Monday, February 6, 2012

"നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്"

ശ്രീ സാം പിട്രോദായെപ്പോലെ ഉള്ളവരുടെ നിര്‍ദേശങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കപ്പെടണം.. മുന്‍ രാഷ്ട്രപതി ശ്രീ അബ്ദുല്‍ കലാം, ശ്രീ എം എസ് സ്വാമിനാഥന്‍, വീ ജെ കുര്യന്‍, ശ്രീ ശ്രീധരന്‍... തുടങ്ങിയ പ്രഗത്ഭരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഉള്ള ആ ഉത്സാഹം നാം പിന്നീട് കാട്ടാറില്ല എന്നതാണ് വാസ്തവം. അഥവാ അതില്‍ എന്തെങ്കിലും നടപ്പാക്കിയാല്‍ തന്നെ നമ്മുടെ കീശയെ പരിപോഷിപ്പിക്കുമെങ്കില്‍ മാത്രം.

എക്സ്പ്രസ്സ്‌ ഹൈ വേ, തെക്ക് വടക്ക് പാത, അതിവേഗ കോറിഡോര്‍, ഇങ്ങനെ പല ആശയങ്ങളും ഓരോ മുന്നണി അവതരിപ്പിക്കും.. അടുത്ത മുന്നണി അത് വെട്ടും. മുന്‍ യൂ ഡീ എഫ് കൊണ്ടുവന്ന ഈ എക്സ്പ്രെസ്സ് ഹൈവേ എന്ന സാധനം നമ്മുക്ക് പറ്റിയതല്ല എന്ന് ഒരു സ്വകാര്യ സംഭാഷണത്തില്‍ എന്റെ നേതാവ് എന്നെ പറഞ്ഞു പഠിപ്പിച്ചു. അദ്ദേഹം എല്‍ ഡീ എഫില്‍ മന്ത്രിയായപ്പോള്‍ അത് തെക്ക് വടക്ക് പാതയായി പുനര്‍ജനിച്ചു. അതോടെ ഞാനെന്റെ അഭിപ്രായം വിഴുങ്ങി. പക്ഷെ ഇപ്പോഴും എം സീ റോഡ്‌ വഴി യാത്ര ചെയ്തു ക്ഷീണിക്കുമ്പോള്‍ ആ ചിന്ത ഇടക്കൊക്കെ തികട്ടി വരും. ലോകം തന്നെ ഒരൊറ്റ ഗ്രാമമായി ചുരുങ്ങുകയാണ്... കപ്പലില്‍ മാസങ്ങള്‍ സഞ്ചരിച്ചു ചെന്നിരുന്ന നാടുകള്‍ നിമിഷങ്ങള്‍ കൊണ്ട് എത്താന്‍ സാധിക്കുന്നു. ഭൂമിയുടെ ഏതു കോണില്‍ ഇരിക്കുന്നവനും ആരോടും വീഡിയോയില്‍ കണ്ടു സംസാരിക്കാന്‍ സാധിക്കുന്നു. എന്തിനു പറയണം... രാവിലെ നെടുമ്പാശേരിയില്‍ നിന്ന് കയറുന്ന പച്ചക്കറി ഉച്ചയ്ക്ക് ദുബായിലെ തീന്മേശയില്‍ പ്രത്യക്ഷപ്പെടുന്നു. അപ്പോഴും കേരളത്തിന്റെ പല ഭാഗങ്ങള്‍ ഇപ്പോഴും വിദൂരങ്ങളായി അനുഭവപ്പെടുന്നു എന്ന സത്യം നിലനില്‍ക്കുമ്പോള്‍ നാം എന്തുമാത്രം പുരോഗമിച്ചു എന്നത് ചോദ്യചിഹ്നം ആകാറുണ്ട്.. പുരോഗമിക്കുന്നില്ല എന്നല്ല... മൈക്രോ ചിപ്പുകള്‍ വഴി വേണ്ടാതീനം കൈമാറുന്ന വിദ്യാര്‍ത്തികളെ കാണുമ്പോള്‍ "നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്" എന്ന് പറയാതിരിക്കാനാവില്ല.

നികുതികള്‍ ‍ എന്ന് കേള്‍ക്കുമ്പോഴേ നമുക്ക് അലര്‍ജിയാണ്.. ഈ അലര്‍ജി മറ്റേതൊരു രോഗവും പോലെ ചില കാരണങ്ങളാല്‍ രൂപം കൊള്ളുന്നതും പടരുന്നതും ആവാം. ഇന്ത്യാ മഹാ രാജ്യത്ത് നികുതികള്‍ പിരിക്കുന്നത് ആര്‍ക്കൊക്കെയോ മോഷ്ടിച്ച് കൊണ്ട് പോകാനാണ് എന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവില്ല. അതെ സമയം മറ്റു പലയിടത്തും നികുതി ദായകന് തൊഴില്‍ പോയാല്‍ .. അസുഖം പിടിപെട്ടാല്‍.. കുട്ടികളുടെ വിദ്യാഭ്യാസത്തിനു ..ഒക്കെ സഹായിക്കാന്‍ നികുതി പിരിക്കുന്ന സര്‍ക്കാര്‍ ഉണ്ടാവും. ആദായത്തിന്റെ ഒരു ഭാഗം നികുതിയായി നല്‍കുന്ന ഒരു വ്യക്തി ആദായമോന്നുമില്ലാത്ത അവസ്ഥയില്‍ എത്തിയാല്‍ സംരക്ഷണം ലഭിക്കുമോ ഇവിടെ? പണ്ട് കൊടുത്ത നികുതിയുടെ കഥയൊന്നും പിന്നെ ചിലവാകില്ല. വണ്ടി വാങ്ങാന്‍ വന്‍ നികുതി.. റോഡ്‌ ടാക്സ്, പെട്രോള്‍ അടിക്കാന്‍ പെട്രോള്‍ വിലയില്‍ അധികം നികുതി... എന്നിട്ടും നമ്മുടെ റോഡുകളില്‍ ഇന്നും വാഹനങ്ങള്‍ ഗട്ടറുകളില്‍ വീണു പുറകെ വന്ന വണ്ടി കയറി ആള്‍ക്കാര്‍ മരിക്കുന്നു.. ഗട്ടറുകളിലൂടെ യാത്ര ചെയ്തു നടുവ് ഒടിയുന്നവരുടെ എണ്ണം ധാരാളം. നികുതിത്തുക മുടക്കി പണിയുന്ന പാലം കയറണമെങ്കില്‍ കൊടുക്കണം ടോള്‍ വേറെ.

കള്ളിന് നികുതി വാങ്ങിയാല്‍ അതിലെ പത്തു രൂപയെടുത്ത്‌ കുടിച്ചവന് ഇന്ഷുറന്സ് നല്‍കുന്നതില്‍ എന്താണ് തെറ്റ്?
പെട്രോള്‍ നികുതിയിലെ ഒരു ഭാഗം റോഡുകളുടെ നിര്‍മാണത്തിന് വകയിരുത്താം...
ഇലക്ട്രിസിറ്റി സര്‍ചാര്‍ജ് കൊണ്ട് വഴി വഴിവിളക്കുകള്‍ കത്തിച്ചുകൂടെ ?
ഗള്‍ഫ് ടിക്കറ്റുകളില്‍ നിന്ന് ഉണ്ടാക്കുന്ന ആദായത്തിലെ ഒരു ചെറിയ പങ്കു ഗള്‍ഫ് നാടുകളില്‍ ജയിലുകളിലും ഒക്കെയായി കഷ്ടപ്പെടുന്ന ആളുകളുടെ രക്ഷയ്ക്ക് മാറ്റി വെച്ച് കൂടെ?

നികുതി വാങ്ങാനുള്ള നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യാം...നികുതി ദായകര്‍ക്ക് എന്ത് പ്രയോജനം ഉണ്ടാകും എന്ന് കൂടെ പറഞ്ഞാല്‍..

No comments:

Post a Comment