വളരെ സന്തോഷം തരുന്ന ഒരു വാർത്തയാണ് ഇന്നലത്തെ പത്രത്തിലുണ്ടായിരുന്നത് - കേരളത്തിൽ ദാരിദ്ര്യം വെറും 0.71% വും കോട്ടയം ദാരിദ്ര്യമുക്തമെന്നും. പക്ഷേ സർക്കാർ സംഖ്യകളെ പൂർണമായി പ്രചരിപ്പിക്കാനോ , നമ്മുടെയിടയിൽ ദാരിദ്ര്യമില്ലായെന്ന മിഥ്യാ ധാരണ വച്ചുപുലർത്താനോ ഞാനാഗ്രഹിക്കുന്നില്ല. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മൂന്ന് മേഖലകളിലെ 12 സൂചികകളെ 2015-16 ൽ സർക്കാർ ശേഖരിച്ച വിവരങ്ങള അടിസ്ഥാനമാക്കിയുള്ള ഒരു സ്റ്റാറ്റിസ്റ്റിക്കൽ പഠനഫലം മാത്രമാണ് ഈ റിപ്പോർട്ട്.
ഈ റിപ്പോർട്ടിൽ ആരോഗ്യവും പോഷകാഹാരക്കുറവുമൊക്കെ പഠന വിഷയമാവുമ്പോൾ തന്നെയാണ് കേരളത്തിലെ തന്നെ അട്ടപ്പാടിയിൽ 121 കുഞ്ഞുങ്ങളുടെ ജീവനുകൾ നഷ്ടമായെന്ന വാർത്ത നാമിന്ന് പത്രമാധ്യമങ്ങളിൽ കണ്ടത്.
ദാരിദ്ര്യമെന്നാൽ ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ ഘടകങ്ങളുടെ അഭാവമെന്ന് നിർവചിക്കുന്ന ഈ റിപ്പോർട്ട് ഭാവിയിലെ ദാരിദ്യ നിർമാർജന പ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാന രേഖയായി ഉപകരിക്കണമെന്ന് നീതി ആയോഗ് പറയുമ്പോൾ അതിലെ അപകടവും നാം കാണാതിരിക്കരുത്. കേരളവും കോട്ടയവും ദാരിദ്ര്യമുക്തമെന്ന് വ്യാഖ്യാനിക്കപ്പെടുമ്പോൾ ഭാവിയിലെ ദാരിദ്ര്യ നിർമാർജന സ്കീമുകളിൽ നാം അവഗണിക്കപ്പെടുമോയെന്ന ആശങ്കയും മറച്ചുവെയ്ക്കാനാവില്ല.
ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ രംഗങ്ങളിൽ സർക്കാർ യത്നങ്ങളോടൊപ്പം സന്നദ്ധ സംഘടനകളുടെ കൂട്ടായ പ്രവർത്തനം കൂടെയുണ്ടായതാണ് കേരളത്തിനും കോട്ടയത്തിനും ഉണ്ടായ നേട്ടത്തിന് പിന്നിൽ. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ നമ്മുടെ വിവിധ മതസംഘടനക കേരളത്തിൽ നടത്തുന്ന പ്രവർത്തനങ്ങളില്ലായിരുന്നെങ്കിൽ കേരളം ഇന്ന് എവിടെ എത്തിയേനെയെന്ന് നമുക്ക് ചിന്തിക്കാനാവുമോ? ജീവിത നിലവാര രംഗത്ത് നമ്മുടെ സാമൂഹ്യ സംഘടനകൾ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ചാരിറ്റി വേൾഡ് പോലെയുള്ള നമ്മുടെ എത്രയോ സംഘടനകൾ വീടുകളും കുടിവെള്ളവും ഒരുക്കുന്നു.
കാലങ്ങളായി നമ്മുടെ എത്രയോ ക്ഷേത്രങ്ങൾ അന്നദാനമൊരുക്കുന്നു. ഉച്ചക്ക് സൗജന്യ ഭക്ഷണ വിതരണം നടക്കുന്ന കാഴ്ച വർഷങ്ങൾക്ക് മുമ്പേ തന്നെ തിരുനക്കരയിൽ കാണാറുണ്ടായിരുന്നു. വിശപ്പുരഹിത ചങ്ങനാശേരിയെന്ന പ്രോജക്ട് മീഡിയാ വില്ലേജ് നടപ്പാക്കിയത് ഞാനോർക്കുന്നു.
സൗജന്യ ഭക്ഷണശാലകൾ പാലായിലും മറ്റും സ്വകാര്യ മേഖലയിൽ ഒരുങ്ങിയതിന് പിന്നാലെ സർക്കാരിന്റെ ജനകീയ ഭക്ഷണ ശാലകളും വന്നതോടെ അനേകർക്ക് അതാശ്വാസമായി മാറി. ഏറ്റുമാനൂർ ക്ഷേത്രത്തിലെ "അത്താഴപ്പഷ്ണിക്കാരുണ്ടോ " എന്ന ചോദ്യം തന്നെ നമ്മുടെ നാടിന്റെ കരുതലിന്റെ അടയാളമാണ്. ആ കരുതലിന്റെ ഒരംശം മാത്രമാണ് ചങ്ങനാശേരിയിൽ അഞ്ചപ്പം ശ്രമിക്കുന്നതും.
ഭക്ഷണം കഴിക്കാനാവുന്ന കുറേ പേരുടെ പങ്കുവെയ്ക്കലിലൂടെ മറ്റുള്ളവർക്ക് ആശ്വാസമേകാൻ സൗകര്യമൊരുക്കുന്ന ഒരിടം മാത്രമാണ് അഞ്ചപ്പം.
ഒരു ചാരിറ്റിയിലുപരിയായി എല്ലാവർക്കും വന്നിരുന്ന് ഏറ്റം ആരോഗ്യകരമായ ഭക്ഷണം കഴിക്കാവുന്ന ഒരിടമാണ് അഞ്ചപ്പം. തങ്ങൾ ഭക്ഷിക്കുന്നതോടൊപ്പം സഹജീവികൾക്ക് കൂടി വിശപ്പടക്കാൻ അവസരമൊരുക്കുകയാണ് അഞ്ചപ്പം.
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി അഞ്ചപ്പത്തിൽ ദിവസവും ഉച്ചഭക്ഷണമൊരുങ്ങുന്നു. ലോക്ക് ഡൗൺ കാലത്തും എന്നും അഞ്ചപ്പം ഭക്ഷണപ്പൊതികൾ നൽകിക്കൊണ്ടിരുന്നു. ദരിദ്രരില്ലാത്ത ഒരു നാടിനായുള്ള പരിശ്രമത്തിൽ ഇനിയുമൊത്തിരിയേറെ പോവാനുണ്ടെന്ന് തൊട്ടറിയാൻ അഞ്ചപ്പത്തോട് ചേർന്നു നിൽക്കുന്നവർക്കാവുന്നുണ്ട്.
സർക്കാർ കണക്കുകളിൽ ദരിദ്രരില്ലായെന്ന് എത്ര ഘോഷിച്ചാലും യാഥാർത്ഥ്യം ഒത്തിരിയേറെ അകലെത്തന്നെയാണ്. അഞ്ചപ്പത്തിലെ പൊതിച്ചോറ് കൊണ്ട് രണ്ട് നേരം തള്ളിനീക്കുന്ന നാലംഗ കുടുംബം ഇന്നും നമ്മുടെയിടയിലുണ്ടെങ്കിൽ, ചോറിനായും ദിവസവും രണ്ടും മൂന്നും കിലോമീറ്റർ നടന്നു വരുന്ന മുതിർന്നവർ നമ്മുടെയിടയിലുണ്ടെങ്കിൽ, സർക്കാർ ആശുപത്രിയിൽ കിടക്കുന്ന ആശ്രിതർക്കായി ലേശം ചോറിന് വേണ്ടി ക്യൂ നിൽക്കുന്നവരുണ്ടെങ്കിൽ, സർക്കാർ വക തള്ളുകൾ എവിടെയെത്തി നിൽക്കുന്നുവെന്ന് നമുക്ക് മനസിലാക്കാവുന്നതേയുള്ളു.
ഇനിയുമുണ്ട് ഏറെ ദൂരം...
നന്ദി...
പ്രേം സെബാസ്റ്റ്യൻ ആന്റണി
അഞ്ചപ്പം ചങ്ങനാശേരി ട്രസ്റ്റ്
 
 

 
