Saturday, June 13, 2009

ഗോപന്റെ വിശദീകരണങ്ങള്‍...എന്റെയും...

ലോക്സഭാ തിരഞ്ഞെടുപ്പിലെ സീ പീ എമ്മിന്റെ പരാജയത്തെ പറ്റിയുള്ള ഗോപകുമാര്‍ എന്‍ കുറുപ്പിന്റെ വിശദീകരണങ്ങളും ... എന്റെ കമന്റുകളും!

സുഹൃത്തുക്കളേ..!! എഴുതുന്നില്ല എന്നു തീരുമാനിച്ചതായിരുന്നു..!! പക്ഷേ എഴുതുവാതിരിക്കാന്‍ വയ്യാത്ത സ്ഥിതി വിശേഷമാണിപ്പോള്‍ കാണുന്നത്..!! പാര്‍ട്ടിയുടെ സംസ്ഥാന സെക്രെട്ടറി ഒരു അഴിമതികേസില്‍ ഭാഗമാകുകയും അതു വഴി ചെറുതല്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ പാര്‍ട്ടി കടന്നു പൊയ്ക്കൊണ്ടിരിക്കയും ചെയ്യുന്ന ഒരു കാലമാണല്ലോ ഇത്..!!
പ്രതിസന്ധി എന്ന വാക്കുപയോഗിക്കാന്‍ കാരണം രൂപം കൊണ്ട കാലം മുതല്‍ക്കിങ്ങോട്ട് ഒരു പാര്‍ട്ടി ഭാരവാഹിയും അഴിമതി കേസിലോ മറ്റു അസാന്മാര്‍ഗ്ഗികങ്ങളിലോ പെടാത്ത ഒരു പാരമ്പര്യമാണു കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കുള്ളത്..!! ഇത് തീര്‍ച്ചയായും മറ്റൊരു പ്രസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത ഒരു പെരുമ തന്നെയാണു..!! അതു കൊണ്ടു തന്നെയാണു ജനങ്ങളുടെ മനസ്സില്‍ ലാവലിന്‍ കേസ് മുറിപ്പാടുണ്ടാക്കുന്നതും..!! ഇതെങ്ങിനെ കൈകാര്യം ചെയ്യണം എന്നു പ്രസ്ഥാനത്തിന്റെ അമരക്കാരായ സഖാക്കള്‍ക്ക് പോലും നിശ്ചയമില്ലാത്തതും ഈ മുന്‍പരിചയമില്ലായ്മ കൊണ്ടു തന്നെയാണു..!! അതാണ്‌ പറയുന്നത് കക്കാന്‍ മാത്രമല്ല നിക്കാനും പഠിക്കണമെന്ന്... തൊണ്ണൂറു കോടി അടിച്ചുമാറ്റി..പാര്‍ട്ടി ഫണ്ടിലും പിണറായിയുടെ കുടുംബ ഫണ്ടിലും കയറ്റിയിട്ടു കേസ് ഒതുക്കണമെങ്കില്‍ കേരള യാത്രയും ഗവര്‍ണറെ തെറിപറച്ചിലും കൊണ്ട് തീരില്ല...കരുണാകരന് ശിഷ്യപ്പെടണം... ഏതായാലും പേരുദോഷമായി.... കടല് വറ്റി കുളമായി! ഇനി അങ്ങട് അനുഭവിക്ക തന്നെ...

ഇതേ അവസ്ഥ കോണ്‍ഗ്രസ്സിനോ ബി.ജെ.പിയ്ക്കോ മറ്റേതെങ്കിലും ജനാധിപത്യ പ്രസ്ഥാനത്തിനോ ആയിരുന്നെങ്കില്‍ ഒരു പക്ഷേ അവര്‍ ഇത് നിസ്സാരമായി കൈകാര്യം ചെയ്തേനെ..!!

ഇവിടെ മാധ്യമങ്ങളും ജനങ്ങളും ഈ കേസ് ഇത്രയും പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യാനുള്ള കാരണം ഒരിയ്കലും സംഭവിക്കയില്ലാ എന്നു അവര്‍ വിശ്വസിച്ചിരുന്നത് സംഭവിച്ചു എന്നതിലുള്ള അത്ഭുതം കാരണമാണു..!! അഴിമതി കേസുകള്‍ കേരളത്തിനോ ഇന്ത്യയ്ക്കോ പുത്തരിയല്ലാ എന്നോര്‍ക്കണം..!!
പക്ഷേ ഇതിന്റെ പേരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തകര്‍ന്നു തരിപ്പണമായി എന്ന മട്ടില്‍ ഇതിലടക്കം പല കമ്യൂണിറ്റികളിലും വാര്‍ത്തകള്‍ വരുന്നത് മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നം എന്ന നിലയ്ക്കേ കാണാന്‍ കഴിയൂ..!! കാരണം..!!

തീര്‍ച്ചയായും... അവിടെ കമ്മ്യൂണിസം പറഞ്ഞിരുന്നവരെയൊക്കെ പടിയടച്ചു പിണ്ഡം വെച്ചുകൊണ്ടിരിക്കുകയല്ലേ... അവസാന സാമൂതിരിയും പടിവാതിലില്‍ എത്തി നില്കുന്നു...ലെനിനിസ്റ്റ്‌ (പിണറായിസ്റ്റ്) സിദ്ധാന്തങ്ങളല്ലേ ഇപ്പോഴത്തെ കമ്മ്യൂണിസം... അതായത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ജനതാ ദള്‍ പോലെയോ മായാവതിയുടെ ബീ എസ പീ പോലെയോ നേതാക്കളെ പരിപോഷിപ്പിക്കുന്ന ഒരു ചീള് രാഷ്ട്രീയ പാര്‍ട്ടിയായി അധപതിച്ചു കഴിഞ്ഞില്ലേ..

കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ വളര്‍ന്നത് ആരുടെയും കൈ പിടിച്ചല്ല..!! മറിച്ച് വ്യക്തവും നിഷ്ഠവുമായ പ്രവര്‍ത്തന പാരമ്പര്യത്തിലൂന്നിയാണു..!! സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിളിച്ച ഒരു ദേശത്തു നിന്ന് ഒരു ദളിതന്‍ രാഷ്ട്രപതി വരെയായെങ്കില്‍ അതിനു കമ്യൂണിസവും ശക്തമായ ഒരു നിമിത്തമായി എന്നു ഞാന്‍ വിശ്വസിക്കുന്നു..!!

ദളിതരെ രാഷ്ട്രപതി സ്ഥാനത്ത് എത്തിച്ചത്‌ ആരാ സഖാവേ...... ശ്രീ കെ ആര്‍ നാരായണന് എതിരായ നിലപാടല്ലേ ഇടതു പക്ഷം സ്വീകരിച്ചിരുന്നത്,.... ഈ ചെറു പ്രായത്തില്‍ ഇതൊക്കെ മറക്കാമോ സഖാവേ... ഒരു ദളിതനെ മുഖ്യമന്ത്രി കസേരയിലോട്ടു അടുപ്പിക്കാതിരിക്കാന്‍ കേരളത്തില്‍ തന്നെ ആവുന്നത് പയറ്റിയ പാര്‍ട്ടി അല്ലെ സീ പീ എം... പുളു അടിക്കണ്ടാ... സഖാവേ..

മതത്തിന്റെ ചങ്ങലകളില്‍ നിന്നു ജനങ്ങളെ മോചിപ്പിച്ച് ലോകത്തിലാദ്യമായി (അതോ രണ്ടാമതായോ) കമ്യൂണിസ്റ്റുകളെ ബാലറ്റിലൂടെ അധികാരത്തിലേറ്റിയ പാരമ്പര്യമാണു കേരളത്തിനുള്ളത്..!! അന്ന് അതേ ജനവിധിയെ മതത്തിനെ കൂട്ടു പിടിച്ച് അമേരിക്കന്‍ പണമുപയോഗിച്ച് അട്ടിമറിച്ച അതേ കൂട്ടരാണു ഇന്നു ഭരണഘടനയുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത്..!!

അതേ അമേരിക്കയുടെ ചാര സംഘടനയായ സീ ഐ ഏയുടെ കനേഡിയന്‍ ഏജന്സിയുടെ നിയന്ത്രണത്തിലുള്ള ലാവലിനില്‍ നിന്ന് കോടികള്‍ വാങ്ങിച്ചു പുട്ടടിച്ചിട്ട് വേണം ഇത് പറയാന്‍..

വിമോചനസമര കാലത്തെ സൃഷ്ടിയാണു ഉമ്മന്‍ ചാണ്‍ടിയും ആന്റണിയും എന്നോര്‍ക്കുക..!! ആന്റണിയ്ക്കു മതേതര മുഖമാണെങ്കില്‍ കോണ്‍ഗ്രസ്സിന്റെ ക്രൈസ്തവമുഖമാണു ഉമ്മന്‍ ചാണ്ടി..!! കേരളം കണ്ട ഏറ്റവും വലിയ ഉപജാപകന്‍..!!

എന്റെ പിതാവ് പറയുന്ന ഒരു കാര്യമുണ്ട്..!! അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് എല്ലാവര്‍ക്കും എന്നും ജോലിയുണ്ട് പക്ഷേ ആര്‍ക്കും കാര്യമായ സമ്പാദ്യമില്ല ആഹാരമില്ല വിദ്യാഭ്യാസമില്ല..!! കാരണം തൊഴിലാളികള്‍ക്ക് അവരുടെ മൂല്യമെന്താണെന്നറിയില്ല..!! പക്ഷേ കമ്യൂണിസം ആ സ്ഥിതി പാടേ മാറ്റിയെടുത്തു..!! തൊഴിലിനു അര്‍ഹമായ കൂലി തൊഴിലാളിയ്ക്ക് ലഭിക്കും എന്നു കമ്യൂണിസം ഉറപ്പു വരുത്തി..!! പലപ്പോഴും മലയാളി അത് അട്ടിമറിച്ചെങ്കിലും..!! അതു കമ്യൂണിസത്തിന്റെ കുഴപ്പമല്ല..!! പണി ചെയ്യാതെ കൂലി ലഭിക്കണം എന്ന മലയാളിയുടെ ആഗ്രഹമാണു പലപ്പോഴും ഇതിനുള്ള കാരണം..!!

പണി ചെയ്യാതെ കൊടി പിടിച്ചാല്‍ കൂലി കിട്ടും ... വിരട്ടിയാല്‍ നോക്കുകൂലിയും.. ഇതൊക്കെ മലയാളിയുടെ രക്തത്തില്‍ കലക്കി ചേര്‍ത്തത് മറ്റാരുമല്ലല്ലോ... മലയാളിയെ വികസന വിരുദ്ധരും സമര പ്രേമികളും ആക്കിയത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ തന്നെയല്ലേ...

കമ്യൂണിസം അപചയിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു..!! തള്ളിയാലും ഇല്ലെങ്കിലും .... Facts are Facts....മാത്രവുമല്ല ഇപ്പോള്‍ ഭരണഘടന എന്നു പുലമ്പുന്ന മാന്യന്മാരുടെ ചില മുന്‍ കാല പ്രവര്‍ത്തികളിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു..!!
1.
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ മതന്യൂനപക്ഷങ്ങളെ കൂട്ടു പിടിച്ച് അട്ടിമറിക്കുന്നു..!! അതേ മനന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയത്തില്‍ ഒരു വിലപേശല്‍ ശക്തിയായി മാറാന്‍ ആ അവസരം മുതലെടുക്കുന്നു..!! ഈ മതന്യൂനപക്ഷങ്ങളില്‍ പലതും സ്വാതന്ത്ര്യ സമരത്തെപ്പോലും അട്ടിമറിക്കാന്‍ ശ്രമിച്ചവരാണെന്നോര്‍ക്കുക..!!

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ കയ്യിലിരുപ്പിന്റെ കൊണം!
2.
കുടുംബ വാഴ്ച..!! ജനാധിപത്യത്തിന്റെ പേരും പറഞ്ഞ് ഒരു കുടുംബം ഇന്ത്യാ രാജ്യത്തിലെ ഭരണം സ്വകാര്യ സ്വത്താക്കി വച്ചിരിക്കുന്നു..!! ആ കുടുംബത്തിനു പുറത്തു നിന്നുള്ളവരെയോ അതിന്റെ അടിമത്വത്തിനു വിധേയരാകാത്തവരെയോ നാണം കെടുത്തി അവസാനിപ്പിക്കുക..!! ഉദാ: നരസിംഹ റാവു, സീതാറാം കേസരി, ശരദ് പവാര്‍, പി.എം.സാംഗ്മ..!!! കിട്ടാത്ത മുന്തിരിങ്ങാ പുളിക്കും!!!
3. മതശക്തികളെ അമിതമായി വളര്‍ത്തുക..!! ഈ നാട്ടില്‍ ഒരു കൊലക്കേസ് അട്ടിമറിക്കാന്‍ പോലും മതശക്തികളെ പ്രാപ്തരാക്കിയത് ഇന്നു രാജ്യം ഭരിക്കുന്ന പ്രസ്ഥാനമാണു..!! സി.ബി.ഐ. പറയുന്നത് വേദവാക്യമാണെന്നു പറയുന്ന ഉമ്മനും മാണിയും അടങ്ങുന്ന കോക്കസ് അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ഉദാഹരണം..!!

കൊന്നും കൊല വിളിച്ചും പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കി വിലസുന്ന ഗുണ്ടകളുടെ പുതിയ പല്ലവി.... വാസവദത്തയുടെ ചാരിത്ര്യപ്രസംഗം!

4. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിച്ച് അവയുടെ വിശ്വാസത ഇല്ലാതാക്കുക..!! ബൊഫോര്‍സ് കേസ്, സിഖ് വിരുദ്ധ കലാപം എന്നിവ ഉദാഹരണം..!

സീ ബീ ഐ .. പോടാ പുല്ലേ എന്നതല്ലേ സീ പീ എമ്മിന്റെ അന്വേഷണ ഏജന്സികളോടുള്ള നയം!
5. വ്യക്തമായ ആദര്‍ശത്തിലൂന്നിയല്ലാതെ രാജ്യത്തെ നയിക്കുക..!! പണ്ടു കാലങ്ങളില്‍ സോഷ്യലിസത്തിലൂന്നിയ വ്യവസ്ഥിതിയായിരുന്നു കോണ്‍ഗ്രസ്സിനെങ്കില്‍ ഇന്ന് തീര്‍ത്തും മുതലാളിത്ത വ്യവസ്ഥിതിയിലൂന്നില ഭരണമാണു..!! പണ്ട് സമാധാനം കാംക്ഷിക്കുന്ന രാജ്യം എന്ന വിളിപ്പേര്‍ ഇന്ത്യയ്ക്കുണ്ടായിരുന്നെങ്കില്‍ ഇന്നു സാമ്രാജ്യത്ത ശക്തികളുടെ പങ്കാളിയായി മാറിയിരിക്കുന്നു ഇന്ത്യ..!!

പക്ഷെ ലോക സമ്പത്ത്‌ വ്യവസ്ഥിതിയില്‍ ഇന്ന് ഒരു വന്‍ ശക്തിയായി ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുന്നു എന്ന വസ്തുതയും സഖാവ് കൂട്ടി വായിക്കുക... നമ്മുടെ നയങ്ങളിലെ മാറ്റങ്ങള്‍ തന്നെയാണ് ഈ വളര്‍ച്ചക്ക്‌ പ്രേരകം... അല്ലാതെ പഴയ സോഷ്യലിസം പറഞ്ഞു നടന്നിരുന്നുവെങ്കില്‍ എന്നെ പിച്ച ചട്ടി എടുക്കേണ്ടി വന്നേനെ....
6.
സജ്ഞയ് ഗാന്ധിയെപ്പോലുള്ള ക്രിമിനലുകളെ പുത്രസ്നേഹത്തിന്റെ പേരില്‍ ഭരണം ഏല്‍പ്പിക്കുക..!! ആ മാന്യദേഹം ചെയ്തു കൂട്ടിയ വൃത്തികേടുകളുടെ ജീവിക്കുന്ന ഇരകള്‍ ഇന്നുമുണ്ടാകാം..!!

പുത്രസ്നേഹം ഒരു തെറ്റാണോ സഖാവേ.... പുത്രനെ വിദേശത്ത് വിട്ടു പഠിപ്പിച്ചാല്‍ തെറ്റ് പറയാനാകുമോ... മകന്‍ പിടികിട്ടാപ്പുള്ളിയായെന്നു വെച്ച് ആഭ്യന്തര മന്ത്രിയാവാണ്ടിരിക്കാന്‍ പറ്റുമോ?
7. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടന അട്ടിമറിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുക..!!
ഇതെല്ലാം ചെയ്തു കൂട്ടിയ കോണ്‍ഗ്രസ്സിന്റെ പിണിയാളുകളാണു ഇപ്പോള്‍ കമ്യൂണിസം അപചയിച്ചു എന്ന സ്വപ്നവുമായി ഇറങ്ങിയിരിക്കുന്നത്..!

ഇനി കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ ചെയ്തതോ..?
ഇപ്പോള്‍ പ്രതിപക്ഷ നേതാവായ ഉമ്മന്‍ ചാണ്ടി എന്ന മാന്യന്‍ കെ.കരുണാകരന്റെ മന്ത്രിസഭയില്‍ നിന്നും കരുണാകരന്റെ ഭരണത്തില്‍ അസംതൃപ്തി രേഖപ്പെടുത്തി രാജി വച്ചയാളല്ലേ..? അന്നെവിടെയായിരുന്നു ഭരണഘടനയോടും കൂട്ടുത്തരവാദിത്തത്തോടും മറ്റുമുള്ള കൂറ്..? തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാര്‍ വെറും ഗ്രൂപ്പിസത്തിന്റെ പേരില്‍ രാജി വച്ചില്ലേ..? അവരെല്ലാം ഇന്നെവിടെ..? സര്‍ക്കാറിന്റെ ഭാഗമായ ഒരു എം.എല്‍.എ. മുഖ്യമന്ത്രിയ്ക്കെതിരെ വ്യാജരേഖ ഉണ്ടാക്കിയില്ലേ..? അവരെ ഷാള്‍ അണിയിച്ച് തിരികെ പാര്‍ട്ടിയിലേക്ക് ആനയിച്ചത് ഈ പറയുന്ന ജനാധിപത്യ ഭരണഘടനാ സ്നേഹികള്‍ തന്നെയല്ലേ..? പൊതു ചടങ്ങില്‍ വച്ചു നേതാക്കളുടെ മുണ്ടുരിഞ്ഞവരും ഇന്നു നേതാക്കള്‍ തന്നെയല്ലേ..? ഇത്രയധികം പ്രഹസനങ്ങള്‍ ജനങ്ങളുടെ മേല്‍ ചൊരിഞ്ഞ മറ്റൊരു പ്രസ്ഥാനം ലോകചരിത്രത്തിലെങ്ങും കാണില്ല..!!

പൂര്‍ണമായി യോജിക്കുന്നു...

എന്നിട്ടാണിപ്പോള്‍ മുതലക്കണ്ണീരുമായി ഇറങ്ങുന്നത് പ്രിയസുഹൃത്തുക്കള്‍..!!

രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ എന്നു സ്വയം പറയുകയും ലീഡര്‍ എന്ന് കൂടെ നില്‍ക്കുന്നവരെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്ത ആ ദേഹത്തിന്റെ കഥയോ..? അഷ്ടിക്കായിട്ടാകണം അവസാന കാലത്ത് പുതിയ ലാവണം തേടിയുള്ള യാത്ര..!! കൂടെ ജനാധിപത്യ പോരാട്ടത്തിന്റെ ഉജ്ജ്വല സമര നായികയായ മകളുമുണ്ട്..!! ജനാധിപത്യവും ജനങ്ങളോടുള്ള സ്നേഹവും പട്ടുസാരിയിലൂടെ പ്രദര്‍ശിപ്പിക്കുന്ന പടനായകി..!! അക്കാമ്മാ ചെറിയാനു ശേഷം ഇത്രയും ജനസമ്മതി നേടിയ മറ്റൊരു വനിതാ രാഷ്ട്രീയക്കാരിയുണ്ടോ എന്നു പോലും സംശയമാണു..!!!

പൂര്‍ണമായി യോജിക്കുന്നു...
മുതലക്കണ്ണീരൊഴുക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളേ..!! നിങ്ങളുടെയൊക്കെ പ്രസ്ഥാനങ്ങള്‍ അതിനി രാഷ്ട്രീയപ്രസ്ഥാനങ്ങളായാലും മതത്തിലൂന്നിയ രാഷ്ട്രീയപ്രസ്ഥാനങ്ങളായാലും (കത്തോലിക്കാ സഭ ഉദാ:) അപചയിക്കാന്‍ ഒരു പാടു കാലമൊന്നും എടുത്തില്ലല്ലോ..? രൂപീകരണത്തിനൊടൊപ്പം തന്നെ അതിന്റെയെല്ലാം ഭാഗഭാക്കായിരുന്നു ഈ അപചയങ്ങളും..!! സഭയുടെ പത്രം കച്ചവടക്കാരനായ ബിഷപ്പു മറിച്ചു വിറ്റില്ലേ..? കന്യാസ്ത്രീയെ കൊലപ്പെടുത്തിയിട്ട് ആ കൊല മറയ്ക്കാന്‍ വിശ്വാസികളുടെ വോട്ട് മറയാക്കി പ്രധാനമന്ത്രിയെ വരെ സ്വാധീനിച്ചില്ലേ..?

മറിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മേല്‍ നിങ്ങള്‍ക്ക് അലപം അഴുക്കു പുരണ്ടതായി ആരോപിക്കാനെങ്കിലും കഴിഞ്ഞത് ഇപ്പോഴാണു..!! പ്രോജ്ജ്വലമായ എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം..!! ഇത് അഴുക്കാണെങ്കില്‍ ആ അഴുക്ക് കഴുകി വെടുപ്പാക്കിയിട്ട് പാര്‍ട്ടി മുന്നോട്ട് പോകും, തീര്‍ച്ച..!! ഞാന്‍ പണ്ടു എവിടെയോ പറഞ്ഞത് ആവര്ത്തിക്കുന്നു..!!! വെറും അഴുക്കല്ലല്ലോ സഖാവേ... ചിതലരിച്ചു ദ്രവിച്ചു പോയതല്ലേ സഖാവേ....കഴുകിയിട്ട് ഒരു കാര്യവുമില്ല സഖാവേ...

ആടിന്റെ അകിടാടുന്നതു കണ്ട് കുറുക്കന്മാര്‍ കൊതിയ്ക്കണ്ട..!!!

അവസാനം... അകിടും കാണില്ല... പിന്നെയല്ലേ, ആട്... ആട് കിടന്നിടത്തെ പൂട പോലും കാണില്ല... ( ആട്ടിറച്ചി ബക്കററിലാക്കാന്‍ ശ്രമിച്ചിട്ട് നടക്കാഞ്ഞതിന്റെ കൊതിക്കെറുവ് മാറിയില്ല, അല്ലെ?)

ലാല്‍സലാം...!!!

ലാല്‍സലാം...!!!

No comments:

Post a Comment