Monday, December 2, 2013

കാടും കാടന്മാരും അല്ല നമ്മുടെ ആവശ്യം നാടും നാടന്മാരുമാണ്...

കസ്തൂരിരംഗൻ  റിപ്പോർട്ടിൽ പ്രതിഷേധിച്ച് ജനം തെരുവിൽ ഇറങ്ങിയപ്പോൾ കസ്തൂരിരംഗനെ അനുകൂലിച്ച ഹരിത വാദികൾ ചക്കിട്ടപ്പാറയിൽ പയ്യാനിക്കോട്ട എന്നൊരു മല തന്നെ വെട്ടി നിരത്തി കൊണ്ട് ഇരുമ്പയിര് ഖനനം നടത്താൻ അനുമതി കൊടുത്തതിന്  എതിരെ ശബ്ദിച്ചു കേട്ടില്ല.. ചില പ്രത്യേക താത്പര്യങ്ങളെ സംരക്ഷിക്കാനായി പരിതസ്ഥിതി വാദം നടത്തുന്നവരുടെ പൊള്ളത്തരങ്ങൾ ആണ് ചക്കിട്ടപ്പാറയിൽ പൊളിയുന്നത്.. ചക്കിട്ടപ്പാറയിൽ ഒക്കെ നടത്തുന്നത് അക്രമം തന്നെയാണ്...

പശ്ചിമഘട്ടം നന്നാക്കാൻ വാനനിരീക്ഷകനെ വെച്ച കേന്ദ്ര സർക്കാർ തന്നെയാണ് ഇതേ സഹ്യസാനുക്കളുടെ ഉൾഭാഗം തുരന്ന് അതിന്റെയകത്ത്   ജീവകണം പൊട്ടിച്ച്പരീക്ഷിക്കാൻ അനുവാദം കൊടുത്തതും.. അന്നൊന്നും കണ്ടില്ലല്ലോ സുഗതകുമാരിയെയും ഹരിത എം എൽ എ മാരെയും...എന്തേ ??

ആർക്കോ വേണ്ടി മരണവീടുകളിൽ പണ്ട് നെഞ്ചത്തടിച്ചു നിലവിളിക്കാൻ പണ്ട് കൂലിക്ക് ആളെ വെക്കാറുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്... അതേ  പോലെ കേരളത്തെ തകർക്കാനായി പരിതസ്ഥിതിയുടെ പേര് പറഞ്ഞ് നിലവിളിക്കുന്ന കവികളെയും രാഷ്ട്രീയക്കാരെയും സംരക്ഷിക്കുന്നവരെ വെളിച്ചത്ത്  കൊണ്ട് വരണം.. പണ്ട് തന്റെ "കൊക്കിന് " ജീവനുണ്ടെങ്കിൽ നെടുമ്പാശ്ശേരി വിമാനത്താവളം ഉണ്ടാവാൻ അനുവദിക്കില്ലായെന്നു പറഞ്ഞ് ബഹളം വെച്ചവർ തന്നെ "കൊക്കിനെ" കൊന്നു കറി വെച്ചിട്ട് വിമാനത്താവള കമ്പനിയുടെ ബോർഡിൽ കയറി ഞെളിഞ്ഞിരിക്കുന്ന കാഴ്ചയും നാം കണ്ടു.. നെടുമ്പാശ്ശേരി വിമാനത്താവളം വന്നത് കൊണ്ട് പരിതസ്ഥിതി മുഴുവൻ കുളമായോ ആവോ? ആറന്മുള വികസിച്ചാലും ഇത്തരം കൊക്കുകൾ മാത്രമേ ചാകൂ... 

ഇടുക്കി അണക്കെട്ട് ഉണ്ടാക്കിയപ്പോൾ ഈ പരിതസ്ഥിതിക്കാർ ഇല്ലായിരുന്നതിന്  ദൈവത്തിന് നന്ദി... അല്ലെങ്കിൽ അതും ആതിരപ്പള്ളി പോലെ സംരക്ഷിച്ചിട്ട്  നമ്മൾ ഇരുട്ടത്ത്‌ ഇരുന്നേനെ...

അന്ധമായ വിശ്വാസങ്ങൾക്കും സംഹിതകൾക്കും പിന്നാലെ പോകുന്ന മലയാളിയുടെ ചരിത്രം തീണ്ടലിനും വിപ്ളവ പ്രസ്ഥാനങ്ങൾക്കും പിന്നാലെ പോയി നമ്മുടെ മണ്ണിനെ കുട്ടിച്ചോർ ആക്കിയത് മതി... 

മനുഷ്യന് വേണ്ടിയാണ് പ്രകൃതി... പ്രകൃതിക്കായി സൃഷ്ടിക്കപ്പെട്ടവർ പ്രകൃതിയെ ചൂഷണം ചെയ്യുന്ന വൈദ്യുതി ഉപയോഗിക്കരുത്.. മരം വെട്ടിയുണ്ടാക്കുന്ന കടലാസ് ഉപയോഗിക്കരുത്.. കോണ്‍ക്രീറ്റ് കൊട്ടാരങ്ങളിൽ താമസിക്കരുത്.. വാക്കും പ്രവൃത്തിയും തമ്മിൽ അന്തരം ഉണ്ടാവാൻ പാടില്ല..

എന്ത് കൊണ്ട് കൃഷിയിൽ നിന്ന് ജനം പിന്മാറുന്നു എന്ന് ചിന്തിക്കാത്ത സർക്കാർ വന്യമായ ഒരു സംസ്കാരത്തെ ആണോ പ്രതിനിധീകരിക്കുന്നത്? ഇടുക്കിയിലെയും കുട്ടനാട്ടിലെയും പ്രശ്നങ്ങൾക്ക് പരിഹാരമായി നിർദേശിക്കപ്പെട്ട  ഇടുക്കി കുട്ടനാട് പാക്കേജുകൾക്ക്  എന്ത് സംഭവിക്കുന്നുവെന്ന് സർക്കാർ  വ്യക്തമാക്കണം..

ജനങ്ങൾക്ക്‌ വേണ്ടി ശബ്ടിക്കേണ്ട ജന പ്രതിനിധികൾ ജനത്തിന് എതിരായ നിലപാടുകൾ സ്വീകരിക്കുന്നത് ലജ്ജാകരം തന്നെയാണ്..കൃഷി ചെയ്തു ഉപജീവനം നടത്തുന്ന കർഷകരുടെ കഞ്ഞികുടി മുട്ടിച്ചു വേണോ ഈ ഹരിതവാദം? റബർ വിലയിടിവ് മൂലം കഠിനാധ്വാനത്തിന്റെ വില ലഭിക്കാത്ത കർഷകരുടെ പരിദേവനം കേൾക്കാൻ ഇവരുടെ കാതുകൾ ബധിരമാണ് .. കൃഷി ചെയ്യാനാവാതെ നെൽപ്പാടങ്ങൾ തരിശായി കിടക്കുന്നത് കാണാൻ ഇവരുടെ കണ്ണുകൾ അന്ധമാണ്‌.. 

നെല്ലും റബറും തെങ്ങും  കൃഷി ചെയ്യാൻ കർഷകർ തയ്യാറാവുന്ന ഒരു സാഹചര്യം ഇവിടെ ഉടലെടുക്കണം.. കാടും കാടന്മാരും അല്ല നമ്മുടെ ആവശ്യം നാടും നാടന്മാരുമാണ്... 

Monday, November 4, 2013

ഇതാണോ ദൈവത്തിന്റെ നാട്??

കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നുള്ള പ്രചരണം ഇനിയെങ്കിലും നമുക്ക് നിർത്തിക്കൂടെ?

കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ കാണാൻ കണ്ണുള്ളവന്, കേൾക്കാൻ ചെവിയുള്ളവന് , പറയുവാൻ സാധിക്കുമോ ഇത് ദൈവത്തിന്  നിരക്കുന്ന പണികൾ ആണെന്ന്. ഇനിയെങ്കിലും നമുക്കീ ദൈവദൂഷണം അവസാനിപ്പിക്കാം.

സ്വാമി വിവേകാനന്ദൻ പറഞ്ഞതിൽ നിന്ന് നാം ഒരിഞ്ച്  പോലും മാറിയിട്ടില്ല.. ഇത് ഭ്രാന്താലയം തന്നെയാണ്..

പരസ്യമായി വേണ്ടാതീനം നടത്തിയിട്ട് ലേലു അല്ലു  പറഞ്ഞ് വീണ്ടും മാന്യനാവുന്ന ഒരു മുതിർന്ന  നേതാവ്.. അങ്ങേരെ കുറ്റം പറയാൻ തൊണ്ടി സഹിതം പിടിക്കപ്പെട്ട ഒരു "ഉണ്ണി" നേതാവും, ഒരു "തെറ്റിപ്പോയ" നേതാവും..

പെണ്ണ് പിടിച്ചു അടി കൊണ്ട് അടി കൊണ്ട് വീങ്ങിയ പടം സ്വയം മാധ്യമങ്ങൾക്ക്‌  കൊടുത്ത, അവസാനം ഭാര്യയോടും ലേലു അല്ലു  പറഞ്ഞ് പുണ്യാളൻ ആയ നേതാവ് മന്ത്രിയാവാൻ വീണ്ടും കുപ്പായം തയ്പ്പിക്കുന്നു.

സ്വന്തം  മക്കളെ കൊന്നും കൊല്ലാതെ കൊന്നും തള്ളുന്ന പെറ്റ തള്ളമാരുടെ നാടാണ് കേരളം..

രാഷ്ട്രീയ എതിരാളിയെ അൻപത്തിയൊന്നായി വെട്ടിക്കീറാൻ ക്വോട്ടേഷൻ കൊടുക്കുന്ന നാടാണ് കേരളം..

സരിത..കവിത... തുടങ്ങി പെണ്ണിന്റെ സാരിത്തുമ്പ് കാട്ടി എന്ത് തട്ടിപ്പും നടത്താവുന്ന നാട്

അമിത രാഷ്ട്രീയം കൊണ്ട് മുടിയുന്ന നാട്

തൊഴിലാളികൾ തൊഴിൽ സ്ഥാപനങ്ങൾ പൂട്ടിച്ച് ആഘോഷിക്കുന്ന നാട്

നോക്ക് കൂലി, മണൽ മാഫിയ, പീഡനം, ഹർത്താൽ  അങ്ങനെ ലോകത്ത് മറ്റ്  ഒരിടത്തും നടക്കാത്ത വ്യത്യസ്ഥമായ നിരവധി ആചാരങ്ങളുടെ നാട്

പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കാതെ മെട്രോയും വിമാനത്താവളവും പണിയുന്ന നാട്..

പട്ടിണി കൊണ്ട്  പിഞ്ചു കുഞ്ഞുങ്ങൾ പോലും മരിച്ചു വീഴുമ്പോൾ വിദേശ പര്യടനം നടത്തി കോടികൾ മുടിക്കുന്ന മന്ത്രിമാർ

കള്ളന്മാരും പെണ്ണ് പിടിയന്മാരും ഭരിക്കുന്ന നാട്

ജാതിയും മതവും നോക്കി, വില പേശുന്ന,  ഭരണം വീതം വെക്കുന്ന, നാട്..

നദികളിലെ വെള്ളം മുഴുവൻ അന്യ സംസ്ഥാനക്കാർ ഊറ്റികൊണ്ടുപോകുമ്പോൾ ഇരുട്ടിൽ തപ്പിത്തടയുന്ന നാട് ..

കെ എസ്  ആർ ടീ സീ പോലെയുള്ള വെള്ളാനകളുടെ സ്വന്തം നാട്

ലക്ഷങ്ങളുടെ ജീവൻ നശിപ്പിക്കാവുന്ന മുല്ലപ്പെരിയാർ പോലുള്ള ഭീഷണികൾ നേരിടാൻ ആണത്വം ഇല്ലാത്ത ഭരണാധികാരികൾ ഭരിക്കുന്ന നാട്..

പൊതുജനത്തിന്റെ മനസാക്ഷി ചാനലുകളിൽ സൂക്ഷിക്കുന്ന നാട്

ലോകം മുഴുവൻ ഉപേക്ഷിക്കപ്പെട്ട പ്രത്യയ ശാസ്ത്രത്തിന്  ഇപ്പോഴും ആരാധകരുള്ള നാട്

ലോകത്തിന്റെ പല ഭാഗത്തും പോയി കഷ്ടപ്പെടുന്ന സ്വന്തം നാട്ടുകാർക്ക്  പുല്ലു വില പോലും നല്കാതെ അവരെ വെടി വെച്ച് കളിക്കുന്ന സായ്പ്പിനെ എ സീ മുറിയിൽ  താമസിപ്പിച്ച്  പീസാ വാങ്ങി കൊടുത്ത് സൽക്കരിക്കുന്ന ഏക സ്ഥലം..

നമ്മുടെ പെണ് മക്കളെ അറബികൾക്ക് താൽകാലിക  സുഖത്തിനായി രണ്ടാഴ്ച കാലത്തേക്ക് ഭാര്യആയി വാടകയ്ക്ക് നൽകുന്ന സ്ഥലം...

ഇതാണോ ദൈവത്തിന്റെ നാട്??  ദൈവത്തെ ഇതിൽപരം അപമാനിക്കാൻ മറ്റ് എന്ത് വേണം??

Thursday, August 1, 2013

മാധ്യമ പീഡനം


കേരളത്തിലെ മാധ്യമങ്ങൾക്കും  പ്രേക്ഷകർക്കും  താത്പര്യമുള്ള വിഷയം ആയതു കൊണ്ടാവാം പെണ്ണ് കേസുകൾ ചൂടപ്പം പോലെ ചിലവാകുന്നത്.. രാഷ്ട്രീയത്തോടൊപ്പം കയ്യിട്ടുവാരലും പെണ്ണുപിടുത്തവും  യോജിച്ചു നീങ്ങുന്ന കാഴ്ചയാണ് കേരളത്തിലെ ഇപ്പോഴത്തെ രീതി.. പക്ഷെ ആര് ആരെ പീഡിപ്പിക്കുന്നു എന്നത് ഇപ്പോഴും വ്യക്തമല്ല.. 

മാസങ്ങളോളം ഓടി നടന്ന്  ഐസ് ക്രീം ഈമ്പിയിട്ട് , വീടും കാശും സമ്പാദിച്ചതിന് ശേഷം അത്രയും നാൾ പീഡിപ്പിച്ചു എന്ന് പറയുന്നതിന്റെ ഗുട്ടൻസ് എനിക്ക് മനസ്സിലാകുന്നില്ല..

മകളെ സിനിമയിൽ അഭിനയിപ്പിക്കാൻ എന്ന് പറഞ്ഞ്  കണ്ടവന്മാരുടെ കൂടെ മാസങ്ങളോളം വിട്ടിട്ട് , പെണ്ണിന്റെ ഗർഭം ഒതുക്കാനും ശ്രമിച്ച് അവസാനം പെണ്ണ് മരിച്ചപ്പോൾ പീഡനം എന്ന് പറഞ്ഞ് കരയാൻ അവളുടെ മാതാ പിതാക്കന്മാർക്ക്  എന്ത് അവകാശം?

ഒരു വിമാന യാത്രക്ക് രണ്ടാഴ്ചക്കു ശേഷം ആരുടെയൊക്കെയോ പ്രേരണ മൂലം "എന്റെ മുലയ്ക്ക്  പിടിച്ചേ" എന്ന് പരസ്യമായി കൂവിയത് പണ്ടേതോ സിനിമയിൽ ഒരു കല്യാണം കലക്കാൻ നാടക നടിയെ കൊണ്ട് ഗർഭം  അഭിനയിപ്പിക്കുന്ന രംഗത്തെ ഓർമിപ്പിക്കുന്നു ..

ഇതിനിടയിൽ കാഴ്ചയ്ക്ക് ഹരം പകരാൻ സൂര്യന്റെ പേരുള്ള ചാനലിൽ പെണ്ണ് പിടുത്തം..

ഒരു മന്ത്രിയെ ഒരു പെണ്ണിന്റെ കെട്ടിയവൻ തല്ലുന്നു ..എന്നിട്ട് മന്ത്രി കരയുന്നു...മന്ത്രീടെ ഭാര്യ കരയുന്നു.. എന്നിട്ട് തല്ലിയവൻ സൂര്യന്റെ പേരുള്ള മറ്റൊരു കേസിൽ അകത്താവുന്നു ..അവന്റെ ഭാര്യ പറയുന്നു..they have used my body and soul ... പിന്നെ വേറെ ആരുടെയൊക്കെയോ പേര് പറഞ്ഞു എന്ന് പറഞ്ഞു കോടികളുടെ ലേലം!! 

ഈ പീഡനങ്ങളെ വെല്ലാൻ ഒരു പെങ്കൊച്ച് ഒരു അപ്പന്റെയും മകന്റെയും കൂടെ ഏഴെട്ടു പ്രാവശ്യം ചിരിച്ചോണ്ട് കിടന്നു കൊടുത്തു അത് സ്വയംറെക്കോർഡ് ചെയ്ത്   "അങ്കമാലി ഹൌസ് " എന്നൊരു സീരിയൽ പിടിച്ചു.. ഇപ്പം അവളും പറയുന്നു. അവളെയും പീടിപ്പിചെന്നു...

വൈകുന്നേരം വീട്ടിൽ ടീ വീ ഓണ്‍ ചെയ്‌താൽ ഈവക പീഡന കഥകളുടെ ചർച്ചകൾ മാത്രം... ഇവർക്ക്  കാണിക്കാൻ മറ്റു വാർത്തകൾ ഒന്നുമില്ലേ എന്ന് ചോദിക്കാതിരിക്കുന്നതെങ്ങനെ?  ഈ മാധ്യമങ്ങൾ അല്ലെ  ശരിക്കും ജനങ്ങളെ പീഡിപ്പിക്കുന്നത്?? ഈ മാധ്യമ പീഡനം ആണ് ആദ്യം അവസാനിപ്പിക്കേണ്ടത് ..

Tuesday, July 9, 2013

BEND... BUT DONT BREAK!!!

It is the duty of the state to ensure the freedom and security of its citizens. But it is unfortunate to see that those who are/were in Power are at the forefront to deny these to the voters. 

Do we have the freedom to move or work, when these stupids organize Hartals or strikes for their own gains??

How do we move safely travel when these guys fight on the roads??

How can we switch on the TV in front of our family, when the media floods the prime time with all political rubbish and "political porn visuals"??

Is there a government which functions properly to attend to the needs of its citizen??

Even in Assemblies or Parliament, do they have time to consider our issues, rather than fighting??

How do we travel safely on the roads when the roads have turned to be gutter traps to kill us??

We vote for you guys to rule our country, not to destroy it. 
BEND... BUT DONT BREAK!!!

Friday, June 28, 2013

ജനങ്ങളുടെ ജീവൻ

കാലവർഷം തുടങ്ങി ഒരു മാസം തികയും മുൻപേ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്‌ 124 അടിയായി ഉയർന്നു കഴിഞ്ഞു. ഇനി മഴ തുടർന്നാൽ ഡാം നിറയാൻ അധിക സമയം വേണ്ടി വരില്ല. ഉത്തരാഘണ്ടിലും മറ്റും നഷ്ടമായതിലും വളരെയേറെ ജീവനുകൾ ആവും ജനങ്ങൾ തിങ്ങി പാർക്കുന്ന അഞ്ചു ജില്ലകളിലെയ്ക്ക് ഒരു ഡാമിലെ ജലം പൊട്ടി ഒഴുകിയാൽ നഷ്ടപ്പെടുക. ഈ തിരിച്ചറിവ് നമ്മുടെ അധികാര കേന്ദ്രങ്ങൾക്കോ രാഷ്ട്രീയക്കാർക്കോ ഉണ്ടെന്ന് തോന്നുന്നില്ല. എല്ലാ കാലവർഷത്തിനും മുല്ലപ്പെരിയാറിനെ കൊണ്ട് മുതലെടുക്കാൻ ഇറങ്ങുന്ന നേതാക്കന്മാരെ ജനം തിരസ്കരിക്കണം..ഡാമിലെ ജല നിരപ്പ് ഇനിയും ഉയരാതെ തമിഴ്നാട്ടിലേയ്ക്കോ ഇടുക്കിയിലേയ്ക്കോ ജലം തിരിച്ചു വിടാനുള്ള ക്രമീകരണങ്ങൾ സർക്കാർ എത്രയും വേഗം പൂർത്തീകരിക്കണം .സരിതയും തെറ്റയിലും അല്ലാ...അഞ്ചു ജില്ലകളിലെ ജനങ്ങളുടെ ജീവൻ ആയിരിക്കണം സര്ക്കാരിന്റെ പ്രഥമ പരിഗണന..

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്...

സ്ത്രീസംവരണം രാഷ്ട്രീയത്തിൽ പൂർണമായ അർത്ഥത്തിൽ നടപ്പായി. രാഷ്ട്രീയ വാർത്തകൾ സ്ത്രീകൾ കയ്യടക്കുന്ന വാർത്തകൾ പത്രങ്ങളിലും ചാനലുകളിലും നിറയുകയാണ്. പല വാർത്തകളും കാണുമ്പോൾ ഈ പെങ്കോന്തന്മാരെ ആണല്ലോ ജനം തിരഞ്ഞെടുത്തു വിട്ടത് എന്ന് തോന്നിപ്പോവുകയാണ് ...
സൂര്യനെല്ലി മുതൽ സൗരോർജ്ജം വരെ... 
അടി കൊണ്ടതിന്റെ പടവുമായി കരയുന്നവർ മുതൽ വീഡിയോ കണ്ടു കരയുന്നവർ വരെ...

പക്ഷെ വിവാഹിതയായ ഒരു സ്ത്രീ ഒൻപതു തവണ രണ്ടു പുരുഷന്മാരുമായി കിടക്ക, ചിരിച്ചു കൊണ്ട് പങ്കിട്ട് , അവരുടെ ചിലവിൽ ഇരുപതു ലക്ഷം മുടക്കി വീട് മോടി പിടിപ്പിച്ചിട്ട് , ആ കലാപരിപാടി സ്വയം വീഡിയോയിൽ പകർത്തി നാട്ടുകാരെ കാണിക്കുന്നു.. വേശ്യാവൃത്തി നടത്തിയതിന്റെ വീഡിയോ ചാനലുകൾ ഒരു ഉളുപ്പും ഇല്ലാതെ ആവർത്തിച്ചു കാണിക്കുന്നു.. വേശ്യാവൃത്തിയെ പീഡനം ആക്കി ചിത്രീകരിക്കാൻ രാഷ്ട്രീയക്കാരും...

മുൻപ് ഏതോ പരസ്യത്തിൽ കണ്ട പോലെ ... നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്... വൈകുന്നേരം ആവുമ്പോൾ ടീവീയിൽ ന്യൂസ്‌ ആയും സീരിയൽ ആയും ഷക്കീലപ്പടം തോറ്റു പോവുന്ന കാഴ്ചകൾ...

ഇതൊക്കെയാണോ കേരളീയരുടെ ഇപ്പോഴത്തെ സംസ്കാരം??

Wednesday, May 1, 2013

മൃഗീയവും പൈശാചികവും !!!



മുണ്ടിയെ വെടി വെക്കുന്ന ലാഘവത്തോടെ രണ്ടു ഇന്ത്യാക്കാരെ വെടി വെച്ചിട്ട ഇറ്റാലിയൻ നാവികരുടെ സുരക്ഷയ്ക്ക് ഗെസ്റ്റ് ഹൌസിൽ താമസം, ഇറ്റാലിയൻ ഫുഡ്‌, കൊലക്കേസ് ഇല്ലെന്ന്  ഉറപ്പ്, പെരുന്നാളിനും പതിനാറടിയന്തിരത്തിനും  നാട്ടിൽ പോകാൻ ചാർടെഡ് വിമാനം, ചർച്ച നടത്താൻ അംബാസടറും  വിദേശകാര്യമന്ത്രിയും.. കേരളത്തിൽ സുഖവാസം പോരെന്ന് തോന്നിയപ്പം ദില്ലിയിൽ അമ്മായിയുടെ സംരക്ഷണയിൽ താമസം... 

അതെ സമയം ഒരു ഇന്ത്യാക്കാരൻ തെളിയാത്ത ഒരു കുറ്റത്തിന്റെ പേരിൽ പാക്കിസ്ഥാൻ ജെയിലിൽ കിടന്നു നരക യാതന അനുഭവിച്ചു  കൊല്ലാക്കൊല ചെയ്ത്  ഇട്ടിരിക്കുന്നു.. എത്ര മന്ത്രിമാർ  ഇത് ചർച്ച ചെയ്യാൻ സമയം കണ്ടെത്തി? പാക്ക് ജെയിലുകളിലെ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യാ സർക്കാർ  ചെറുവിരൽ എങ്കിലും അനക്കിയോ?

ആഴ്ചയിൽ നാലുപ്രാവശ്യം ഗൾഫ് ടൂർ നടത്തുന്ന അഹമ്മദ് സായിപ്പോ രെവി ചേട്ടനോ ഗൾഫിലെ ജെയിലുകളിൽ കിടക്കുന്ന ഇന്ത്യാക്കാരുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?  ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പു വരുത്താൻ ആവില്ലെങ്കിൽ പിന്നെ ഇവനൊക്കെ പിന്നെ എന്തിനു മന്ത്രിയാണെന്ന് പറഞ്ഞു നടക്കുന്നു? ഫൂ!!!

ചൈനയുടെ പട്ടാളം ഇന്ത്യക്കുള്ളിൽ ഇരുപതു കിലോമീറ്റർ കടന്നു വന്ന്  ടെന്റ് അടിച്ച് കിടന്നിട്ട്  അവസാനം ഫ്ളാഗ്   മീറ്റിംഗിൽ  ചർച്ച ചെയ്ത് ചെയ്ത്  നുഴഞ്ഞു കേറി എന്ന് സമ്മതിപ്പിച്ചത്രേ .. എന്നിട്ടും ഇവറ്റയെ അടിച്ചിറക്കാൻ സാധിചിട്ടില്ല..  മൃഗീയവും പൈശാചികവും പറഞ്ഞു നടക്കാനല്ലാതെ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കളയാതെ സംരക്ഷിക്കാൻ ആർക്കും കടമയില്ലേ?  നാവികർക്ക് എതിരെ ബഹളം വെച്ച അച്ചുമാമനും കൂട്ടരും പത്രത്തിലെ ചൈനീസ്‌ കടന്നുകയറ്റം വായിച്ചിട്ടില്ല എന്ന് തോന്നുന്നു ...  

ഇന്ത്യയുടെയും ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പു വരുത്താനാവാത്ത ഒരുത്തനെയും വെച്ച് വാഴിക്കരുത് .. 

Thursday, April 25, 2013

കോമാളികളുടെ സ്വന്തം നാട്

ജാതി മത ചിന്തകൾക്ക് അതീതമായി ചിന്തിക്കുവാൻ പഠിപ്പിച്ച ഗുരുദേവന്റെ സ്മരണയ്ക്ക് മുന്നിൽ ഒരു മരണദൂതനെ കൊണ്ട് വന്നു ആദരിക്കുന്ന ജാതിക്കോമരങ്ങൾ ഗുരുദേവ സ്മരണകൾ വികലമാക്കുകയാണ്  ഒരു സന്ന്യാസി വര്യനെ മുക്കി കൊന്ന പാതകത്തിന് മൌനമായി കൂട്ട് നില്ക്കുന്ന അധികാര ഭ്രാന്തരായ കുറെ കാവിധാരികൾ ശിവഗിരിയെന്ന പുണ്യ സ്ഥലത്തെ അവഹേളിക്കുകയായിരുന്നു . ജാതിയുടെ പേരിൽ മനുഷ്യരെ കൊന്നു തള്ളാൻ ചരട് വലിച്ച ഒരു നരാധമനെ ഗുരുദേവന്റെ ഓര്മയ്ക്ക് മുന്നില് നിർത്തുമ്പോൾ ഗുരുദേവനെ ഇതില്പരം അപമാനിക്കാനുണ്ടോ?

മഹാത്മാ ഗാന്ധി ബഹുമാനിച്ച ഗുരുദേവന്റെ മുന്നിൽ ഗാന്ധിജിയുടെ കൊലപാതകിയുടെ പിന്മുറക്കാരനെ ആദരിക്കുന്നത്  ഗാന്ധിജിയെ പോലും അപമാനിക്കുകയല്ലേ?

മോഡിയുടെ ഭരണ മഹാത്മ്യം കൊട്ടി  ഘോഷിക്കുന്നതുപോലെ തന്നെ സദ്ദാം ഹുസൈൻ  ഭരിച്ചപ്പോഴും അദ്ദേഹം  ഇറാക്കിന്റെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്നു. നീചന്മാരെവിശുദ്ധീകരിക്കാൻ അവരുടെ സാമർത്ഥ്യം ഉപകരിക്കുമോ?

ഗുരുദേവൻ പഠിപ്പിച്ച സകലതിനും വിപരീതമായി  പ്രവർത്തിക്കുന്ന വെള്ളാപ്പള്ളിയെ ഒരിക്കലും ഗുരുദേവന്റെ അനുയായിയായി കാണാൻ എന്റെ മനസാക്ഷി അനുവദിചിട്ടില്ല.  ഒപ്പം അഭിനവ ശകുനി സുകുമാരൻ നായരും. വെള്ളാപ്പള്ളിയും നായരും മോഡിയുടെ വരവിനെ പിന്തുണച്ചത്‌ ഒട്ടും പുതുമയായി കാണാനുമാവില്ല.  താമസിയാതെ സംഭവിക്കാൻ പോകുന്ന ഒരു വർഗീയ ധ്രുവീകരണത്തിന്  ഒരു സൂചന മാത്രം.  ഇവരുടെയൊക്കെ സമദൂരം യൂ ഡീ എഫിനോടും എല് ഡീ എഫിനോടും ആയാലും ഹൈന്ദവ സഖ്യത്തിലെക്കുള്ള  ദൂരം ഈ സമദൂരത്തിലും കുറവായിരിക്കും...  അധികാരം കിട്ടുമെങ്കിൽ കൂടെ കൂടാൻ അപ്പന്മാരുടെ മൂട്ടിലെ തഴമ്പിന്റെ ബലത്തിൽ രാഷ്ട്രീയത്തിൽ വിലസുന്ന ചില ശുംഭന്മാരും ഉണ്ടാവും 

ഇതിനോടൊപ്പം തന്നെ കൂട്ടി വായിക്കേണ്ട കഥകൾ തന്നെയാണ് കൈവെട്ട് കേസിലെ പ്രതിയും പിണറായിയും ആയുള്ള ലോഹ്യവും നിരവധി തീവ്രവാദ കേസുകൾ സ്വന്തം പേരിലുള്ള മഹാന് വേണ്ടി രാഷ്ട്രീയക്കാർ ഒഴുക്കുന്ന മുതല കണ്ണീരും വർഗീയ ഗ്രൂപ്പുകളുടെ ആയുധ പരിശീലനങ്ങളും ഒക്കെ .. 

ഇരു വശത്തും വര്ഗീയ കക്ഷികൾ അര മുറുക്കുമ്പോൾ കേരളം അപകടങ്ങളിലെയ്ക്ക് മൂക്ക് കുത്തി വീഴുകയാണ് .. പണിയെടുക്കാൻ മടിയന്മാരായ നമുക്ക് വിദേശ ധനസ്രോതസ്സുകൾ നഷ്ടമാവുകയും കൂടിയാവുമ്പോൾ ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം നാം വീണ്ടും ഉപയോഗിക്കുമ്പോൾ കേരളം കോമാളികളുടെ നാടായി മറ്റുള്ളവർ കണ്ടെങ്കിൽ കുറ്റം പറയാനാവുമോ?