കുറെയേറെ പേർക്ക് ശമ്പളവും പെൻഷനും മാത്രം വിതരണം ചെയ്യാനുള്ള സംവിധാനങ്ങളായി നമ്മുടെ സർക്കാർ മാറുകയാണോ? വരവും ചിലവും തമ്മിലുള്ള അന്തരം ഭീമമായി മാറുകയും സർക്കാർ വകുപ്പുകൾ എല്ലാം തന്നെ നഷ്ടങ്ങൾ മൂലം നട്ടം തിരിയുകയും ചെയ്യുകയാണ്..
കുത്തകകളായ വൈദ്യുതി ബോർഡും വാട്ടർ അതോറിറ്റിയും പ്രധാന റൂട്ടുകൾ എല്ലാം കയ്യടക്കി വച്ചിരിക്കുന്ന ട്രാൻസ്‌പോർട് കോർപ്പറേഷനും എന്ന് വേണ്ട, വാങ്ങുന്ന സ്പിരിറ്റ് പതിന്മടങ്ങു് വിലയ്ക്ക് വിൽക്കുന്ന ബിവറേജസ് പോലും നഷ്ടമാണെന്ന് പറയുമ്പോൾ നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ കഴിവുകേടിന് ഇനിയെന്തിന് കൂടുതൽ ഉദാഹരണങ്ങൾ? അമിതവ്യയവും താങ്ങാനാവാത്ത ശമ്പളച്ചിലവുകളും ഈ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യുമ്പോൾ സ്വകാര്യപങ്കാളിത്തത്തോടെ നമ്മുടെ ഭരണ സംവിധാനങ്ങൾ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്..നമ്മുടെ ഓരോ സർക്കാർ ഓഫീസിന്റെയും പ്രതിമാസ ചിലവുകളും അവയിലൂടെ നടത്തുന്ന പ്രവർത്തനങ്ങളും കോസ്ററ് സെന്ററുകൾ ആക്കി വിലയിരുത്താൻ ക്രമീകരണമുണ്ടാവണം.. ഇത് പഠിക്കാനായി ഒരു ഭരണപരിഷ്കാര കമ്മീഷനോ വിദേശ പര്യടനമോ ആവും നമ്മുടെ മേലാളന്മാരുടെ ബുദ്ധിയിൽ ഉദിക്കുക.. അവയൊക്കെയും ധൂർത്തിന്റെ പര്യായങ്ങളായി മാറിക്കഴിഞ്ഞു..മുഴുവൻ സമയ രാഷ്ട്രീയക്കാർക്ക് പകരം വിവിധ മേഖലകളിൽ വൈദഗ്ധ്യം ഉള്ളവർക്ക് ആവണം രാജ്യഭരണം ഏൽപ്പിക്കാൻ..
നമ്മുടെ പ്രാദേശിക ഭരണ കേന്ദ്രങ്ങളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശമ്പളം പോലും നൽകാനാവാത്ത നിലയിൽ തുടരുമ്പോൾ എങ്ങിനെ നമ്മുടെ വഴികളുടെ അറ്റകുറ്റപ്പണികളും മാലിന്യ നിർമാർജനവുമൊക്കെ കാര്യക്ഷമമായി നടക്കും? തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ തുശ്ചമായ നിരക്കിൽ ആശ്രിതർക്ക് നൽകുന്നതിന് പകരം നിലവിലെ വിപണി മൂല്യമനുസരിച്ചുള്ള നിരക്കുകളിൽ ബിസിനസുകൾക്കു വാടകയ്ക്ക് നല്കാനാവണം. വാടകയോടൊപ്പം, തൊഴിൽ, കെട്ടിട, പരസ്യ, പാർക്കിംഗ് നികുതികൾ കൃത്യമായും കച്ചവടങ്ങളുടെ വലിപ്പമനുസരിച്ചും പിരിച്ചെടുക്കാനുള്ള ക്രമീകരണമാവണം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രഥമ സ്ഥാനത്തുണ്ടാവേണ്ടത്.. പേരിൽ പറയുന്നതുപോലെ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം പര്യാപ്തങ്ങളാവേണ്ടിയിരിക്കുന്നു..
പെൻഷൻ നമ്മുടെ സർക്കാരിന്റെ നിരുദ്പ്പാദന പരമായ ചെലവുകളിൽ ഏറ്റം മുന്നിലാണ്.. പെൻഷൻ ഫണ്ടോ, പങ്കാളിത്ത പെൻഷനോ പോലെയുള്ള മാർഗങ്ങളിലൂടെ ചെലവ് നിയന്ത്രണാധീനമാക്കാനുള്ള നടപടികൾ ഉണ്ടാവുന്നതോടൊപ്പം അത്തരം ചിലവുകൾ യുക്തിക്കു ചേരുന്ന രീതിയിലാക്കണം.. സർക്കാർ ശമ്പളം കൊടുക്കാൻ വിഷമിക്കുന്ന ഈ നാളുകളിൽ തന്നെ ലക്ഷങ്ങൾ പെൻഷൻ വാങ്ങുന്ന എത്രയോ പേരുണ്ട്.. ഭാര്യയും ഭർത്താവും കൂടി നല്ലൊരു തുക പെൻഷൻ വാങ്ങുകയും മക്കൾ നല്ല നിലയിൽ ജോലി ചെയ്യുകയും ചെയ്യുന്ന എത്രയോ ഇടങ്ങളിൽ ഈ പെൻഷൻ ചിലവാകാതെ ബാങ്കുകളിൽ സ്ഥിരനിക്ഷേപമായി തുടരുന്നു.. എന്നാൽ മുതിർന്ന എല്ലാ പൗരന്മാർക്കും ആരോഗ്യസംരക്ഷണം അടക്കമുള്ള സൗകര്യങ്ങൾ സർക്കാരിന് ചെയ്യാനായാൽ എല്ലാ പൗരന്മാർക്കും നീതിയും സുരക്ഷയും ഉറപ്പു വരുത്തുവാനും അമിതവ്യയം നിയന്ത്രിക്കുവാനും സർക്കാരിനാവും. വൺ ഇന്ത്യ വൺ പെൻഷൻ, ദി പീപ്പിൾ തുടങ്ങിയ ചില സംഘടനകളുടെ നിർദേശങ്ങൾ ഇക്കാര്യത്തിൽ സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്..

