Thursday, March 7, 2019

ചർച്ച് ബില്ലെന്ന നമ്പർ!

ചർച്ച് ആക്ടിന് അമിത പ്രാധാന്യം കല്പിച്ച പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാർ ബില്ലിൽ നിന്ന് പിൻ വാങ്ങി. സാധാരണ ഗതിയിൽ പല തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് വരാറുള്ള ഇടയ ലേഖനങ്ങൾ ഇപ്പോഴത്തെ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ മയപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്.

ക്രിസ്ത്യൻ വോട്ടുകൾ കൂട്ടത്തോടെ കൈവിട്ട് പോകാതിരിക്കാനുള്ള ഒരു ഇടതുപക്ഷ അടവുനയം മാത്രമായിരുന്ന ചർച്ച് ബില്ലിനെ കേരളത്തിലെ സഭകൾ എന്തുകൊണ്ട് ഇത്രയേറെ ഭയവിഹല്വതകളോടെ എതിർത്തു എന്നത് ചിന്തനീയമാണ്. എല്ലാം ശരിയായിട്ടും സുതാര്യമായിട്ടുമാണ് നടക്കുന്നതെങ്കിൽ പിന്നെന്തു പേടിക്കാൻ ? ബില്ലെങ്കിൽ ബില്ല്.. പോ ബില്ലേ.. എന്ന നിലപാട് എടുത്താൽ പോരായിരുന്നോ?

മത സമൂഹങ്ങളുടെ സ്വത്തും വസ്തുവകകളും കൈകാര്യം ചെയ്യുന്നത് മാത്രമായിരുന്നു ബില്ലിന്റെ പരിധിയിൽ വരുന്നതെന്ന് ബില്ല് വായിക്കുന്ന ആർക്കും വ്യക്തമാകും. വിശ്വാസമോ ആചാരമോ സഭാ സംവിധാനങ്ങളെയോ ബില്ലിൽ ഉൾപ്പെടുത്തിയാൽ ഭരണഘടനാപരമായി ചോദ്യം ചെയ്യാൻ വകുപ്പുകൾ ഏറെയുള്ളപ്പോൾ ആ രീതിയിൽ സർക്കാർ കൈകടത്തുമെന്ന് പറഞ്ഞ് പേടിപ്പിച്ച് ജനങ്ങളെ തെരുവിലിറക്കുന്നത് തികച്ചും അനാവശ്യമായിരുന്നു.

ബില്ലിലെ പല വ്യവസ്ഥകളും ട്രൈബ്യൂണലിന്റെ അധികാരങ്ങളും ഒക്കെ തെറ്റായി പ്രചാരണം നടത്തി വിശ്വാസി സമൂഹത്തെ ഇളക്കിവിടുന്നതിനു പകരം സത്യം എന്താണെന്ന് മനസിലാക്കിക്കാനും ഒരു സ്വയം തിരുത്തലിന് ശ്രമിക്കാതെ സമരമാർഗത്തിലേക്കിറങ്ങിയ സഭാധ്യക്ഷൻ മാർ പലരും നേരിട്ട് കണ്ടാൽ കീരിയും പാമ്പുമാണെന്നത് നിഷേധിക്കാനാവുമോ?

ഈയിടെയൊരു സഭാധ്യക്ഷൻ വിദേശത്തെ കേസിൽ നിന്ന് 261 കോടി കൊടുത്ത് തലയൂരിയതും നാം കണ്ടില്ലേ? അതൊക്കെ സുതാര്യമായിരുന്നോ ആവോ?

അതുപോലെ തന്നെ ഇപ്പോൾ സർക്കാർ ഈ ബില്ലെന്ന ഉമ്മാക്കിയുമായി ഇറങ്ങാനുള്ള സാഹചര്യം വ്യക്തമാണ്. എറണാകുളത്തെ മാഫിയായും യാക്കോബായ ഓർത്തഡോക്സ് സ്വത്തു തർക്കങ്ങളും ഈ ബില്ലിന് വഴിയൊരുക്കുകയായിരുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സഭകൾ അമ്പേ പരാജയപ്പെട്ടുവെന്നത് പകൽ പോലെ വ്യക്തവുമാണ്. സഭകൾ സ്വയം തിരുത്താനുള്ള മാർഗങ്ങളെപ്പറ്റി ഇനിയെങ്കിലും ചിന്തിക്കാത്ത പക്ഷം ഇതുപോലെയുള്ള ഭീഷണികൾ തടയാനാവാതെ വരും.

പ്രേം സെബാസ്റ്റ്യൻ ആന്റണി