Sunday, August 23, 2009

ആസിയാനും മലയാളിയും

ആസിയാന്‍ കരാറോടു കൂടി മലയാളിയുടെ ഉത്പന്നങ്ങള്‍ക്ക് വില കിട്ടാതാകും.. പട്ടിണിയാവും എന്ന് തുടങ്ങിയ വേവലാതികള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ പല ചോദ്യങ്ങള്‍ അവഗണിക്കപ്പെടാനാവാതെ അവശേഷിക്കുന്നു. അതില്‍ പ്രധാനമായത് മലയാളിയുടെ ഉത്പന്നങ്ങള്‍, അവയുടെ വില, എന്തുകൊണ്ട് നമുക്കീ വേവലാതി, ഈ ഉത്പന്നങ്ങള്‍ വാങ്ങുന്ന മലയാളികളുമില്ലേ.. എന്നിങ്ങനെ പോകുന്നു.

തേങ്ങയും നെല്ലും കുരുമുളകും റബറും മലയാളി കര്‍ഷകന്‍റെ നഷ്ടസ്വപ്നങ്ങളാവാന്‍ തുടങ്ങിയിട്ട്‌കാലമേറെയായി. ആസിയാന് മുന്പേ തന്നെ നമ്മുടെ തൊഴില്‍ സാഹചര്യങ്ങള്‍ കര്‍ഷകരുടെ നട്ടെല്ല് തകര്‍ത്തു. തെങ്ങില്‍ കയറാതെ തേങ്ങ പറിക്കാന്‍ യന്ത്രം കണ്ടുപിടിക്കുന്നവര്‍ക്ക്‌ ഇനാം പ്രഖ്യാപിച്ചു കാത്തിരിക്കുകയാണ്കൃഷിമന്ത്രി. നെല്ല് കൊയ്യണമെങ്കില്‍ കൊയ്ത്തുകാരുമില്ല, കൊയ്ത്തു യന്ത്രവുമില്ല. കുരുമുളക് കൃഷിയുംതഥൈവ. റബറാണെന്കില്‍ റബര്‍ ഫാക്ടറി മുതലാളിമാര്‍ നിയന്ത്രിക്കുന്ന വിപണിയില്‍ റബര്‍ കര്‍ഷകര്‍ക്ക് എവിടെനീതി ലഭിക്കാന്‍? നഷ്ടങ്ങള്‍ സഹിച്ചു മടുത്തു കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു നഗരങ്ങളിലേക്ക്ചേക്കേറുന്നതോടൊപ്പം അവരുടെ മക്കളും കൃഷിയുമായുള്ള ബന്ധം വെടിയുന്നു.

പഴുത്ത ചക്ക കെട്ടിയിറക്കി മുറിച്ചു വട്ടമിരുന്ന് അരക്കും തൂത്ത് കളഞ്ഞു ചക്ക തിന്നുന്ന കാലം പോയി.. ഇപ്പോള്‍ചക്ക വീട്ടില്‍ കയറ്റിയാലേ വയറ് അപ്സെറ്റാകും. ആത്തച്ചക്കയും ആഞ്ഞിലി ചക്കയും ഞാവലും ഇലുമ്പിപുളിയും ബതാങ്കായും ഒക്കെ പണ്ടേ അന്യം നിന്നു. നിര നിരയായി നില്‍കുന്ന മുരിങ്ങകളില്‍ നിറയെ കുരുമുളകുവളളികള്‍ പടര്‍ന്നു നില്‍ക്കുന്ന പറമ്പും കറി വെയ്കാന്‍ അമ്മയ്ക്ക് വാഴയുടെ ചുണ്ടും മൂപ്പച്ചന്‍ പയറും, കറിവേപ്പിലയും ഒക്കെ ഒടിച്ചു കൊടുക്കുന്ന ഓര്‍മ്മകള്‍ സ്വപ്നം കാണാന്‍ മാത്രമുള്ളതായി. ഒറ്റ ഏറിനു മാങ്ങവീഴിക്കാനും ഒരു കടിയിലൂടെ നാട്ടുമാങ്ങ മുഴുവനും ഈമ്പാനും ഇന്നത്തെ എത്ര പിള്ളേര്‍ക്ക് അറിയാം?

ചേമ്പിലയും തലയില്‍ വെച്ചുള്ള ഒരു മഴ നനയുന്ന സുഖം ഇന്ന് കിട്ടുമോ? ഇന്നത്തെ കോണ്ക്രീറ്റ് റൂഫുകള്ക്ക്പോലും നനയാതിരിക്കാന്‍ അലൂമിനിയം പട്ടേല്‍! കപ്പത്തണ്ട്‌ ഒടിച്ചുണ്ടാകുന്ന മാലയും ഓല കൊണ്ടുള്ളവാച്ചും പന്തും ഒന്നും നാം ഇന്ന് നമ്മുടെ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കില്ല.. അവര്‍ കളിക്കുന്നത് ക്രിക്കറ്റും PS3യും .. ഐഡിയ സ്റ്റാര്‍ സിങ്ങരോ, അല്ഫോന്സാമ്മയോ, നികേഷ്‌ വേണുമാരുടെ നേതാക്കളെ ഇരുത്തിപൊരിക്കുന്ന ചവിട്ടുവാര്‍ത്തയോ മാറ്റി മാറ്റി ചാനലൈസ്‌ ചെയ്യുന്നതിന്റെ ഇടയിലെങ്ങാനും കൃഷിദീപം കയറിവന്നാല്‍ ചാനല്‍ മാറ്റാന്‍ ആവശ്യം വരും..

നെല്ല് വിളഞ്ഞു നില്കുന്ന കണ്ടതിന്റെ വരമ്പിലൂടെ ഓടുന്ന സുഖം ആസ്വദിക്കാത്ത കുട്ടികള്‍ എത്ര വട്ടം വീഗാലാണ്ടിലെ റൈഡുകളില്‍ കയറിയിരിക്കുന്നു.

കാലം മാറി.. ഇന്ന് ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ മാര്‍ജിന്‍ ഫ്രീയില്‍ പായ്കറ്റില്‍ കിട്ടും..അരകല്ലും ആട്ടുകല്ലുംഉരുളിയുമൊക്കെ പ്രദര്‍ശന വസ്തുക്കളായി മാറി.. ഉരുളിയില്‍ ഒഴുകുന്ന താമരയും ആട്ടുകല്ലില്‍... ഇന്നു കിണറിന്റെ കപ്പി എടുത്തു കളഞ്ഞു മോട്ടോര്‍ ഇറക്കി, അതിന്റെ ചുറ്റുമതില്‍ ഉരുളിയുടെ ആകൃതിയില്‍ കെട്ടിനിര്‍ത്തുന്നതാണ് ഫാഷന്‍. വൈക്കോല്‍ തുറുവിട്ടിരുന്ന തൂണ്‍ വരെ "ഓര്‍മയ്കായ്" മാറി.

നാം ഒത്തിരിയേറെ മാറിക്കഴിഞ്ഞു എന്നത് യാഥാര്‍ത്ഥ്യമാണ്. നമ്മുടെ കുട്ടികള്‍ക്ക് നമുക്കുള്ള ഓര്‍മ്മകള്‍പോലുമില്ല അയവിറക്കാന്‍.. ഇപ്പോള്‍ തന്നെ ചൈന മാര്‍ക്കറ്റുകളും മലേഷ്യന്‍ തടിയും നാട്ടില്‍ സുലഭം. നമ്മുടെഉത്പന്നങ്ങളേക്കാള്‍ വില കുറച്ചു അതിലും മനോഹരമായവ വരുമ്പോള്‍ നാമും ചിന്തിക്കേണ്ടതല്ലേ... മറ്റുള്ളവര്‍ക്ക് സാധിക്കുമെന്കില്‍ എന്തുകൊണ്ട് നമുക്കിത് സാധ്യമല്ല?

കൊതുകും ചൂടും പണ്ടത്തെ പോലെ സഹിക്കാനുള്ള ആമ്പിയര്‍ ഇല്ലാതെ നാം എയര്‍ കണ്ടീഷണര്‍ യുഗത്തിലെത്തി നില്‍കുമ്പോള്‍ "മച്ചി" എന്ന് നാട്ടുകാര്‍ വിളിക്കാതിരിക്കാനും മാത്രമായി ഒരു കുട്ടിയെ മുഹൂര്‍ത്തം നോക്കികണ്ടിച്ചെടുത്തു ഇന്കുബേറ്ററില്‍ വെച്ചു വളര്‍ത്തി ഡോക്ടറോ എഞ്ചിനീയറോ ആക്കി ആസ്ട്രെലിയാക്ക് വിടാനായി ടൂണ്‍ ചെയ്യുമ്പോള്‍ അവനെ പെരുമഴയത്ത് ഇറക്കി വിടണോ.. പനി പിടിക്കില്ലേ?

കൃഷി ഇല്ലാതാകുന്ന നാട്ടില്‍ അവശേഷിക്കുന്ന ചുരുക്കം ചിലര്‍ക്ക് വിലകളേപ്പറ്റി വേവലാതികള്‍ ഉണ്ടാവാമെങ്കിലും ഇപ്പോള്‍ ഭൂരിപക്ഷവും വാങ്ങുന്നവര്‍ ആയി മാറിയത് കൊണ്ട് കാര്‍ഷിക കേരളത്തിന്‍റെ അന്തകനായി എത്തിയ ആസിയാന്‍ കരാറിനെ പറ്റി ശബ്ദമുയര്‍ത്താന്‍ ജനത്തെ കിട്ടാനില്ല.

നല്ല ശ്രീലങ്കന്‍ തേങ്ങ വില കുറച്ചു കിട്ടുമെങ്കില്‍, ഒന്നാന്തരം തായ്‌ ലാന്‍ഡ്‌ അരി വില കുറച്ചു കിട്ടുമെങ്കില്‍, നല്ല വെളുത്തലുവ പോലത്തെ റബര്‍ കിട്ടുമെങ്കില്‍ അതും ഇവിടുത്തെതിലും സൂപ്പര്‍ വിലയ്ക്ക്, കോളസ്ട്രോള്‍ ഇല്ലാത്ത പാമോയില്‍ വെളിച്ചെണ്ണയേക്കാളും താഴ്ന്ന വിലയ്ക്ക്, പൈല്‍സ്‌ വരാത്ത ബ്രോയിലര്‍ കോഴി പീസ്‌പീസാക്കി കിട്ടുമെങ്കില്‍, പിന്നെങ്ങനെ ഉപഭോക്താവിനെ കുറ്റം പറയാനാവും?

ആസിയാന്‍ കരാറിനെ എതിര്‍ത്ത് യുദ്ധം പ്രഖ്യാപിക്കുന്ന നമ്മുടെ രാഷ്ട്രീയക്കാര്‍ ദയവായി ഒന്ന് തിരിഞ്ഞുനോക്കിയാലും....

നെല്ല് കൊയ്ത്തുകാരെ യൂണിയന്‍ കളിപ്പിച്ചു തമ്മിലടിപ്പിച്ചത് നമ്മളല്ലേ?

തെങ്ങ് വെയ്കുന്നിടത്‌ കൊടി കുത്തിയത് നമ്മളല്ലേ?

റബര്‍ വെട്ടാന്‍ റബര്‍ ഷീററിനേക്കാളും കൂലി ചോദിച്ചു സമരം ചെയ്യിച്ചത് നമ്മളല്ലേ?

റബര്‍ മുതലാളിമാരുടെ കൈമടക്കു വാങ്ങി കര്‍ഷകന്‍റെ മിത്രമെന്ന വ്യാജേന അവന്‍റെ പള്ളക്ക് കുത്തിയതുംനമ്മളല്ലേ?

പറമ്പില്‍ പണിക്കു പോകാതെ മുക്കിനു മുക്ക് യൂണിയന്‍ ആപ്പീസ്‌ ഉണ്ടാക്കി അട്ടിമറിക്കൂലി കിട്ടുന്ന ലോഡ്മാത്രം എടുത്തു നാടു മുടിച്ചതും നമ്മള്‍ തന്നെയല്ലേ?

അപ്പോള്‍ പിന്നെ, നമുക്കും...."
വിതച്ചത് കൊയ്യാം...."

5 comments:

  1. ഒടുവില്‍ രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറയാനും ഒരാളുണ്ടായല്ലോ..... !! എന്തിനേയും എതിര്‍ത്ത് മലയാളിക്കു ശീലമായിപ്പോയി.. എന്ത് ചെയ്യാന്‍...?!!

    ReplyDelete
  2. നമുക്കെല്ലാം ഇങ്ങനെ തര്‍ക്കിച്ചു ദിവസം കഴിക്കാം

    ReplyDelete
  3. Very good thinking

    Me also of the same opinion

    ReplyDelete
  4. Very good thinking

    Me also of the same opinion

    ReplyDelete
  5. ഒരു തെറ്റ് ഉണ്ട്. കൃഷി മന്ത്രിയല്ല, വാണിജ്യ വകുപ്പാണ് തെങ്ങ് കയറ്റ യന്ത്രത്തിന് ഇനാം പ്രഖ്യാപിച്ചത്. കൃഷി മന്ത്രി നാട്ടുക്കൂട്ടങ്ങളില്‍ ആടിയും പാടിയും കഥാപ്രസംഗവും ചവിട്ടുകളിയും നടത്തി നടക്കുമ്പോള്‍, ഇതിനൊക്കെ എവിടെ നേരം. കാര്‍ഷിക സര്‍‌വ്വകലാശാലയാകട്ടെ, കരിക്ക് തുളയ്ക്കുന്ന ആണി, കുമ്പളത്തിന്റെ കുരു എടുക്കുന്ന യന്ത്രം മുതലായ മഹത്തായ കണ്ടുപിടിത്തങ്ങളും നടത്തുന്നു.

    ReplyDelete