഒരു ജനപ്രതിനിധിക്കു വേണ്ടി നമ്മള്‍ ചെലവഴിക്കുന്നു.
കാരണം നമ്മുടെയെല്ലാം ഈ കേരളമെന്ന സമൂഹത്തെ ഭംഗിയായി നടത്തിക്കൊണ്ടു പോവുക എന്ന ജോലിയാണ് ഒരു വലിയ കമ്പനി നടത്തിക്കൊണ്ടു പോകുന്നത് പോലെ ഈ ജോലി നാം അവരെ ഏല്‍പ്പിച്ചിരിക്കുകയാണ്. അവരുടെ ജോലി പൗരന്മാരെ അവര്‍ക്കുവേണ്ടി ചാവേറാക്കുക എന്നതല്ല, ആ ജോലി നമ്മളവരെ ഏല്‍പ്പിച്ചിട്ടില്ല. പക്ഷേ- നമുക്ക് സംഭവിച്ചിരിക്കുന്ന പ്രശ്‌നം എവിടെയോവെച്ച് - ഞാനിത് ഇടയ്‌ക്ക് കേറ്റി പറയുകയാണ് -എവിടെയോ വെച്ച് എങ്ങിനെയോ - എങ്ങിനെയോ എന്നല്ല അതിന്റെ യുക്തി പറഞ്ഞു കഴിഞ്ഞാല്‍ നീണ്ടുപോകും- എവിടെയോ വെച്ച് മലയാളി അവന്റെ ജോലിക്കാരനായ രാഷ്ട്രീയക്കാരനെ അവന്റെ മേലാളനായി കാണാന്‍ തുടങ്ങി. എന്റയര്‍ പൊളിറ്റിക്കല്‍ പ്രോസസ് തല കീഴായിട്ട് മറിഞ്ഞു. പൗരന്‍ കീഴാളനും രാഷ്ട്രീയക്കാരന്‍ മേലാളനുമായി ഒരു സുപ്രഭാതത്തില്‍ മാറി.
ഇതെങ്ങിനെ വന്നു എന്നുള്ളത് മാധ്യമങ്ങളും, മതങ്ങളും , ജാതികളും, ജാതി സംഘടനകളും, ഒക്കെക്കൂടി ചേര്‍ന്നുണ്ടാക്കിയ ഒരു മസ്‌തിഷ്‌ക പ്രക്ഷാളനം. രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ഒരു മസ്‌തിഷ്‌ക പ്രക്ഷാളനത്തോടെ നമ്മള്‍, ഇവര്‍ മറ്റെന്തോ ആണെന്ന് വിശ്വസിച്ചുവശായി. ലോകത്തിലൊരിടത്തും. ഞാനിത് നിരവധി തവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള കാര്യമാണ്. ലോകത്തില്‍ ഇന്ത്യയിലൊഴികെ മറ്റൊരിടത്തും ഒരോ ജനപ്രതിനിധിയുടെ മുമ്പില്‍ പൗരന്‍ ഓഛാനിച്ചു നില്‍ക്കില്ല. സാറേ എന്നു വിളിച്ചു വാലാട്ടി നില്‍ക്കില്ല. ഈ വാലാട്ടല്‍ മലയാളികളുടേയും ഇന്ത്യക്കാരുടേയും പ്രത്യേകതയാണ്, സ്വന്തം നിര്‍മ്മിതിയായ, സ്വന്തം ജോലിക്കാരനായ രാഷ്ട്രീയക്കാരന്റെ മുന്നില്‍ സാറേ, നേതാവേ, ലീഡറേ എന്നു വിളിച്ചു വാലാട്ടല്‍. ഇതാണ് നമ്മുടെ അടിസ്ഥാന പ്രശ്‌നം. അതിലേക്ക് കടന്നിട്ട് കാര്യമില്ല. നമ്മുടെ തലമുറയും ഒരു പക്ഷേ ഇനി വരാന്‍ പോകുന്ന രണ്ടോ മൂന്നോ തലമുറകളും കൂടി ഈ വാലാട്ടല്‍ തുടരും. അത്രമാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങളുടെ സഹായത്തോടുകൂടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ പ്രതിഛായ ഒരു മേലാളന്റെ പ്രതിഛായയായി ഇവിടെ മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്.
ഞാന്‍ പലരോടും ഇത് പറയുമ്പോള്‍ പലര്‍ക്കും അത് രജിസ്റ്റര്‍ ചെയ്യാന്‍പോലും കഴിയുന്നില്ല. ` എടോ മന്ത്രി എന്നു പറഞ്ഞാല്‍ എന്താണ് താനെന്താണ് കരുതിയത് മന്ത്രി' മന്ത്രി എന്നു പറഞ്ഞാല്‍ ഒന്നുമല്ല. നമ്മള്‍ ഒരു ജോലി കൊടുത്തേല്‍പ്പിച്ച ഒരു ജനപ്രതിനിധിയാണ്. പക്ഷേ ഇവര്‍ വിറയ്‌ക്കുന്നു. മന്ത്രി സ്ഥാനത്തിനുവേണ്ടി മനുഷ്യര്‍ ഓടി നടക്കുന്നു. അറപ്പാ ഇങ്ങനെ തലതിരിഞ്ഞു പോയ ഒരു സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നം ഇവിടെ കിടപ്പുണ്ട്. അതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കാരണം രാഷ്ട്രീയക്കാരനെ അവനിലും വലുതായ പൗരനേക്കാളും വലുതായ എന്തോ ഒരു അത്‌ഭുത ജീവിയാണ് എന്ന മട്ടില്‍ രാഷ്ട്രീയക്കാരുടെ ഒരു പ്രതിഛായ നിര്‍മ്മിച്ചു കൊടുത്തത് പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും ചേര്‍ന്നാണ്. രാഷ്ട്രീയക്കാരന്റെ ബ്യൂട്ടിപാര്‍ലറാണ്; അവന്റെ പ്രതിഛായ നിര്‍മ്മാണ പരീക്ഷണ ശാലയാണ് ഈ മാധ്യമങ്ങള്‍. മാധ്യമങ്ങളില്‍ കാണുന്ന തലക്കെട്ടുകളുടെ വലുപ്പവും മാധ്യമങ്ങളില്‍ കാണപ്പെടുന്ന രാഷ്‌ട്രീയക്കാരന്റെ ചിത്രത്തിന്റെ വലുപ്പവും വെച്ചുകൊണ്ടാണ്, ഈ വിഗ്രഹ നിര്‍മ്മാണം വെച്ചുകൊണ്ടാണ്
ഇവിടെ നമ്മുടെ തൊഴിലാളിയായ രാഷ്ട്രീയക്കാരന്‍ ഇവിടെ പൗരന്റെ മുതലാളിയായി മാറിയത്. അപ്പോള്‍ കൊച്ചുകുട്ടികള്‍ മുതല്‍ ഈ മസ്‌തിഷ്‌ക പ്രക്ഷാളനത്തിന് അടിമയാണ്. അത് വേറൊരു കാര്യം അതാണ് ഞാന്‍ പറഞ്ഞത് ഇനിയും ഒരു പക്ഷേ ഒരു പത്തോ അമ്പതോ കൊല്ലം കൂടി കഴിഞ്ഞാലും, ഈ തലച്ചോറിന്റെ ഈയൊരു വികൃതിയില്‍ നിന്ന്, തലച്ചോറിന് സംഭവിച്ച ഈ ആഘാതത്തില്‍ നിന്ന് മലയാളി അവന്‍ എത്ര പുസ്‌തകം ഇംപോര്‍ട്ട് ചെയ്‌തു, ഡിസി ബുക്കിലെ മുഴുവന്‍ തത്വശാസ്‌ത്ര പുസ്‌തകങ്ങളും രാഷ്ട്രീയ പുസ്‌തകങ്ങളും ഇവരെടുത്തു വായിച്ചാലും, ഏത് നെരൂദയെ വായിച്ചാലും, ഏത് ചോംസ്‌കിയെ വായിച്ചാലും അവസാനം മലയാളി ഒരു രാഷ്ട്രീയ വാലാട്ടുകാരനായിട്ട് ജീവിക്കുമെന്നാണ് എന്റെ ഭയം. അപ്പോളത് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി, പൗരന്മാര്‍ക്കു വേണ്ടി പൗരന്മാര്‍ നിയോഗിച്ച ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അധികാരം അവര്‍ക്ക് ചില ഷണ്‌ഡന്‍മാര്‍ക്കെന്ന പോലെ താങ്ങാന്‍ വയ്യാത്ത ഒരു ആസ്വാദനമായിത്തീരുകയാണ്. ആസ്വാദനമാണ് പക്ഷേ ഇത് താങ്ങാന്‍ സാധിക്കുന്നില്ല. അത് അധികാരം അഴിമതിയുടേയും, ജന വഞ്ചനയുടേയും, ദുഷ്‌പ്രഭുത്വത്തിന്റേയും പൗരാവകാശ നിഷേധത്തിന്റെയും ഇരിപ്പിടമായിത്തീര്‍ന്നിട്ട് ദശകങ്ങളായി കേരളത്തില്‍. ഇവിടെ അധികാരം കിട്ടിയാലുടനെ- എനിക്ക് ഇതേവരെ എന്നെപ്പോലെ ഒരു സാധാരണ പൗരന് ഇതേവരെ മനസ്സിലാകാത്ത കാര്യമാണ്- നമ്മുടെ മുമ്പില്‍ വോട്ടു ചോദിച്ച് ഇങ്ങനെ നടന്ന്, നമ്മള്‍ വോട്ട് കൊടുത്ത് വിജയിപ്പിച്ച ഒരു മനുഷ്യന്, മന്ത്രി എന്ന ജോലി, കുറച്ചു കൂടി ശമ്പളം കൂടിയ ഒരു ജോലി കൊടുത്ത് കഴിയുമ്പോള്‍, അവനെന്തിനാണ് ഒരു കാറില്‍ കയറി കൊടിവെച്ച് പോലീസ് അകമ്പടിയോടുകൂടി അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത്? എന്തിനീ പോലീസ്? അവന്‍ ആരെ പേടിക്കുന്നു? ഇത് അടിസ്ഥാന ചോദ്യങ്ങളാണ്. അത്രമാത്രം എന്താണ് ഈ ഒരു പോലീസ് ക്രമസമാധാന പാലനത്തിനു വേണ്ടി; നാട്ടുകാരുടെ ക്രമസമാധാന പാലനത്തിനുവേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്ന ഒരു ശക്തിയെ, ഒരു വ്യക്തിയുടെ ചുറ്റും ഒരു വലയം സൃഷ്ടിച്ച്; എന്തുകൊണ്ട് ഏത് മലയാളിയേയാണ് അവന് ഭയം? ആരാണ് അവനെ കൊല്ലാനിരിക്കുന്നത് എല്ലാ ദിവസവും? പക്ഷേ മലയാളി ഇതും വാലാട്ടിക്കൊണ്ട് അംഗീകരിക്കുന്നു.
ഈ തരത്തിലുള്ള ദുഷ് പ്രഭുത്വം കാരണം അവന്റെ ജീവിതത്തിലുള്ള ഏറ്റവും വലിയ ആഗ്രഹവും അഭിലാഷവുമായിരുന്നു അവന്റെ നേതാവ് കാറില്‍ കയറി പോലീസ് അകമ്പടിയോടുകൂടി സഞ്ചരിക്കുമ്പോള്‍ അവന്‍ വഴിയരികില്‍ നിന്ന് സ്വപ്‌നം കണ്ടു ഈശ്വരാ എനിക്കും ഒരു ദിവസം കാറില്‍ കയറി ഇങ്ങനെ പോലീസ് അകമ്പടിയോടുകൂടി പോകാന്‍ കഴിയേണമേ.. മലയാളികള്‍ ഒളിഞ്ഞിരിക്കുന്ന അടിസ്ഥാന പരമായിട്ടുള്ള നമ്മുടെ ഫ്യൂഡല്‍ മനസ്സാണ് ഇത്. ഈ ഫ്യൂഡല്‍ മനസ്സാണ് നമ്മളെക്കൊണ്ട് വാലാട്ടിക്കുന്നത്. ഈ ഫ്യൂഡല്‍ മനസ്സാണ് ഈ കൊടിവെച്ച് പോലീസ് അകമ്പടിയോടുകൂടി പോകുന്ന മന്ത്രിമാരെ നോക്കി പണ്ട് അടൂര്‍ ഗോപാലകൃഷ്‌ണന്റെ ചിത്രത്തില്‍ മരിച്ചു പോയ ഭരത് ഗോപി പറഞ്ഞതു പോലെ ` ഹോ എന്തൊരു സ്‌പീഡ്' എന്നു പറയാന്‍ മലയാളിയെ പ്രാപ്‌തനാക്കുന്നത് ഇതില്‍ നിന്നു നമുക്ക് മോചനമില്ല എന്നു ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ ഈ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അതിന്റെ അണികളെ ഓരോ പാര്‍ട്ടിയും അതില്‍ റൈറ്റ്, ലെഫ്‌റ്റ് തുടങ്ങിയ അല്ലെങ്കില്‍ യാതൊരു വകഭേതവുമില്ല, ഓരോ രാഷ്ട്രീയ പാര്‍ട്ടിയും അതിന്റെ അണികളെ പഠിപ്പിക്കുന്നത്, പാര്‍ട്ടിയാണ് പൗരനേക്കാള്‍ വലുത് എന്നാണ്. അതിനെപ്പറ്റി നമുക്ക് യാതൊരു സംശയവും വേണ്ട. പാര്‍ട്ടിയാണ് മലയാളിയേക്കാള്‍ വലുത് എന്നാണ്; പാര്‍ട്ടിയാണ് കേരളത്തെക്കാള്‍ വലുത് എന്നാണ്. അധികാരമാണ് എല്ലാറ്റിലും വലുത് എന്നാണ്. അധികാരം ലഭിച്ചു കഴിഞ്ഞാല്‍ പൗരന്റെ മൂഖത്ത് കാര്‍ക്കിച്ചു തുപ്പണം. കഴിയുമെങ്കില്‍ അവനെ നിലത്തിട്ട് ചവിട്ടണം എന്നാണ് ഇവര്‍ അണികളെ പഠിപ്പിച്ചുവെച്ചിരിക്കുന്നത്. കണ്ണൂരിലും തലശ്ശേരിയിലും കൊല്ലുന്ന നമ്മള്‍ ഓരോ ദിവസവും രാവിലെ വാര്‍ത്തവായിച്ച് നമ്മളെ ഞെട്ടിപ്പിക്കുന്ന കൊലകളൊക്കെ നടത്തുന്നത് ഈ പരിശീലനം ലഭിച്ച അണികളാണ്. ഒരുവിധത്തില്‍ പറഞ്ഞാല്‍ പാര്‍ട്ടികളുടെ നമ്മള്‍ ആദ്യം രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തിലെ പടയാളികളുടെ കാര്യം പറഞ്ഞു. പാര്‍ട്ടികളുടെ കൂലിപ്പട്ടാളക്കാരുടെ കാര്യം പറഞ്ഞു. പാര്‍ട്ടികളുടെ കൂലിപ്പട്ടാളക്കാരാണ് പരസ്‌പരം കൊല്ലുന്നത്; രാഷ്ട്രീയ മസ്‌തിഷ്‌ക പ്രക്ഷാളനത്തിന് വിധേയരായ നിര്‍ഭാഗ്യവാന്മാരാണ്.
ഓരോ പാര്‍ട്ടിയും ഓരോ രാഷ്ട്രത്തെപ്പോലെയാണ് ഇപ്പോള്‍. ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം ചെയ്യുന്നതുപോലെയാണ് കേരളത്തിന്റെ മണ്ണില്‍ സി.പി.എമ്മും ബി.ജെ.പിയും അല്ലെങ്കില്‍ സി.പി.എമ്മും ബി.ജെ.പിയുടെ പിന്നില്‍ നില്‍ക്കുന്ന ആര്‍.എസ്.എസ് എന്ന വര്‍ഗീയ ഫാസിസ്റ്റ് സംഘടനയും. യുദ്ധം ചെയ്‌ത് അവര്‍ പരസ്‌പരം കൊന്നു വീഴ്‌ത്തുകയാണ്. ഇതെന്തൊരു രാജ്യം? എന്തൊരു സമൂഹം? കൊല്ലപ്പെടുന്നതില്‍ - സൂഷ്‌മമായി നമ്മള്‍ നോക്കിക്കഴിയുമ്പോള്‍ ഏതൊരു യുദ്ധത്തിലുമെന്നതു പോലെ - യുദ്ധവുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളാണ് കൊല്ലപ്പെടുന്നത്. എന്തിനു കൊല്ലപ്പെട്ടു? സൗകര്യത്തിനു കിട്ടിയത് അവനെയാണ്. അവനെ കൊന്നു. എന്നുള്ള രീതിയിലുള്ള കൊലകളും ഇതിനകത്തുണ്ട്. നിഷ്‌കളങ്കരായവരും കൂലിപ്പട്ടാളങ്ങളുമാണ് കൊല്ലപ്പെടുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- ഞാനിപ്പോള്‍ പറഞ്ഞുവന്നതു പോലെ കഴിഞ്ഞ നാലോ അഞ്ചോ ദശകങ്ങളായി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അണികളോട് പറഞ്ഞു വിശ്വസിപ്പിച്ചിട്ടുള്ള വിഷം നിറഞ്ഞ രാഷ്ട്രീയ നുണകളാണ്. സി.പി.എം അടക്കമുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പറഞ്ഞു വിശ്വസിപ്പിച്ചിട്ടുള്ള ആ നുണകളാണ്, അല്ലെങ്കില്‍ മതമൗലികവാദികള്‍ അണികളോട് പറഞ്ഞു വിശ്വസിപ്പിക്കുന്ന ആ വര്‍ഗീയ നുണകളെപ്പോലെയുള്ള രാഷ്‌ട്രീയ നുണകളാണ് ഇന്ന് രക്തപ്പുഴകളായി ഇതിലേ ഒഴുകുന്നത്. ആ നുണകളുടെ ശക്തി വമ്പിച്ചതാണ്. രക്തം രുചിച്ചു കഴിഞ്ഞ ചാവേറുകളെ നിയന്ത്രിക്കാന്‍ പാര്‍ട്ടികളുടെ ഉടമകള്‍ക്കും സാധിക്കുന്നില്ല. കേരളത്തില്‍ ഞാനിവിടെ പറഞ്ഞു ജനങ്ങളാണാ പാര്‍ട്ടികളെ നിയോഗിക്കുന്നത് എങ്കിലും അടിസ്ഥാനപരമായിട്ട് ഓരോ പാര്‍ട്ടിയും ഓരോ ഉടമകളുടെ കയ്യിലാണ്. സി.പി.എം പോലും ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് മറ്റു പലതും പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളാണ്. പലതും ഒരു കുടുംബത്തിലെ ഒന്നോ രണ്ടോപേര്‍ ചേര്‍ന്ന് നടത്തുന്ന കമ്പനിയാണ്. കേരളാ കോണ്‍ഗ്രസിന്റേയും ജനതാദളിന്റെയും ഒക്കെ പല കഷണങ്ങളും ഈ ഒരാളും അയാളുടെ മകനും ചേര്‍ന്ന് നടത്തുന്ന ചെറിയ കമ്പനികള്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ കുറച്ചു പണം മുടക്കും. അതൊരു കിലുക്കികുത്ത് പോലുള്ള കളിയാണ്. ജയിച്ചാല്‍ ജയിച്ചു, ജയിച്ചില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പുവരെ കാത്തിരിക്കും. അതല്ല ജയിച്ചുവെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് മുടക്കിയ പണവും പലിശയും തിരിച്ചുപിടിക്കുക.
ഈ തരത്തില്‍ നടത്തുന്ന ഈ കമ്പനികളുടെ ഈ പ്രൈവറ്റ് പബ്ലിക്കുമായ കുടുംബപരവും അല്ലാതെയുമായ രാഷ്ട്രീയ കമ്പനികളുടെ കൂലിപ്പട്ടാളക്കാര്‍ നടത്തുന്ന ചോരയൊഴുക്കിനെയാണ് നാം ഇന്ന് അഭിമുഖീകരിക്കുന്നത്. ഇവരെ നിയന്ത്രിക്കാന്‍ ഈ ഉടമകള്‍ക്ക് കഴിയുന്നില്ല. അത്രയ്‌ക്കും തീവ്രമാണ് ഈ നിണമണിഞ്ഞ രാഷ്ട്രീയ വിശ്വാസം. അത്രയയ്‌ക്കും ആഴത്തിലാണ് അവരുടെ തലച്ചോറില്‍ നുണകള്‍ കുത്തിതിരുകിയിരിക്കുന്നത്. കാലാകാലങ്ങളായിട്ട്, സ്റ്റഡിക്ലാസുകളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും ജാഥകളിലൂടെയും പ്രകടനങ്ങളിലൂടെയും എല്ലാം ഇവരെ യന്ത്രമനുഷ്യരെപ്പോലെ രാഷ്ട്രീയ ജീവികളാക്കി മാറ്റിയിരിക്കുന്നു. സി.പി.എം ഒരു കേഡര്‍ പാര്‍ട്ടിയാണ്. ആര്‍.എസ്.എസും ബി.ജെ.പിയും കേഡര്‍ സംഘടനകളാണ് പാര്‍ട്ടികളാണ്. എന്താണ് കേഡര്‍ പാര്‍ട്ടി എന്ന് നാം പറയുന്നതിന്റെ അര്‍ഥം? അനുസരണയാണ് അവയുടെ അടിസ്ഥാനശീലം. പറഞ്ഞാല്‍ അനുസരിക്കണം. നേതൃത്വം പറയുന്നതെന്തോ അത് അണുകിട മാറാതെ അനുസരിക്കണം അതാണ് കേഡര്‍ പാര്‍ട്ടി. പണ്ട് ഹിറ്റ്‌ലറും മുസ്സോളിനിയുമൊക്കെ നടത്തിയിരുന്ന അതേ, ആര്‍.എസ്.എസ് വാസ്‌തവത്തില്‍ മുസ്സോളിനിയുടെ ഇറ്റലിയില്‍ പോയി, മുസ്സോളിനിയുടെ ഫാസിസ്റ്റ് പാര്‍ട്ടിയുടെ സ്‌കൂളുകളില്‍ പോയി പഠിച്ചാണ് മുഞ്‌ജെ എന്നു പറയുന്ന ആള്‍ ആര്‍.എസ്.എസ് സ്ഥാപിച്ചത് തന്നെ.
ഇത്തരത്തിലുള്ള കൊലയാളികളെ തങ്ങളുടെ അധികാരത്തൊഴുത്തുകളില്‍ നിര്‍മ്മിച്ച്, കുപ്പിയില്‍ അടച്ചുവെച്ചത് അവര്‍ തന്നെയാണ്. കുപ്പിയിലെ ഭൂതം എന്നു പറയുന്നതാണ് കൊലയാളികള്‍. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം കുപ്പിയിലെ ഭൂതങ്ങളെ സൃഷ്ടിച്ച് വെച്ചിരിക്കുകയാണ്. ഒരു യാദൃശ്‌ചിക നിമിഷത്തില്‍ കുപ്പിയില്‍ നിന്ന് ഭൂതം പുറത്തു പോയാല്‍ പിന്നെ- ഡോക്‌ടര്‍ ഫ്രാങ്കൈസ്റ്റിന്‍, ഫ്രാങ്കൈന്‍സ്റ്റിന്‍ ഡമോണ്‍സ്റ്റര്‍ എന്നു പറയുന്ന പഴയ ഒരു ഡോക്‌ടര്‍ ഫ്രൈങ്കൈന്‍സ്റ്റിന്‍മാര്‍ പിന്നെ നോക്കിനില്‍പ്പുകാര്‍ മത്രമാണ്. പിന്നെ അതിനെ ഒന്നും ചെയ്യാന്‍ പറ്റില്ല. ഭൂതം പുറത്തുപോയി പിന്നെ ഭൂതം ഭൂതത്തിന്റെ വഴിയേ പോകും. കേരളത്തിന്റെ ശാപം എന്റെ അഭിപ്രായത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭീകരതയാണ്. പൊളിറ്റിക്കല്‍ ടെറ്റിസം. ചോദ്യം ചെയ്യാന്‍ ആരും തയ്യാറല്ല എന്നതാണ്. ഇവിടെ ചോദ്യം ചെയ്യുന്നത് ഒരു മതത്തിന്റെ ഭീകരതയെ നാം ചോദ്യം ചെയ്യും ഇതെല്ലാം വരും. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീകരന്മാരായി മാറുമ്പോള്‍, ഭരണകൂടം ഭീകരന്മാരായി മാറുമ്പോള്‍ അതു നടക്കുന്നുണ്ടിവിടെ. ആരും അതിനെ ചോദ്യം ചെയ്യില്ല. ബുദ്ധിജീവികള്‍ ചെയ്യില്ല.
സുകുമാര്‍ അഴീക്കോടിനും വേണം ഒരു രാഷ്ട്രീയ കുടയും തണലും. ഇല്ലെങ്കില്‍ സുകുമാര്‍ അഴീക്കോടിന് ജീവിക്കാന്‍ വയ്യ. ഇടതിന്നുമാറി വലത്തേക്ക് വന്നു. കോണ്‍ഗ്രസില്‍ നിന്നു മാറി സി.പി.എമ്മിലേക്ക് മാറും. ഇത്തരത്തില്‍ ചാഞ്ചാടി നില്‍ക്കുന്ന എല്ലാ സുകുമാര്‍ അഴീക്കോടിന്റെ പേര് ഒരു ഉദാഹരണമായിട്ട് പറഞ്ഞു എന്നേയുള്ളു. ഏറ്റവും പ്രധാനപ്പെട്ട പബ്ലിക് ഇന്റലക്‌ച്വല്‍ എന്ന നിലയില്‍ പറഞ്ഞെന്നേയുള്ളൂ. അദ്ദേഹത്തിനും രാഷ്ട്രീയ തണലില്ലാതെ ജീവിക്കാന്‍ സാദ്ധ്യമല്ല. കാരണം അദ്ദേഹത്തിനു വേദികള്‍ നല്‍കുന്നത് ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ സംഘടനകളാണ്. അവര്‍ ഒരു ദിവസം `ചീ' എന്നു പറഞ്ഞാല്‍ കഴിഞ്ഞു- സുകുമാര്‍ അഴീക്കോടിന്റെ കഥ കഴിഞ്ഞു- ഈത്തരത്തിലുള്ള ട്രാപ്പുകളിലാണ് പല ഇന്റലക്‌ചലുകളും പോയി വീണിരിക്കുന്നത്. മതങ്ങളില്ല- ഈ ഭീകരതയെ ചോദ്യം ചെയ്യാന്‍ മതങ്ങളില്ല. മൈത്രാന്മാര്‍ക്കും മൗലവിമാര്‍ക്കും ഈ പറഞ്ഞ അമൃതാനന്ദമയിമാര്‍ക്കുമെല്ലാം രാഷ്ട്രീയ തണല്‍ കൂടിയേ തീരൂ. അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഇത് വേണം. മാധ്യമങ്ങളില്ല. ഈ വമ്പു പറയുന്ന എല്ലാ പത്രങ്ങള്‍ക്കും ടി.വി.ചാനലുകള്‍ക്കും രാഷ്ട്രീയ തണല്‍ കൂടിയേ തീരൂ. അവരുടെ വമ്പുപറച്ചില്‍ എല്ലാം ടെലിവിഷന്‍ എന്ന യന്ത്രത്തിന്റെ ഫ്രെയിമിന്റെ നാലു കോണുകളില്‍ അവസാനിച്ചു. എല്ലാം അതത് സമയത്ത് അന്ന് രാവിലെ അന്നുച്ചയ്‌ക്ക് അന്നുവൈകീട്ട് എന്ത് കോളിളക്കം സൃഷ്ടിക്കാന്‍ നാവിനു കഴിയും എന്നതില്‍ ഈ പറഞ്ഞ എല്ലാ രാഷ്ട്രീയ മാദ്ധ്യമങ്ങളുടെ പ്രബുദ്ധതയും അവിടെ ഒതുങ്ങുന്നു.
എനിക്ക് മതങ്ങള്‍ക്ക് - ഒരു കാര്യം മാത്രം നമ്മള്‍ പ്രത്യേകം ഓര്‍ക്കണം- മതങ്ങള്‍ക്ക് രക്തത്തിന്റെ മതം ഒരു പുതുമയല്ല എന്നു മാത്രം നമ്മള്‍ രാഷ്ട്രീയക്കാരെ കുറ്റം പറയുമ്പോള്‍ നമ്മള്‍- മാധ്യമങ്ങള്‍ രക്തച്ചൊരിച്ചില്‍ നടത്താറില്ല ഭാഗ്യവശാല്‍ -മാധ്യമ വിപണന യുദ്ധങ്ങള്‍ നടക്കുന്നുണ്ട്. മനോരമയും മാതൃഭൂമിയും തമ്മില്‍ യുദ്ധം നടക്കുന്നുണ്ട്. അതില്‍ ആരും കത്തിക്കുത്തു നടത്തിയതായി നമ്മള്‍ ഇതുവരേ കേട്ടിട്ടില്ല. പക്ഷേ മതങ്ങള്‍ക്ക് തീര്‍ച്ചയായിട്ടും മതങ്ങള്‍ രക്തച്ചൊരിച്ചിലിന്റെ മസ്റ്റേര്‍സ് ആണ്. അനാദികാലം തൊട്ടേ, എന്നു മതങ്ങളുണ്ടായി അന്നു തൊട്ട് അവര്‍ രക്തച്ചൊരിച്ചിലില്‍ വിദഗ്‌ധന്മാരാണ്. എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് രാഷ്ട്രീയ പാര്‍ട്ടികള്‍ രക്തച്ചൊരിച്ചിലിന്റെ പാഠങ്ങള്‍ പഠിച്ചതുതന്നെ മതങ്ങളില്‍ നിന്നല്ലേ എന്ന് സംശയിക്കണം. കാരണം വിശുദ്ധ ഗ്രന്ഥങ്ങള്‍ എന്നു വിളിക്കപ്പെടുന്ന അവിശ്വസനീയമയി വിളിക്കപ്പെടുന്ന എന്നാണ് ഞാന്‍ പറയുന്നത്. എന്തുകൊണ്ട് അവ വിശുദ്ധങ്ങളായി എന്ന് ഞാന്‍ തിരിച്ചും മറിച്ചും തലകുത്തിയിരുന്നു നോക്കിയിട്ടും എനിക്ക് മനസ്സിലായില്ല, എന്താണ് അതിലെ വിശുദ്ധിയെന്ന്. വിശുദ്ധ ഗ്രന്ഥങ്ങള്‍ എന്നു വിളിക്കപ്പെടുന്ന എല്ലാ മത ഗ്രന്ഥങ്ങള്‍ പലതും അതിരില്ലാത്ത രക്തദാഹങ്ങലുടെ കഥയാണ്. അതില്‍ ചൊരിയുന്ന, ബൈബിളിലും മഹാഭാരതത്തിലും രാമായണത്തിലുമുള്ള രക്തച്ചൊരിച്ചിലുകളുടെ ചരിത്രം എത്രമാത്രം രക്തച്ചൊരിച്ചിലിനെ അത് ന്യായീകരിക്കുന്നു. അവിശ്വസനീയമായ രീതിയിലുള്ള ഇവയെയാണ് നാം വിശുദ്ധ ഗ്രന്ഥങ്ങള്‍ എന്നു പറഞ്ഞ് ആരാധിക്കുന്നത് ആലോചിക്കുമ്പോഴാണ് നമ്മുടെ ഭ്രാന്ത് മതമൗലിക വാദികള്‍ അല്ലാത്ത സാധാരണക്കാരായ നമ്മുടെ ഭ്രാന്ത് എവിടം വരെ ചെന്നിരിക്കുന്നു എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ബൈബിള്‍ വായിച്ചിട്ടുള്ള; ഞാന്‍ വായിച്ചിട്ടുണ്ട്, പ്രത്യേകിച്ചും പഴയനിയമം എന്നു വിളിക്കുന്ന ഓള്‍ഡ് ടെസ്റ്റ്‌മെന്റ് എന്ന് വിളിക്കുന്ന വായിച്ചിട്ടുള്ള ഒരു കുട്ടിക്ക് ദുഃസ്വപ്‌നം കാണാതെ കിടന്നുറങ്ങാന്‍ സാദ്ധ്യമല്ല. അത്ര ഭീകരമാണ് അതിലെ ചോരക്കഥകള്‍. കൊല കൊല കൊല കൊല രക്തം രക്തം പക പക അതിലെല്ലാം പങ്കെടുക്കുന്നത് സാക്ഷാല്‍ ദൈവം തന്നെയാണ്, സാക്ഷാല്‍ ദൈവം തന്നെയാണ് രക്തച്ചൊരിച്ചിലിന് മുന്‍കൈ എടുക്കുന്നത്. ഈ തരത്തിലുള്ള പുസ്‌തകങ്ങളാണ് നമ്മളിവിടെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളായി ബഹുമാനിക്കുന്നത് എന്നുള്ളത് നമ്മള്‍ മറക്കണ്ട എന്നു ഞാന്‍ പറയുകയാണ്. മഹാഭാരതം, ബൈബിള്‍ അതുപോലെ തന്നെ മഹാഭാരതവും, രാമായണവും എല്ലാം തഥൈവ. ഖുര്‍ആനിലും ബുദ്ധമത ഗ്രന്ഥങ്ങളിലും മാത്രമേ ഒരു പക്ഷേ വചനത്തില്‍ പ്രത്യേകമായ രക്തദാഹമില്ലാത്തതുള്ളൂ. ആ ഗ്രന്ഥത്തിനുള്ളില്‍ പ്രതക്യക്ഷമായ രക്തദാഹമില്ലാത്തതുള്ളൂ. പക്ഷേ അതുകൊണ്ടും കാര്യമൊന്നും ഉണ്ടായില്ല. ബുദ്ധമതക്കാരും, ഇസ്‌ലാമിസ്റ്റും ഒക്കെ ഇന്ന് രക്തച്ചൊരിച്ചില്‍ ധാരാളം ശ്രീലങ്കയിലും അഫ്‌ഗാനിസ്ഥാനിലുമൊക്കെ രക്തച്ചൊരിച്ചിലില്‍ തന്നെയാണ് വിശ്വസിക്കുന്നത്.
സമൂഹത്തിന്റെ അടിത്തറ അഴിമതികൊണ്ടും തിന്മകൊണ്ടും, അധികാര പ്രമത്തതകൊണ്ടും കുലുങ്ങുമ്പോള്‍ മനുഷ്യന് ഇന്ന് കണ്ണൂരിലും ചെയ്യേണ്ടത് എന്റെ അഭിപ്രായത്തില്‍ രണ്ട് സാമൂഹിക ശക്തികളോടാണ്. ഒന്ന് മതത്തെ. ആദ്യം ചോദ്യം ചെയ്യേണ്ടത് മതത്തെയാണ്. നമ്മള്‍ അവരോട് ചോദിക്കേണ്ടതുണ്ട്. നിങ്ങളല്ലേ കുട്ടിക്കാലംതൊട്ട്, ഞാന്‍ ജനിച്ചു വീണ നിമിഷം തൊട്ട് സമൂഹത്തിന്റേയും വ്യക്തിയുടേയും സമ്പൂര്‍ണ സദാചാരം ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നു എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ മത അധികാരിയും ഓരോ മെത്രാനും ഓരോ മൗലവിയും ഓരോ ഹൈന്ദവ, ധര്‍മ്മ ആദ്ധ്യാത്മിക ഗുരുവും പറയുന്നത് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം എന്താണ് സദാചാരം. നിങ്ങള്‍ ഞങ്ങളെ അനുസരിച്ചാല്‍ മതി, എല്ലാ സദാചാരവും ഞങ്ങളുടെ കയ്യിലുണ്ട്. ദൈവത്തിന്റെ സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടയ്‌ക്ക്, നിങ്ങള്‍ക്കും ദൈവത്തിനുമിടയ്‌ക്ക് ഞങ്ങളാണ് മധ്യവര്‍ത്തികള്‍. ഞങ്ങളേ വിശ്വസിക്കൂ. ഞങ്ങള്‍ക്ക് മുമ്പില്‍ കുമ്പിടൂ എന്ന് പറഞ്ഞ് ജനിക്കുമ്പോള്‍ മുതല്‍ നമ്മളെ അവര്‍ ചങ്ങല ഇട്ടിട്ടുണ്ട്. പുരോഹിതന്മാരുടെ ഉത്തരവാദിത്വം എന്താണ്? നിങ്ങലുടെ കുഞ്ഞാടുകളല്ലേ ഈ കൊല്ലുന്നത്. നിങ്ങള്‍ നിങ്ങളുടെ വിശ്വാസം അടിച്ചേല്‍പ്പിച്ചവരല്ലേ ഈ കൊല്ലുന്നത്? നിങ്ങള്‍ എന്തുകൊണ്ട് അവരെ തടയാന്‍ കൂടെ കൂടുന്നില്ല. അല്ലെങ്കില്‍ ആദ്യംതന്നെ ഇതുവ തടയാനുള്ള ശക്തി എന്തുകൊണ്ട് നിങ്ങള്‍ക്കുണ്ടായില്ല. എനിക്കറിഞ്ഞുകൂടാ. അതോ യഥാര്‍ഥത്തില്‍ നിങ്ങള്‍ മതങ്ങള്‍ വെറും ഉദരപൂര്‍ണക്കാരായ നോക്കിനില്‍പ്പുകാര്‍ മാത്രമാണോ? നമുക്കുണ്ടല്ലോ ഇവിടെ ഈ സി.പി.എമ്മിന്റെ സി.ഐ.ടി.യു മാത്രമല്ല എ.ഐ.ടി.യു.സി അടക്കമുള്ള എല്ലാ പൊളിറ്റിക്കല്‍ പാര്‍ട്ടികളുടെയും തൊഴിലാളി യൂണിയനുകള്‍ നോക്കിനില്‍പ്പുകാരാണ്. ജോലി ചെയ്യാതെ കൂലിയുണ്ടാക്കുക എന്ന വിപ്ലവ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരാണ്. അപ്പോള്‍ മതങ്ങളും അത്തരത്തിലുള്ള ജോലി ചെയ്യാതെയുള്ള നോക്കിനില്‍പ്പുകാരായി മാറിയിരിക്കുകയാണ്. രണ്ടാമത് ചോദ്യം ചെയ്യേണ്ടത് രാഷ്ട്രീയക്കാരെയാണ്.
ഈ ചോദ്യങ്ങള്‍ ചോദിക്കാനുള്ള ശേഷിയുള്ള ജനിതകത്തെ തന്നെ എന്റെ അഭിപ്രായത്തില്‍, ഞാന്‍ പറയുന്നത് തെറ്റായിരിക്കാം- ഈ രാഷ്ട്രീയ പാര്‍ട്ടികളോടും മതങ്ങളോടും ഈ ചോദ്യങ്ങള്‍ ചോദിക്കാനുള്ള ശേഷിയുടെ അണു ആയിട്ടുള്ള ആ ജനിതകത്തെ തന്നെ മതങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന ആസൂത്രിതവും സമര്‍ഥവുമായി മലയാളിയുടെ തലച്ചോറില്‍ നിന്ന് ഇറക്കിക്കളഞ്ഞിട്ടുണ്ട് എന്നാണ് ഞാന്‍ ഭയപ്പെടുന്നത്. മതപരമായും രാഷ്ട്രീയപരമായും നമ്മുടെ തലച്ചോറുകള്‍ മുണ്‌ഡനം ചെയ്യപ്പെട്ടു. കണ്ണൂരിലും തലശ്ശേരിയിലും നടക്കുന്ന കൊലകള്‍, ഈ നാട്ടിലെ മനുഷ്യരുടെ സാമൂഹിക പ്രത്യേകയുടെ ഭാഗമാണെന്ന് ചിലര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതൊക്കെ കണ്ണൂര്‍കാര്‍ക്കും തലശ്ശേരിക്കാര്‍ക്കുമൊക്കെ. കൊല ഇങ്ങനെ സാധാരണമാണ്. അതൊരു ട്രൈബല്‍ നേച്ചറാണ്. ഇത് പച്ചക്കള്ളമാണെന്നാണ് എന്റെ വിശ്വാസം. ഇതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഇത്തരത്തില്‍ ഒരു സമൂഹത്തെ മുഴുവനും അടച്ച് കൊലയാളികളാക്കും, അതവരുടെ രക്തത്തിലുള്ളതാണ്, അവരുടെ പാരമ്പര്യത്തിലുള്ളതാണ് എന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഇതിന്റെ ഏക- ഞാന്‍ മനസ്സിലാക്കുന്നത് - ഈ കാണുന്ന കൊലകള്‍ ഈ നാട്ടിലെ മനുഷ്യരില്‍ ചിലര്‍ ഒരു ന്യൂനപക്ഷം ഒരു സൂക്ഷ്‌മ നൂനപക്ഷം എത്രമാത്രം രാഷ്ട്രീയമായ ക്ഷുദ്ര കര്‍മ്മങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു എന്നതിന്റെ മാത്രം തെളിവാണ്. അതല്ലാതെ ഇത് കണ്ണൂര്‍ക്കാര്‍ക്കും തലശ്ശേരിക്കാര്‍ക്കും ഇതൊരു സ്വഭാവമാണ് എന്നു പറയുന്നതിന്റെ അര്‍ഥമില്ലായ്‌മയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതൊരു സ്വഭാവമാണ്. അവരുടെ ചാവേറുകാര്‍ക്ക് ഇതൊരു സ്വഭാവമാണ്. ചിലപ്പോള്‍ ഈ ചാവേറുകള്‍ മുഴുവന്‍ ഇവിടത്തുകാരാണോ എന്നു പോലും നാം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അവരൊക്കെ എവിടെനിന്നു വന്നു എന്ന്. അതുകൊണ്ട് എന്റെ അഭിപ്രായത്തില്‍ കണ്ണൂര്‍ക്കാരും തലശ്ശേരിക്കാരും ഒക്കെ മലയാളികള്‍ പൊതുവെ ചോദ്യം ചെയ്യേണ്ടത് അവരവരെ തന്നെയാണ്. നമ്മളെന്തിന് ഇത്തരമൊരു രാഷ്ട്രീയപാര്‍ട്ടി അടിമത്വത്തിന് വിധേയരായി. അടുത്തതായി അവര്‍ ചോദ്യം ചെയ്യേണ്ടത് ഞാന്‍ നിങ്ങളെ ഏല്‍പ്പിച്ച ജോലി? അത് കൊലയാണോ രാഷ്‌ട്ര നിര്‍മ്മാണമാണോ? ഈ ചോദ്യങ്ങള്‍ കണ്ണൂരിലും തലശ്ശേരിയിലും മാത്രമല്ല, കേരളമൊട്ടാകെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേരെ ഉയരുമ്പോള്‍ മാത്രമേ- മതങ്ങലോട് ചോദ്യം ചോദിച്ചിട്ട് ഒരു കാര്യവുമില്ല- അവര്‍ സ്വര്‍ഗത്തെ ഉയര്‍ത്തിപ്പിടിക്കും, നരകത്തെ ഉയര്‍ത്തിപ്പിടിക്കും, ദൈവത്തെ ഉയര്‍ത്തിപ്പിടിക്കും, പിശാചിനേയും ഉയര്‍ത്തിപ്പിടിക്കും. അവര്‍ ഒരു പുഞ്ചിരിയോടെ നിങ്ങളേക്കാളേറെ സമര്‍ത്ഥരാണ് ഞങ്ങള്‍ എന്ന് പറഞ്ഞ് നില്‍ക്കത്തേയുള്ളൂ. അഴരെ ചോദ്യം ചെയ്‌തിട്ട് കാര്യമില്ല, അവര്‍ അക്കൗണ്ടബിള്‍ അല്ല. മതങ്ങള്‍ അവരുടെ വിശ്വാസികളോട് അക്കൗണ്ടബിള്‍ അല്ല- കാരണം അവര്‍ക്കെല്ലാം നാട്ടിന്‍പുറത്തേക്ക് കയറ്റാം ഈശ്വരത്തിലേക്ക് തട്ടിയിടാം. പക്ഷേ രാഷ്ട്രീയ പാര്‍ട്ടികള്‍ അക്കൗണ്ടബിളാണ്. അവര്‍ നമ്മുടെ അടുത്ത് വോട്ടു ചോദിച്ചു വരും. ആ അക്കൗണ്ടബിളിറ്റി നമ്മള്‍ ഒരു ആയുധമാക്കി മാറ്റണം. അതുകൊണ്ട് ചെയ്യേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളെയാണ്. ഈ ചോദ്യങ്ങള്‍ നാടൊട്ടാകെ, കേരളമൊട്ടാകെ ഉയരുമ്പോള്‍ മാത്രമേ എന്റെ അഭിപ്രായത്തില്‍ മലയാളികളുടേയും അവരുടെ കുഞ്ഞുങ്ങളുടേയും ഭാവി സുരക്ഷിതമാവുകയുള്ളു. അല്ലെങ്കില്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന പോലെ കണ്ണൂരിലും തലശ്ശേരിയിലും മാത്രമല്ല, ഇന്നത്തെ ഭരണകൂടത്തിനു കീഴില്‍ കേരളമൊട്ടാകെ സംഭവിച്ചിരിക്കുന്നതു പോലെ തകര്‍ച്ച മാത്രം. എല്ലാ തലങ്ങളിലും താഴോട്ടുള്ള പോക്ക്. അത് ഇതിനു ശേഷം അടുത്ത മന്ത്രിസഭ വരുമ്പോഴും അതു തന്നെ, എത്രയോ വര്‍ഷങ്ങളായി നാം ഇതു കാണുന്നു. മലയാളി അവന്റെ അതിജീവന ശക്തികൊണ്ട് കേരളം വിട്ടു ഓടിപ്പോയി അറേബ്യന്‍ നാട്ടിലും മറ്റു നാട്ടിലും പോയി അടിമപ്പണി ചെയ്‌ത് അയച്ച പണമാണ് ഇന്ന് കേരളത്തെ നിലനിര്‍ത്തുന്നത്. രാഷ്ട്രീയക്കാരോ ഇവിടുത്തെ ഭരണകൂടമോ ഉത്‌പാദിപ്പിക്കുന്ന പണമല്ല. ഈ സത്യം നമ്മള്‍ മനസ്സിലാക്കാത്തിടത്തോളം നമ്മള്‍ ജീവിക്കുന്നത്, ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ `വിഡ്‌ഢികളുടെ സ്വര്‍ഗ്ഗ? ത്തിലാണ്. എന്നു പറഞ്ഞുകൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു. നന്ദി, നമസ്‌ക്കാരം.