source : workersforum
പാപികളെ, പ്രാന്തവല്‍ക്കരിക്കപ്പെട്ടവരെ, അശരണരെ, ബഹിഷ്കൃതരെ സ്നേഹിക്കുന്നതാണ് ക്രിസ്തുസ്വഭാവത്തിന്റെ പ്രത്യേകത(ലൂക്ക് 5-32). സമ്പന്നരോടും, ചൂഷകരോടും പരീശന്മാരോടും അധികാരികളോടും യേശു കൂറു പ്രഖ്യാപിച്ചില്ല. അവരുടെ മുഖത്തുനോക്കി സര്‍പ്പസന്തതികളേ എന്ന് വിളിച്ചു. പക്ഷേ ഇന്നത്തെ സഭയുടെ ചങ്ങാതിമാര്‍ അബ്കാരികളും മുതലാളിമാരുമാണ്. സഭ തന്നെ സ്വയമൊരു മുതലാളിയാണ്. സ്വയം വലിയവരാകുന്നതോടെ ക്രിസ്തുദര്‍ശന ത്തില്‍ അവര്‍ ചെറുതായിപ്പോവുന്നു. അതോടെ ക്രിസ്തു, സഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്നു. തന്നെത്താന്‍ വലിയവനാക്കുന്നവനൊക്കെ ചെറുതാക്കപ്പെടും എന്നും, സ്വയം ചെറുതാവുന്നവനെയാണ് അവന്‍ മാനിക്കുന്നതെന്നും ക്രിസ്തു പറഞ്ഞിട്ടുണ്ട്.
ഒരു ക്രിസ്ത്യാനിക്ക് കമ്യൂണിസ്റ്റ് പാര്‍ടിയിലോ ഇടതുപക്ഷ രാഷ്ട്രീയത്തിലോ പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന പ്രശ്നത്തിലേക്കു വരാം. ഏത് ഭൌതികസാഹചര്യത്തിലാണ് ഒരാള്‍ ജീവിക്കുന്നത് എന്ന കാര്യം ഇവിടെ പരമപ്രധാനമാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന വിമോചനദൈവശാസ്ത്രത്തിന്റെ ചരിത്രം നോക്കുക. അവിടെ കൃഷിയോഗ്യമായ ഭൂസ്വത്തിന്റെ പകുതിയിലധികം ഭൂവുടമകളുടെ ഒന്നരശതമാനത്തിന്റെ അധീനതയിലായിരുന്നു. സാമ്രാജ്യത്വവും ദേശീയ മുതലാളിത്തവും തമ്മിലുള്ള കൂട്ടുകെട്ട് പാവങ്ങളുടെ ജീവരക്തം ഊറ്റിക്കുടിച്ചു. ഈ പൈശാചികശക്തിയുടെ മര്‍ദനോപാധിയായി സൈന്യം നിലകൊണ്ടു. ഇതിനെതിരെ സഭ വിപ്ലവകാരികളുടെ പക്ഷംചേര്‍ന്നു. മനുഷ്യത്വത്തിന്റെ കൊടിയും മുദ്രാവാക്യവുമുയര്‍ത്തി. 1967ല്‍ അവികസിതരാജ്യങ്ങളിലെ 17 മെത്രാന്മാര്‍ സംയുക്തമായി സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. പൊതുനന്മയ്ക്കും ദാരിദ്ര്യോച്ചാടനത്തിനും വേണ്ടിയുള്ള വിപ്ലവങ്ങളെ സഭയ്ക്ക് പിന്താങ്ങാവുന്നതാണ് എന്നതായിരുന്നു ആ ഇടയലേഖനത്തിലെ മുഖ്യ ആശയം. അവരില്‍ ഒമ്പതുപേര്‍ ലാറ്റിനമേരിക്കരായിരുന്നു. വിമോചന ദൈവശാസ്ത്രം ലോകമെങ്ങുമുള്ള പീഡിതരുടെ ആശ്വാസപാതയായി മാറിയത് അന്നുമുതല്‍ക്കാണ്
1991 അമേരിക്ക ഇറാക്ക് യുദ്ധത്തിനു പുറപ്പെടുന്നു. പ്രസിഡന്റ് ബുഷ് മുട്ടുകുത്തി കൈവിരിച്ച് വിജയത്തിനുവേണ്ടി പ്രാര്‍ഥിച്ചു. ഏതുദൈവമാണ് ഇറാഖികളെ കൂട്ടക്കൊലചെയ്യാന്‍ ഈ ഭക്തനെ അനുഗ്രഹിച്ചത്. ദരിദ്രരെ കാണാതെ ധനികര്‍ക്കൊപ്പം കൂടി ദുര്‍ബലനെ അവഗണിച്ച് ബലവാനുമായി കൈകോര്‍ത്ത് വിജയാട്ടഹാസം മുഴക്കുന്ന ഈ അദൈവമാണ് ഇന്ന് കേരളത്തിലും രണഭേരി ഉതിര്‍ക്കുന്നത്. അമ്പതുലക്ഷം കൊടുത്ത് ഡോക്ടറാകാനുള്ള പണക്കാരന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ന്യൂനപക്ഷാവകാശമെന്ന മുഖംമൂടി ധരിച്ച് ഗോഗ്വാ വിളിക്കുന്നവരില്‍ പ്രവര്‍ത്തിക്കുന്നത് ഏതുദൈവമാണ്? അത്തരമൊരു ആധിപത്യശക്തി സൃഷ്ടിക്കുന്ന ഇടയലഖനങ്ങളിലെ ധാര്‍ഷ്ട്യം ഫാസിസത്തിന്റേതാണ്. മതേതരരാജ്യത്തു വസിക്കുന്ന ഇതരമതസ്ഥരോടുള്ള വെല്ലുവിളിയുമാണ്. ബുഷിന്റെ ദൈവത്തെയാണ് ഇക്കൂട്ടര്‍ ഉപാസിക്കുന്നത്.
ഈ അദൈവസൃഷ്ടാക്കള്‍ ഒരുകാലത്ത് മഹാത്മാഗാന്ധിയെ അന്തിക്രിസ്തുവായി ചിത്രീകരിച്ചവരുടെ തുടര്‍ച്ചയാണ്. കേരളത്തില്‍ ഗാന്ധിജി വന്നപ്പോള്‍ കാണാന്‍പോയതിന്റെ പേരില്‍ വിശ്വാസികള്‍ ശിക്ഷിക്കപ്പെട്ടു. കൈവിരിച്ചുനിന്ന് അല്ലെങ്കില്‍ കുരിശുപിടിച്ചുകൊണ്ട് കുര്‍ബാന കാണുക തുടങ്ങിയ പീഡനങ്ങള്‍ക്കിരയായവരുടെ ചിത്രം പഴമക്കാരുടെ മനസ്സില്‍നിന്ന് അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകാനിടയില്ല. അന്ന് കൊളോണിയലിസത്തിന്റെ കുഴലൂത്തുകാരായിരുന്നു മതദ്രോഹവിചാരണക്കാര്‍. എം പി പോളിനെക്കുറിച്ച് റോസി തോമസ് എഴുതിയ സ്മരണകളില്‍ ഖദര്‍ ധരിച്ചു വരുന്നതിനെപ്പറ്റി പുച്ഛിച്ചു സംസാരിക്കുകയും ഗാന്ധിജിയെ അന്തിക്രിസ്തുവായി ചിത്രീകരിക്കുകയും ചെയ്തിരുന്ന അച്ചന്മാരെയും കന്യാസ്ത്രീകളെയും കുറിച്ചു പറയുന്നുണ്ട്. അന്ന് അതൊക്കെ പുണ്യമായിരുന്നു. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോള്‍ സംഗതി നേരെ തിരിഞ്ഞു. കോണ്‍ഗ്രസുകാര്‍ സ്വീകാര്യരായി.
സ്കൂള്‍, കോളേജ്, ആശുപത്രി എന്നീ സ്ഥാപനങ്ങളുടെ മീതെ കെട്ടിയുയര്‍ത്തപ്പെട്ട ഭരണസംവിധാനം കേരളത്തിലെ കത്തോലിക്കാ സഭയ്ക്കു പരമപ്രധാനമാണ്. പൌരസ്ത്യ കാനോന്‍ നിയമം നടപ്പാക്കിയതോടെ പള്ളികളും അവയോടനുബന്ധിച്ചുള്ള സകലമാന സ്വത്തുക്കളും മെത്രാന്റേതായി മാറി. ഇവയെല്ലാം തന്നിഷ്ടപ്രകാരം നടത്തിക്കൊണ്ടുപോകുമ്പോള്‍ വിമര്‍ശനമുയര്‍ത്തുവാന്‍ ആര്‍ക്കും അവകാശമില്ല എന്ന നിലപാടില്‍നിന്നാണ് ഇവിടെ കമ്യൂണിസ്റ്റ് വിരുദ്ധത രൂപംകൊണ്ടത്. നിരീശ്വരത്വമാണ് സഭയിലെ ഏറ്റവും വലിയ പ്രശ്നമെന്ന് സ്ഥാപിച്ചുകൊണ്ട് ഈശ്വരനെ രക്ഷിക്കാന്‍ പടച്ചട്ടയണിഞ്ഞവര്‍തന്നെയാണ് അരനൂറ്റാണ്ടുമുമ്പ് വിമോചനസമരം നടത്തിയത്. നിരീശ്വരത ലോകത്തുണ്ടാകുന്നെങ്കില്‍ അതിന് വിശ്വാസികളും കാരണക്കാരാണ് എന്നൊരു വീക്ഷണം കഴിഞ്ഞ വത്തിക്കാന്‍ സൂനഹദോസിന്റെ രേഖകളില്‍നിന്നു വായിക്കാം. (സഭ ആധുനികലോകത്തില്‍ , അധ്യായം 19, 20, 21 ഖണ്ഡികകള്‍) ദിവംഗതനായ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയെപോലെയുള്ള വിശാലമനസ്കരായ സഭാപിതാക്കന്മാര്‍ കമ്യൂണിസ്റ്റ് പാര്‍ടിയും കത്തോലിക്കാസഭയും ഒത്തുപോകുന്നതിനെ ശരിവെച്ചിട്ടുള്ളവരാണ്.
മതവിശ്വാസത്തെ സ്ഥാപനങ്ങളുടെ തന്നിഷ്ടപ്രകാരമുള്ള നടത്തിപ്പിനും അധികാരസ്ഥാപനത്തിനുംവേണ്ടി ഉപയോഗിക്കുമ്പോള്‍ അത് വര്‍ഗീയവാദമായി തരംതാഴുന്നു. ക്രിസ്ത്യാനികള്‍ ക്രിസ്താനികളുടെ സ്കൂളുകളിലും കോളേജുകളിലും കുട്ടികളെ അയയ്ക്കണമെന്ന് അനുശാസിക്കുന്നതിലെ (മാര്‍ പൌവ്വത്തിലിന്റെ പിതൃവേദി പ്രഭാഷണം) ഭയങ്കരത്വം തിരിച്ചറിയപ്പെടേണ്ടതുണ്ട്. അതുപോലെതന്നെയാണ് സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നു നിയമനം നടത്തിയാല്‍ നിരീശ്വരത്വം വളരാനിടയാകും എന്ന കണ്ടുപിടിത്തവും. മാര്‍ക്കും യോഗ്യതയുമല്ല പ്രധാനം വിധേയത്വമാണെന്നര്‍ഥം.
Tuesday, June 3, 2008
Subscribe to:
Post Comments (Atom)
 
 

 
 
No comments:
Post a Comment