ശ്രീ മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കുന്ന യൂ പീ എ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തു പറയാന്‍ തുടങ്ങിയാല്‍ സിംഹ ഭാഗവും അമേരിക്ക, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള ആണവ കരാറുകളും പിന്നെ വനിതാ സംവരണവും തന്നെയാകും. ഈ വക പരിഷ്കാരങ്ങള്‍ക്കാണോ അതോ വിലക്കയറ്റം, പട്ടിണി മരണങ്ങള്‍, സ്വൈര്യ ജീവിതം ഇതിലേതിനാണ് ഒരു സര്‍ക്കാര്‍ മുന്ഗണന നല്‍കേണ്ടത് എന്നത് സര്‍ക്കാരിന്റെ ജനങ്ങളോടുള്ള പരിഗണനയില്‍ ആശ്രയിച്ചിരിക്കും.
ആണവ കരാറുകള്‍ ഒപ്പിട്ടു വന്ശക്തികളോട് ഒപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന് കൈ കോര്‍ക്കുമ്പോള്‍ തന്നെ രാജ്യത്തെ പൌരന്മാര്‍ക്ക് ഭീതിയില്ലാതെ ജീവിക്കാനുള്ള അന്തരീക്ഷം നിലനിര്‍ത്തുക എന്നതും ഒരു സര്‍ക്കാരിന്റെ പ്രാഥമിക ദൌത്യങ്ങളില്‍ ഉള്‍പ്പെടുന്നു. മതതീവ്രവാദികളും അതിര്‍ത്തി കടന്നുള്ള തീവ്രവാദികളും ഇന്ത്യയില്‍ ജീവിക്കുന്നവരുടെ ജീവന് തന്നെ ഭീഷണികള്‍ ഉയര്‍ത്തുന്നു. മാവോയിസ്റ്റ് തീവ്ര വാദികള്‍ ഇന്ത്യയിലെ ജനാതിപത്യക്രമത്തെ തന്നെ തകിടം മറിക്കാനുള്ള കരുക്കള്‍ തകൃതിയായി നീക്കുന്നു. കോടികള്‍ മുടക്കി ആണവ റിയാക്ടറുകള്‍ നിരപ്പിനു സ്ഥാപിക്കാന്‍ ഇന്ത്യാ മഹാരാജ്യം ശ്രമിക്കുമ്പോള്‍ തന്നെയാണ് പട്ടിണി മരണങ്ങളും കൃഷിക്കാരുടെ ആത്മഹത്യകളും രാജ്യത്ത് സംഭവിക്കുന്നത്.  കൃഷിക്കാരന്‍ ജീവിക്കാന്‍ തരമില്ലാതെ ജീവിതത്തോട് സുല്ലിടുമ്പോള്‍ കൃഷിമന്ത്രിയാണ് കോടികളുടെ ഐ പീ എല്‍ മാമാങ്കത്തിന് ചുക്കാന്‍ പിടിച്ചു കൊണ്ട് അഭിനവ നീറോ പരിവേഷം തേടുന്നത്.
കര്‍ഷകര്‍ പട്ടിണിയും പരിവട്ടവും നേരിടുമ്പോള്‍ സര്‍ക്കാരിന് ആണവവും ആസിയാനും തന്നെ മുഖ്യം. ഇന്ത്യാ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യാക്കാര്‍ക്ക് വേണ്ടിയോ ആസിയാന്കാര്‍ക്ക് വേണ്ടിയോ ആണവ ശക്തികള്‍ക്കു വേണ്ടിയോ?
സാമ്പത്തിക ശാസ്ത്രത്തിലെ മന്നന്മാരായ ശ്രീ മന്‍മോഹന്‍ സിംഗും ശ്രീ പളനിയപ്പന്‍ ചിദംബരവും വാഴുന്ന നാട്ടില്‍ ഭക്ഷ്യ സാധനങ്ങള്‍ക്ക് പൊന്നുവില .. ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം പതിനേഴും പതിനെട്ടും ശതമാനങ്ങള്‍ താണ്ടുമ്പോള്‍ പൊതു വിലനിലവാര സൂചിക രണ്ടക്കം പിടിക്കുന്നു. കഴിഞ്ഞ ദിവസം ശ്രീ പ്രണാബ് കുമാര്‍ മുഖര്‍ജി വളര്‍ച്ചാ നിരക്ക് രണ്ടക്കം ആവും എന്ന് പറഞ്ഞത് വിലകളിലെ വളര്‍ച്ച ആവും എന്ന് പ്രതീക്ഷിച്ചിരുന്നില്ല! എല്ലാ വസ്തുക്കളുടെയും വിലകള്‍ നിയന്ത്രിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വിലകള്‍ രാജ്യാന്തര വിപണിയില്‍ കയറിയാലും ഇറങ്ങിയാലും ഇന്ത്യയില്‍ മുകളിലോട്ടു തന്നെ..എങ്ങനെ വില കയറ്റാതിരിക്കും... വിലയിലെ 51 .5 % ശതമാനം സര്‍ക്കാര്‍ കീശയിലോട്ടല്ലേ... വോട്ടര്‍മാരെ പിഴിഞ്ഞ് എണ്ണയൂറ്റുന്ന  സര്‍ക്കാര്‍! കേന്ദ്രം എണ്ണ വിറ്റും   പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റും കാശുണ്ടാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കള്ള് വിറ്റും കാശുണ്ടാകുന്നു.. അണ്ണാന്‍ കുഞ്ഞിനും തന്നാലായത്..
പൊതുമേഖല സ്ഥാപനങ്ങള്‍ വിട്ടു പുട്ടടിക്കുന്നതും നല്ല കാര്യം തന്നെ... ഠ വട്ടമുള്ള രാജ്യങ്ങളുടെ വിമാനക്കമ്പനികള്‍ പോലും ആഘോഷമായി ബിസിനെസ് നടത്തുമ്പോള്‍ മഹാരാജാവിന്റെ കമ്പനി മഹാനഷ്ടങ്ങളുടെ പുതിയ പുതിയ റിക്കാര്‍ഡുകള്‍ ഇടുകയാണ്. ചൊവ്വേ നേരെ സ്ഥാപനം നടത്താന്‍ പറ്റില്ലെങ്കില്‍ വിട്ടു കിട്ടുന്ന കാശുകൊണ്ട് പുട്ടടിക്കുക തന്നെ ഭേദം!.
യാദവന്മാരും സോറന്മാരും കോഡമാരും  ബഹന്ജികളും  കോടികള്‍ അമ്മാനമാട്ടി കളിക്കുന്ന നാട്ടില്‍ റാബ്രി പാവ പോലെയോ സര്‍ദാര്‍ജി പാവ പോലെയോ ഇനി പാവ സര്‍ക്കാരുകള്‍ക്ക് അരങ്ങു ഒരുക്കാന്‍ ഇതാ വനിതാ സംവരണം എന്ന കസര്‍ത്തും.. സംവരണങ്ങള്‍ കൊണ്ട് ആരെയാണ് നന്നാക്കുന്നത്? ദളിതരുടെ പേര് പറഞ്ഞു പാര്‍ട്ടി വളര്‍ത്തുന്ന ഒരു സഹോദരിജി മുക്കിനു മുക്കിനു സ്വന്തം രൂപത്തില്‍ കാക്കകള്‍ക്ക് വിസര്‍ജ്ജ്യകേന്ദ്രങ്ങള്‍ നാട്ടാന്‍ കോടികള്‍ മുടക്കുന്നു.  രാജ്യത്തെ ഏറ്റവും ദരിദ്രരുടെ സംസ്ഥാനത്തെ ദരിദ്രരായ ദളിതരുടെ രാഷ്ട്രീയ കക്ഷി പാര്‍ട്ടി സമ്മേളനം കൊഴുപ്പിക്കാന്‍ ചിലവാക്കിയത്  ഇരുനൂറു കോടി! ഒരു പാവം പോസ്റ്റ് മാസ്ടരുടെ മകള്‍ പ്രൈമറി സ്കൂള്‍ വാധ്യാര്‍ പണിയില്‍ നിന്ന് വളര്‍ന്നു കോടീശ്വരിയായി മാറി ആയിരത്തിന്റെ നോട്ടുകള്‍ തന്നെയിട്ടു മാലയുണ്ടാക്കി ഇട്ടു മൂടുന്നത് സ്വന്തം അണികളെ മുഴുവന്‍ വിഡ്ഢികളാക്കി കൊണ്ടല്ലേ? ഇവരല്ലേ ദളിതരെ നന്നാക്കുന്നത്? അല്ലെങ്കില്‍ ഈഴവരുടെ പേരില്‍ വിലപേശല്‍ രാഷ്ട്രീയം കളിച്ചു അവരെ സ്വന്തം ഗുണ്ടകള്‍ ആക്കി  ഉപയോഗിച്ച് കള്ളുകച്ചവടം വളര്‍ത്തുന്ന മഞ്ഞ നേതാക്കളാണോ ഈഴവരെ ഉദ്ധരിക്കുക? വര്‍ഷങ്ങളുടെ സംവരണ കസര്‍ത്തുകള്‍ കഴിഞ്ഞിട്ടും പിന്നോക്കക്കാര്‍ ഇന്നും പിന്നോക്കം തന്നെ..  അവര്‍ അങ്ങനെ പിന്നോക്കമായി നിന്നാലല്ലേ നേതാക്കള്‍ക്ക് നിലനില്പ്  ഉള്ളൂ??  പിന്നോക്ക രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് മാത്രം നേട്ടങ്ങള്‍..കഴിവിന് പകരം ജാതി യോഗ്യതയായി മാറുമ്പോള്‍ ഗുണനിലവാരം അപ്രത്യക്ഷമാവും... ഇതാ ഇനി ലിംഗവും യോഗ്യതയായി മാറുന്നു. എന്തിനു വേണ്ടി ഈ കപട പരിഷ്കാരങ്ങള്‍...രാജ്യം നന്നാവണം എന്നില്ലല്ലോ...സം തിംഗ് വരണം എന്ന് മാത്രം ചിന്തിക്കുന്നവര്‍ ഭരിക്കുന്ന നാട്ടില്‍...
Thursday, March 18, 2010
Subscribe to:
Post Comments (Atom)
 
 

 
 
No comments:
Post a Comment