Monday, April 25, 2011

കേരള കോണ്‍ഗ്രസ്‌ പിരിച്ചുവിടണം..

പല സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികള്‍ ഭരിക്കുമ്പോള്‍ കേരളത്തില്‍ കേരള കോണ്‍ഗ്രസ്‌ ശുഷ്കമായി കൊണ്ടേയിരിക്കുന്നു.. എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു എന്ന് കേരള കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ ചിന്തിക്കുകയും മറ്റുള്ളവരെ നോക്കി വെള്ളം ഇറക്കുകയും ഒക്കെ ചെയ്തെങ്കിലും ഒന്നും കണ്ടില്ല, കാണാന്‍ പറ്റിയില്ല.. എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികള്‍ ആ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടപ്പോള്‍ ജനം അവരുടെയൊപ്പം നിന്നു. എന്നാല്‍ കേരളത്തില്‍ കേരള കോണ്‍ഗ്രസ്‌ കേരളത്തിന്റെയും കര്‍ഷകരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി എന്ന് പറഞ്ഞെങ്കിലും പ്രവര്‍ത്തി നേരെ വിപരീതമായിരുന്നു. ഉത്തരേന്ത്യന്‍ ലോബികളുടെ വിരല്‍ത്തുമ്പിലെ പാവയായ കോണ്‍ഗ്രസിന്റെ കയ്യിലെ മറ്റൊരു പാവയായി മാറാനായിരുന്നു കേരള കോണ്‍ഗ്രസിന്റെ വിധി. കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് എതിരെ കേന്ദ്രം മുഖം തിരിക്കുംപോഴൊക്കെ കമാന്ന് ശബ്ദിക്കാന്‍ പോലുമാവാത്ത കോണ്‍ഗ്രസിന്റെ വാലാട്ടിയായി നിന്നപ്പോഴും കേരള കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ കോണ്‍ഗ്രസ്‌ പതിനെട്ടടവും പയറ്റി.. എന്നിട്ടും സ്വന്തമായൊരു ദിശാബോധം സൃഷ്ടിക്കാന്‍ കേരള കോണ്‍ഗ്രസിന്‌ സാധിച്ചില്ല. കേരള കോണ്‍ഗ്രസിന്റെ ശക്തി ദുര്‍ഗമായിരുന്ന മധ്യ കേരളത്തിലെ മുഖ്യ കൃഷികള്‍.. നെല്ലും റബറും തകര്‍ന്നടിഞ്ഞപ്പോഴും ചെറുവിരല്‍ പോലുമനക്കാന്‍ കേരള കോണ്‍ഗ്രസിന്‌ ആയില്ല.. ടയര്‍ മുതലാളിമാര്‍ നിയന്ത്രിക്കുന്ന പത്രം കോണ്‍ഗ്രെസ്സിന്റെയോപ്പം നിന്നു കേരള കോണ്‍ഗ്രസിനെ വെറും ഏഴാം കൂലിയാക്കിയപ്പോഴും കേരള കോണ്‍ഗ്രസിന്റെ ഒരു പ്രബല വിഭാഗം കോണ്‍ഗ്രസിന്റെ കൂടെ നിന്നു... മറുവിഭാഗം നിലനില്പിനായി ഒരു തരത്തിലും യോജിക്കാത്ത പ്രത്യയ ശാസ്ത്രത്തിനു കുട പിടിക്കാന്‍ പോയപ്പോള്‍ ടയറോരമ പൊട്ടിച്ചിരിച്ചു...

കര്‍ഷകരുടെ നട്ടെല്ല് ചവിട്ടിയോടിക്കുന്ന ആസിയാന്‍ കരാറുമായി കേന്ദ്ര സര്‍ക്കാര്‍ ഇറങ്ങിയപ്പോള്‍ എതിര്‍ക്കാന്‍ പോലും ആവാതെ കേരള കോണ്‍ഗ്രസ്‌ കണ്ണുകള്‍ ഇറുക്കി അടച്ചു ...അരിവിഹിതം വെട്ടി കുറച്ചപ്പോള്‍ അരി വേണ്ടാ..എന്ന് പറഞ്ഞു മുണ്ട് മുറുക്കി ഉടുത്തു മിണ്ടാതെയിരുന്നു... അതി പുരാതനമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്റെ മുകളില്‍ കൊടുവാള്‍ ആയി നില്‍ക്കുമ്പോഴും കേരള കോണ്‍ഗ്രസ്‌ ശബ്ദിച്ചിട്ടില്ലാ... കേരളത്തിലെ പാവങ്ങള്‍ വിഷത്തില്‍ മുങ്ങി ചാവുമ്പോള്‍ ശബ്ടിക്കാത്ത രാഷ്ട്രീയ കക്ഷികളെ കേരള ജനത തിരിച്ചറിയും എന്ന കാര്യത്തില്‍ സംശയം വേണ്ടാ... എല്ലാക്കാലവും എല്ലാവരെയും കബളിപ്പിക്കാന്‍ ഒക്കില്ലല്ലോ!