Saturday, December 17, 2011

മുല്ലപ്പെരിയാറില്‍ പെയ്തിറങ്ങിയ മുതലക്കണ്ണീര്‍

http://malayalam.deepikaglobal.com/Archives/archivepage.asp?Date=12/15/2011
മുല്ലപ്പെരിയാറില്‍ പെയ്തിറങ്ങിയ മുതലക്കണ്ണീര്‍

നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ഒരു പിടിവള്ളി കിട്ടി, പ്രത്യേകിച്ചും ദേശീയ പാര്‍ട്ടികള്‍ക്ക്. ഒറ്റക്കെട്ടായി ഒറ്റയാന്‍ പാര്‍ട്ടികള്‍ ഉള്‍പ്പെടെ സര്‍വരെയും കോര്‍ത്തിണക്കി അവര്‍ പ്രധാനമന്ത്രിയെപ്പോയിക്കണ്ട് രാഷ്ട്രീയ ഊരാക്കുടുക്കില്‍ നിന്നു തലയൂരിയിരിക്കുകയാണ്. കണ്ണോ കാതോ കേരളത്തിലേക്കു തുറക്കാതെ കരിമ്പാറയ്ക്കു കാറ്റുപിടിക്കുകയില്ലെന്ന ഭാവത്തില്‍ ഇത്രയുംകാലം കഴിഞ്ഞു കൂടിയിരുന്ന പ്രധാനമന്ത്രി പെട്ടെന്ന് കേരള രാഷ്ട്രീയക്കാരുടെ ഐക്യത്തില്‍ സംപ്രീതനായി കണ്ണും കാതും തുറന്ന് അരുള്‍ ചെയ്തു: ഇടപെടാം, ഞാന്‍ ഇടപെടാം; പക്ഷേ ഒരു കാര്യം- നിങ്ങള്‍ അനുകൂലമായ സാഹചര്യമുണ്ടാക്കണം! എന്താണ് ഈ അനുകൂല സാഹചര്യസൃഷ്ടിക്കു ചെയ്യേണ്ടതെന്ന് ഒരു രാഷ്ട്രീയ നേതാവും ചോദിച്ചതായി കേട്ടില്ല. ഇവിടെ ഈ അനുകൂല സാഹചര്യം ഇല്ലാതായത് എന്നാണെന്നും ആരും ചോദിച്ചില്ല. അല്ല, ചോദിക്കാന്‍ എവിടെ നേരം? ആകെ നല്‍കിയത് ഇരുപതു മിനിറ്റ്. വിനീത വിധേയരായി പ്രധാനമന്ത്രിയെ ശ്രവിച്ച് ഉറപ്പു നേടിക്കഴിഞ്ഞപ്പോഴേക്കും സമയം തീര്‍ന്നുപോയി! നല്ലൊരു ഉറപ്പുമായി അനുകൂല സാഹചര്യസൃഷ്ടിക്കായി അവര്‍ കേരളത്തിലേക്കു മടങ്ങുന്നു, പഴയ വിശിഷ്ട മുദ്രാവാക്യവുമായി: കേരളത്തിനു സുരക്ഷ, തമിഴ്നാടിനു വെള്ളം! കേട്ടാല്‍ എത്രയോ സുന്ദരമായ നിലപാട്! എന്തേ ഈ സുന്ദര നിലപാട് തമിഴ്നാട്ടിലെ രാഷ്ട്രീയക്കാര്‍ക്കു മനസിലാകാതെ പോകുന്നു? ജയലളിതയുടെ ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ ഔദ്യോഗികമായി എന്തേ ഭരണ-പ്രതിപക്ഷ നേതാക്കളില്‍ ആരുടെയും നാവു പൊങ്ങാത്തത്? കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ ഡാം ഇന്നല്ലെങ്കില്‍ നാളെ പൊട്ടുമെന്ന ആശങ്ക യാഥാര്‍ഥ്യമാകുകയില്ലെന്നതില്‍ ഉറപ്പൊന്നുമില്ല. അതൊരിക്കലും പൊട്ടാതിരിക്കട്ടെയെന്നു പ്രാര്‍ഥിച്ചുകൊണ്ടു ചോദിക്കട്ടെ, ഇതുപൊട്ടിയാല്‍ ഇവിടെ എന്താകും സംഭവിക്കുക? ലക്ഷക്കണക്കിനു മനുഷ്യര്‍ മരിക്കും, ജന്തുക്കള്‍ ചത്തൊടുങ്ങും, മരങ്ങള്‍ കടപുഴകി വന്ന് ഇടുക്കി ഡാമില്‍ വിശ്രമിക്കും. ഒരു വന്‍ ഭൂപ്രദേശമാകെ പാറക്കെട്ടുകള്‍ തെളിഞ്ഞ് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിയുടെ നിത്യസ്മാരകമായി നിലകൊള്ളും - വരുംതലമുറകള്‍ക്കു ഭീതിദമായ ഓര്‍മ്മകള്‍ നല്‍കിക്കൊണ്ട്! ഇതുസംഭവിക്കുമ്പോള്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും മുതലക്കണ്ണീര്‍ വീഴ്ത്തും; മലയാളി സഹോദരീസഹോദരന്മാരുടെ ദുഃഖത്തില്‍ ജയലളിത ലളിതസുന്ദരമായ തമിഴ് പദാവലികൊണ്ട് സഹതപിക്കും; കേന്ദ്ര ഗവണ്‍മെന്റ് മരിച്ചവരുടെ ആശ്രിതര്‍ക്ക് സഹായധനം പ്രഖ്യാപിക്കും, വിദേശങ്ങളില്‍ നിന്നു സഹതാപനദിയൊഴുകി ജീവിച്ചിരിക്കുന്നവരുടെ കീശകള്‍ വീര്‍പ്പിക്കും (സുനാമിക്കുശേഷം സംഭവിച്ചതു പോലെ), കരുണാനിധി കരുണ കാണിക്കും; വൈക്കോ പോലുള്ള പ്രാദേശിക തീവ്രവാദികള്‍ വൈ, വൈ എന്നു വിളിച്ച് അലമുറയിടും. അങ്ങനെ മൊത്തം സഹതാപക്കടല്‍ ഒഴുകി ഒഴുകി വന്ന് അനന്തപുരിയില്‍ ആ സമയത്ത് ആയിരിക്കാന്‍ ഭാഗ്യം ലഭിക്കുന്നവര്‍ക്ക് ആശ്വാസമേകും. ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും പിന്നെ ഒരു ഉത്സവകാലം! പിന്നെ നടക്കാന്‍ പോകുന്ന ചാനല്‍ ചര്‍ച്ചകള്‍ എത്ര ഗംഭീരമായിരിക്കുമെന്ന് ഊഹിക്കുകയേ വേണ്ടൂ. ആകാശത്തിന്‍ കീഴിലുള്ള എല്ലാക്കാര്യങ്ങളെപ്പറ്റിയും ആധികാരികമായി അഭിപ്രായം പറയാനാകുന്ന ചര്‍ച്ചക്കാര്‍ക്കും അവതരണക്കാര്‍ക്കും പിന്നെ കുശാല്‍! ഇവിടെ മനുഷ്യമതില്‍ നിര്‍മിച്ചവരുണ്ട്, സമരക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരുണ്ട്, സമരാവേശം ജ്വലിപ്പിച്ചവരുണ്ട്, ചാനലുകളുടെ ഹിറ്റ് ഉയര്‍ത്തുവാനും പത്രങ്ങളുടെ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുവാനും അങ്ങനെ സമരം നാലുകാശിനുള്ള അവസരമാക്കാനും ഉണര്‍ന്നു പറന്നുകൊണ്ടിരുന്ന കഴുകന്മാരുണ്ട്, ഉപവസിച്ച് ഉപവസിച്ച് അവശരായവരുണ്ട് -അങ്ങനെ കേരളമാകെ ഒരു സമരാഗ്നിയില്‍ കത്തി നിന്നു. ഒറ്റക്കെട്ടായി ഡല്‍ഹിക്കുപോയ രാഷ്ട്രീയക്കാര്‍ ഒറ്റയ്ക്കൊറ്റയ്ക്കു നിന്നു സമരം ചെയ്ത് കേരള ജനതയുടെ അനൈക്യം വിളിച്ചോതിയവരാണ്. ഒലിച്ചുപോകുന്ന മനുഷ്യജീവന്റെ ജാതി നോക്കി ജാതിനേതാക്കള്‍ സമരത്തിലേര്‍പ്പെട്ടവരെ അവമാനിക്കുകയും അവഹേളിക്കുകയും ചെയ്ത വികൃതനാടകവും ഇതിനിടെ നാം കണ്ടു. കുത്തിയൊഴുകുന്ന ജലം ജാതി നോക്കിയൊന്നുമല്ല നാശം വിതയ്ക്കുന്നതെന്നൊന്നും ചിന്തിക്കാന്‍ മഞ്ഞക്കണ്ണാടിയുമായി ഓടി നടക്കുന്ന ദോഷൈകദൃക്കുകളായ നേതാക്കള്‍ക്കു മനസിലാക്കാനായില്ല. ജാതിമത വിരോധവും രാഷ്ട്രീയ വിരോധവും ഫണമുയര്‍ത്തിയാടുന്ന ഭീകരരംഗങ്ങളല്ലേ കഴിഞ്ഞദിവസങ്ങളില്‍ കേരളം കണ്ടത്? കേരളത്തിന്റെ സമരമാപിനിയില്‍ രസം ഉയര്‍ന്നുയര്‍ന്നുവന്നപ്പോള്‍ മുല്ലപ്പെരിയാര്‍ പൊട്ടുമെന്നു തമിഴര്‍ക്കും തോന്നി. എന്നാല്‍, അങ്ങനെ പൊട്ടേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചു. കഷ്ടപ്പെട്ട് ഉത്പാദിപ്പിച്ച പച്ചക്കറികള്‍ അഴുകി തുടങ്ങിയപ്പോള്‍ അരിശംകൊണ്ട് പതിനായിരക്കണക്കിന് തമിഴ് മക്കള്‍ യുദ്ധസജ്ജരായി കേരള അതിര്‍ത്തിയിലേക്കു നീങ്ങി. അതിര്‍ത്തി കടന്നുവന്ന് അവര്‍ നടത്തിയ അക്രമങ്ങള്‍ സാധുക്കളായ മലയോര കര്‍ഷകര്‍ക്കു സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികള്‍. കമ്പം, തേനി, മധുര പ്രദേശങ്ങളിലെ മലയാളികളെ കൊള്ളയടിക്കാന്‍ തമിഴ് സാഹോദര്യത്തിന് ഒരു ഉളുപ്പുമില്ലായിരുന്നു. നൂറുകണക്കിന് മലയാളികളാണ് എല്ലാം നഷ്ടപ്പെട്ടു പലായനം ചെയ്തത്, തമിഴ്മക്കളുടെ ആക്രമണത്തിന് ഇരയായത്. അയല്‍സംസ്ഥാനത്തു നിസഹായരായ മലയാളികള്‍ കൊള്ളയടിക്കപ്പെട്ടപ്പോള്‍, അവര്‍ സ്വന്തം ജീവന്‍, സര്‍വനാശം വിതയ്ക്കുന്ന മുല്ലപ്പെരിയാറിനുവേണ്ടി പണയംവച്ചപ്പോള്‍, കേരളത്തില്‍ ഭരണാധികാരികള്‍ ഉണ്ടായിരുന്നില്ലേ? എന്നാല്‍ അവര്‍ക്കു കണ്ണും കാതും ഉണ്ടായിരുന്നോ? അവരെപ്പറ്റി ഒരു സഹതാപവാക്കെങ്കിലും ഉരിയാടാന്‍ അനന്തപുരിയില്‍ ആരും ഇല്ലാതെ പോയില്ലേ? അവര്‍ക്കു മനുഷ്യാവകാശങ്ങള്‍ ഉണ്ടായിരുന്നില്ലേ, മനുഷ്യാവകാശപ്രവര്‍ത്തകരേ? ഓസ്ട്രേലിയയില്‍ ഒരു ഇന്ത്യക്കാരന്, ഒരു മലയാളിക്ക് തല്ലു കിട്ടിയാല്‍ ഇവിടെ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ട് നീതി നടപ്പിലാക്കാന്‍ രാവും പകലും ഓടുന്ന പ്രവാസികാര്യ വകുപ്പുള്ള സംസ്ഥാനമല്ലേ നമ്മുടേത്? അയല്‍സംസ്ഥാനത്തു മലയാളികള്‍ അടിയേല്ക്കുന്ന പ്രവാസികളായിട്ടും അവരുടെ കാര്യം അന്വേഷിക്കാന്‍ ഒരു വകുപ്പും കേരളത്തിലില്ലേ? നമുക്കു പൊതുജനസമ്പര്‍ക്കപരിപാടിയാഘോഷവുമായി ഇനിയും ബഹുദൂരം മുന്നോട്ടു പോകാനാകും. ജയലളിതയുടെയും കരുണാനിധിയുടെയും കരുണയ്ക്കായി യാചിക്കാനെങ്കിലും സംസ്ഥാന സര്‍ക്കാരിനു കഴിയേണ്ടതില്ലായിരുന്നോ? ഇവിടുത്തെ സര്‍ക്കാരിന്റെയും രാഷ്ട്രീയക്കാരന്റെയും അവിവേകത്തിനു വില കൊടുത്ത, തമിഴ്നാട്ടിലെ നിസഹായരായ മലയാളികളുടെ കണ്ണുനീര്‍ എന്ന് ഉണങ്ങും? അതുപോകട്ടെ. എന്തൊരു നാണക്കേട്? കേരളത്തിന്റെ മണ്ണില്‍ കേരള വിരുദ്ധ മുദ്രാവാക്യം ആദ്യമായി മുഴങ്ങി. തമിഴര്‍ അതിനുള്ള തന്റേടം നേടി. ഇടുക്കി ജില്ലയെ വിഭജിക്കണമെന്നും തമിഴ്നാട്ടില്‍ ലയിപ്പിക്കണമെന്നും ആവശ്യപ്പെടുന്നത് തമിഴ്നാട്ടിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ മാത്രമല്ല, കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ദേശീയ നേതാക്കളും ജനപ്രതിനിധികളും വരെയാണ്! എന്നാല്‍ കമ്പം, തേനി, ലോവര്‍ ക്യാമ്പ്, മധുര തുടങ്ങിയ പ്രദേശങ്ങളെ കേരളത്തില്‍ ലയിപ്പിക്കണം എന്നു പറയാന്‍ ആരുടെയും നാവു പൊങ്ങില്ലല്ലോ. പട്ടം താണുപിള്ളയുടെ ദീര്‍ഘവീക്ഷണത്തിന്റെ കണികപോലുമില്ലാത്ത വോട്ടു രാഷ്ട്രീയക്കാര്‍ രാഷ്ട്രീയക്കളി നടത്തിയപ്പോള്‍ ഇടുക്കിയുടെ ചില പ്രദേശങ്ങള്‍ അറിയാതെ തന്നെ തമിഴ്പ്രദേശങ്ങളായി മാറുകയായിരുന്നു. കേരളത്തിന്റെ മണ്ണില്‍ കേരള വിരുദ്ധ മുദ്രാവാക്യം മുഴക്കാന്‍, ഇടുക്കിയെ തമിഴ്നാട്ടില്‍ ലയിപ്പിക്കണമെന്നു വാദിക്കാന്‍ കരുത്തു നേടിയവര്‍ ഇവിടെ ഉണ്ടാകാന്‍ കാരണം കൊടുത്തവര്‍ ലജ്ജിക്കണം. നമ്മുടെ സങ്കുചിത രാഷ്ട്രീയക്കാരുടെ മുതലെടുപ്പു രാഷ്ട്രീയത്തിന്റെ ആകെത്തുകയാണു ജീര്‍ണിച്ച്, പൊട്ടിയൊലിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട്. ജനങ്ങളെ തെരുവിലിറക്കിയവര്‍ക്കെല്ലാം ഒരിക്കലും തീരാത്ത ഉത്തരവാദിത്വം, മുല്ലപ്പെരിയാറിന്റെ ബലിയാടുകളോടും ഇനിയും ഏതു നിമിഷവും ബലിയാടുകളായേക്കാവുന്നവരോടും ഉണ്ട്. വര്‍ഷങ്ങളായി ചപ്പാത്തില്‍ സഹനസമരം ചെയ്തിരുന്നവരുടെ ചെലവില്‍ സമരവീര്യം പ്രകടിപ്പിക്കാനായി മത്സരിച്ച് ഓടിയെത്തിയവരില്‍ പലര്‍ക്കും ദശലക്ഷം ജനങ്ങളുടെ ജീവനിലായിരുന്നോ അതോ ചാനല്‍ തിളക്കവും പ്രസിദ്ധിയും നല്‍കുന്ന സ്വാര്‍ഥ രാഷ്ട്രീയ നേട്ടങ്ങളിലായിരുന്നോ താത്പര്യം? ഉത്തരം ജനങ്ങള്‍ക്കറിയാം. ആരൊക്കെ സമരം നിര്‍ത്തിയാലും ആരുടെയും സ്വാധീനത്തിലല്ലാതെ ജനനന്മയെ മാത്രം ലാക്കാക്കി, വെള്ളിവെളിച്ച മോഹമില്ലാതെ സഹനസമരത്തിനിറങ്ങിയവര്‍ രാഷ്ട്രീയക്കാരുടെ പിന്മാറ്റത്തില്‍ ആകുലരാകുകയില്ലെന്നും അവര്‍ ലക്ഷ്യബോധം കൈവിടുകയില്ലെന്നും കരുതാം. സംസ്ഥാനത്തോടു കൂറില്ലാത്ത ഉദ്യോഗസ്ഥര്‍ ദണ്ഡം വിതയ്ക്കുന്ന നാടല്ലേ കേരളം. അവര്‍ തമിഴ്നാടിനുവേണ്ടി കോടതിയില്‍ സംസാരിച്ചാലും ജാതിയുടെ ശക്തിയില്‍ രക്ഷപ്പെടാന്‍ കഴിയുന്ന നാട്! ഭാര്യ തമിഴ്നാടിനുവേണ്ടി വാദിക്കുമ്പോള്‍ ഭര്‍ത്താവ് കേരളത്തിന്റെ വക്താവായി കോടതികളില്‍ പ്രത്യക്ഷപ്പെടുന്ന നാട്! കേരളത്തിലെ ജാതി രാഷ്ട്രീയവും സ്വാര്‍ഥതാത്പര്യരാഷ്ട്രീയവും തിമിര്‍ത്താടിയ രംഗങ്ങളല്ലേ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ നാം കണ്ടത്? ഒറ്റക്കെട്ടായി പോയി പ്രധാനമന്ത്രിയോട് ഉറപ്പും വാങ്ങി, ഒന്നിച്ചു പത്രസമ്മേളനവും നടത്തി 'അനുകൂലകാലാവസ്ഥ' ഉറപ്പു നല്‍കി മടങ്ങിയവര്‍ക്ക് സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കാനാകുന്നില്ലെന്ന് ഓര്‍ക്കുമ്പോള്‍ ഇവരുടെ അനൈക്യരാഷ്ട്രീയം കേരളത്തിനു വരുത്തുന്ന നാശത്തെപ്പറ്റി ജനങ്ങള്‍ക്കു ചിന്തിക്കാനായിരുന്നെങ്കില്‍! അല്പം മുതലെടുപ്പു കൂടി നടത്തിയിട്ടാവാം സമരരംഗത്തു നിന്നു പിന്മാറുക എന്നതാണു ചിലരുടെ നയം. അപ്പോഴേക്കു മുല്ലപ്പെരിയാറിലെ ജലനിരപ്പു താഴും. 120 അടിയിലും താഴെ വരും. അങ്ങനെ സമരാവശ്യം നാം നേടും. നമുക്ക് അടുത്ത മഴക്കാലത്തിനുവേണ്ടിയും അടുത്ത സമരവേലിയേറ്റത്തിനുവേണ്ടിയും കാത്തിരിക്കാം.

Thursday, December 15, 2011

ആരാണ് ജയിച്ചത്‌ ?

ദില്ലിയില്‍ പോയി മന്‍മോഹന്‍ സിംഗിനെ ഇരുപതു മിനിട്ട് കണ്ടു തൊഴുതപ്പോഴേയ്ക്കും മുല്ലപ്പെരിയാറിന് ഒരു മാസം കൂടെ ഓടാനുള്ള ബാറ്ററി ചാര്‍ജ് ചെയ്തു കിട്ടിയത്രേ! അതിന്റെ ബലത്തില്‍ സമരം വേണ്ടാന്നു വെയ്ക്കാന്‍ ഉടനടി തീരുമാനവുമായി! പ്രധാനമന്ത്രിയെ കണ്ടിട്ട് എന്ത് നേടി എന്ന് ചോദിച്ചാല്‍ ... കേരളത്തിന്റെ അനുമതിയില്ലാതെ കേന്ദ്ര സേനയെ വിന്യസിക്കില്ലാ, പ്രധാനമന്ത്രി ഇടപെട്ടു തമിഴ്നാടുമായി ചര്‍ച്ച നടത്തും...ഇത്രയുമൊക്കെ പോരെ?.. അങ്ങനെ ഇന്നലെ കൊണ്ട് സമരത്തില്‍ നിന്ന് ഖദറിട്ട അണ്ണന്മാര്‍ തലയൂരി...

കഥ പൂര്‍ണമാവുന്നത്‌ ഇന്നാണ്... . തമിഴ്നാടിനു താത്പര്യം ഇല്ലാത്തത് കൊണ്ട് അന്തര്‍ സംസ്ഥാന ചര്‍ച്ചകള്‍ അനിശ്ചിത കാലത്തേയ്ക്ക് മാറ്റി വെച്ചു.. സമാധാനമായില്ലേ?

ആരാണ് ജയിച്ചത്‌ ?

ഒന്നോര്‍ക്കണം... ഈ ഖദറിട്ട ഈനാമ്പേച്ചികള്‍ തുടങ്ങി വെച്ച സമരമല്ലാ ഇത്... സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചു...മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുത്ത സമരമാണിത്... ചുമ്മാ ഷോ കാണിക്കാന്‍ വേണ്ടി മാത്രമാണ് ഈ രാഷ്ട്രീയ നപുംസകങ്ങള്‍ ഇതില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്... ഇവന്റെയൊക്കെ തനി നിറം മനസ്സിലാക്കി ജനം പ്രതികരിക്കാന്‍ ആരംഭിച്ചിരിക്കുന്നുവെന്നു ഇവര്‍ ചിന്തിച്ചാല്‍ കൊള്ളാം.. പതിനൊന്നു മുതല്‍ അഞ്ച് വരെ ഉപവസിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമാണ്..

ഡീ എം കെ കൂടെ ഇടഞ്ഞാല്‍ റീട്ടൈല്‍ രംഗത്തെ വിദേശ മൂലധനതിനുള്ള കേന്ദ്ര നയം പൊളിയും... മുപ്പത്തഞ്ചു ലക്ഷം ജനം പോയാലും യൂ പീ എ സര്‍ക്കാരിന്റെ നിലനില്‍പ്പാണ് പ്രധാനം എന്ന് തിരിച്ചറിഞ്ഞ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂരും തമിഴ്നാടിന്റെ വക്കീലന്മാരുടെ കോന്തന്മാരെ കേരളത്തിന് വേണ്ടിയിറക്കി തങ്ങളുടെ ലക്‌ഷ്യം സാധിച്ചു.. ഇവനെയൊക്കെ വോട്ടു ചെയ്തു ജയിപ്പിച്ചവരെ പറഞ്ഞാല്‍ പോരേ!

ഇനി പിറവം തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞു പ്രചരണം നടത്താന്‍ ഇതുവരെ ശബ്ദം ഇല്ലാഞ്ഞ കേന്ദ്ര മന്ത്രിമാര്‍ ഒക്കെ ഇറങ്ങും... ഇവനൊക്കെ ഇനി മേലാല്‍ ഭരിക്കാന്‍ കയറരുത്... നമുക്ക് വേണ്ടത് നപുംസകങ്ങളെയല്ല... നട്ടെല്ലുള്ള നല്ല ആണുങ്ങളെ വേണം ഭരണം ഏല്‍പ്പിക്കാന്‍...

Wednesday, December 14, 2011

നിങ്ങള്‍ക്ക് തീരുമാനിക്കാം.....

തമിഴന്റെ പച്ചക്കറിയും കോഴിയും ബഹിഷ്കരിക്കുക..

വിഷം ചേരാത്ത നാടന്‍ പച്ചക്കറികള്‍ കഴിക്കാം.. എല്ലാ കൃഷി ഓഫീസുകളിലും നല്ലയിനം പച്ചക്കറി വിത്തുകള്‍ ലഭ്യമാണ്.. നമ്മുടെ വീട്ടിലും ടെറസിലും വിളയുന്ന നമ്മുടെ സ്വന്തം പച്ചക്കറി കൂട്ടുന്നതിനോളം രുചി മറ്റൊന്നിനും ഉണ്ടാവില്ല..

ഹോര്‍മോണ്‍ കുത്തി വെച്ചു വീര്‍പ്പിച്ച പാണ്ടിക്കോഴി തിന്നു തിന്നു നാമെന്തിനു ആരോഗ്യം നശിപ്പിക്കണം? കൊളസ്ട്രോളും പ്രഷറും ഒക്കെ കൂട്ടി കിട്ടുന്ന കാശ് മുഴുവന്‍ മരുന്നിനും ആന്ജിയോ ചെയ്യാനുമായി എന്തിനു തീര്‍ക്കണം? 

കുട്ടനാട്ടില്‍ നിന്നുള്ള നല്ല താറാവും കരിമീനും വിഷം ചേരാത്ത പച്ചക്കറികളും നമ്മുടെ നാട്ടില്‍ കിട്ടുമെങ്കില്‍ നാമെന്തിനു പാണ്ടിക്കോഴിയും പാണ്ടിക്കാളയും വിഷം കുത്തിവെച്ച പച്ചക്കറിയും കഴിച്ചു ആരോഗ്യം കളയണം? ആരോഗ്യം മാത്രമോ... ഇതിനായി വെള്ളം കൊടുക്കാനായി നമ്മുടെ ജീവന്‍ തന്നെ തുലാസില്‍ വെയ്ക്കേണ്ട അവസ്ഥയും... 

നിങ്ങള്‍ക്ക് തീരുമാനിക്കാം...
പാണ്ടിക്കോഴിയും വിഷം കുത്തിവെച്ച പച്ചക്കറിയും വേണോ? അതോ ജീവന്‍ വേണോ?

Tuesday, December 13, 2011

കേരളം ജയിക്കുവാന്‍ കേരള കോണ്‍ഗ്രസ്‌...

കേരളത്തെ വഞ്ചിക്കുന്ന കോണ്‍ഗ്രസിന്റെ വാലാട്ടിയായി ഇരിക്കുന്നതിലും എത്രയോ ഭേദം കേരള കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ രാജി വെച്ചു പുറത്തു വരുന്നത് തന്നെയാണ്.. 

ശക്തമായ ഒരു പ്രാദേശിക പാര്‍ട്ടിയുടെ അഭാവമാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ വാദം ദുര്‍ബലം ആയിപ്പോയത്.. എന്നാല്‍ തമിഴ് നാട്ടിലെ പ്രാദേശിക കക്ഷികള്‍ ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയത്തില്‍ പോലും നിര്‍ണായക സ്വാധീനം നിലനിര്‍ത്തുന്നതിന്റെ വെളിച്ചത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ് നാടിനെ പിണക്കുന്ന ഒരു സമീപനം സ്വീകരിക്കാന്‍ ഭയക്കുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. ഡീ എം കെ,എ ഐ ഡീ എം കെ , ബംഗാളിലെ ത്രിണാമുല്‍, എന്നിവയുടെ സ്വാധീന ശക്തി നമുക്ക് വിസ്മരിക്കാനാവില്ല.

തമിഴ് രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഇടുക്കി തമിഴ്നാടിനു വിട്ടു കൊടുക്കേണ്ട വിഷയം വന്നാല്‍ പോലും നമ്മുടെ നാട്ടിലെ കോണ്‍ഗ്രസ്സും സീ പീ എമ്മും അടക്കമുള്ള ദേശീയ കക്ഷികള്‍ കുന്തം വിഴുങ്ങി നില്‍ക്കുന്ന കാഴ്ചയാവും നാം കാണുക.. അതിനെ ന്യായീകരിക്കാന്‍ നമ്മുടെ സ്വന്തം മന്ത്രിപുംഗവന്മാര്‍ എഴുന്നള്ളുകയും ചെയ്യും..

കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടതായിട്ടുണ്ട്... ചില നേതാക്കളുടെ കുടുംബ സ്വത്ത് എന്ന നിലയില്‍ നിന്ന് കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നട്ടെല്ലോട് കൂടി നിവര്‍ന്നു നിന്ന് സംസാരിക്കാന്‍ നമുക്ക് പുരുഷത്വം നഷ്ടപ്പെടാത്ത നേതാക്കള്‍ വേണം.. ശ്രീ പീ ജെ ജോസഫ്‌, ശ്രീ വീ എം സുധീരന്‍, മുന്‍മന്ത്രി പ്രേമചന്ദ്രന്‍, ജീ സുധാകരന്‍, എം കെ മുനീര്‍, മോന്‍സ് ജോസഫ്‌, എന്നിങ്ങനെയുള്ള മലയാളിരക്തം സിരകളില്‍ ഓടുന്ന നല്ല നേതാക്കന്മാര്‍ ഒരുമിക്കണം...

കേരളം ജയിക്കുവാന്‍ കേരള കോണ്‍ഗ്രസ്‌...