Saturday, January 1, 2011

അമിത രാഷ്ട്രീയം കേരളത്തിന് ഹാനികരം..

കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയം മൂല്യ ശോഷണം വന്നു വന്ന് പണ സമ്പാദനത്തിന് ഉള്ള ഒരു കുറുക്കു വഴി മാത്രമായി അധപതിചിരിക്കുന്നു എന്നത് ഒരു യാധാര്‍ത്യമാണ്... തൊഴിലൊന്നും ചെയ്യാതെ ഇരുപത്തി നാല് മണിക്കൂറും രാഷ്ട്രീയം കളിച്ചു നടക്കുന്ന ഒരു ജനതതിയെ മറ്റൊരു വികസിത രാജ്യത്തും നമുക്ക് കാണാന്‍ ആവില്ല.. രാഷ്ട്രീയം തൊഴിലായി സ്വീകരിക്കുന്നവര്‍ വരുമാനത്തിനായി അഴിമതിയെ ശരണം പ്രാപിക്കുന്നത് സ്വാഭാവികം മാത്രം...

ഒരു രാഷ്ട്രീയ കക്ഷിയെയും മാറ്റി നിര്‍ത്താന്‍ ആവില്ല... എല്ലാ കക്ഷികളും തങ്ങള്‍ രൂപീകരിക്കപ്പെട്ട ആശയങ്ങളും പ്രത്യയ ശാസ്ത്രങ്ങളും ലക്ഷ്യങ്ങളും പാടേ കൈവിട്ടു കഴിഞ്ഞു.. ആത്മാര്‍ഥമായി കേരളത്തിന്‌ വേണ്ടി വാദിക്കുന്ന, പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയും ഇന്ന് നിലവില്‍ ഇല്ല എന്നതാണ് സത്യം. ആസിയാനും എന്‍ഡോസള്‍ഫാനും ഒക്കെ സമര വിഷയങ്ങള്‍ മാത്രമായി പലരും ഉപയോഗിച്ചു.. ആത്മാര്‍ഥതയുടെ കണിക പോലുമില്ലാതെ...

കേരളത്തിന്റെ വികസന സ്വപ്നങ്ങളില്‍ സ്മാര്‍ട്ട്‌ സിടിയും വീതിയേറിയ പാതകളുമൊക്കെ നിറഞ്ഞു നിന്നു .. എതിര്‍ക്കാന്‍ മാത്രമായി എതിര്‍ക്കുകയും, നടപ്പാക്കാന്‍ താത്പര്യമില്ലാതെ മുന്നില്‍ നിന്ന് ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന തട്ടിപ്പുകള്‍ നാം നേരില്‍ കാണുന്നു.. നാടകമേയുലകം!!!

വിലകൂടിയാല്‍ ദുരിതം ജനത്തിന്... അതിനെതിരെ സമരം ചെയ്യുന്നതും ജനത്തെ ദ്രോഹിച്ചു കൊണ്ട് തന്നെ... കേരളത്തിലെ നഗരങ്ങളില്‍ ചെന്ന് ഇറങ്ങുമ്പോള്‍ പലപ്പോഴും നമ്മെ സ്വീകരിക്കുന്നത് ഓട്ടോ.. ബസ് സമരങ്ങളാണ്.. പെട്ടിയും വലിച്ചു കൊണ്ട് നടക്കുമ്പോള്‍ സഹായിക്കാന്‍ വരുന്നവനെ പോലും തടയുന്ന സംസ്കാരം കാണിക്കുന്ന നാം എങ്ങനെ ടൂറിസം വളര്‍ത്തും?

കേരളത്തിന്റെ രക്ത ധമനികള്‍ ആയ റോഡുകളിലൂടെ സഞ്ചരിച്ചാല്‍ രക്ത സമ്മര്‍ദ്ദം കൂടുകയും നട്ടെല്ലിന്റെ കണ്ണികള്‍ തകരുകയും ചെയ്യുന്ന അവസ്ഥ... റോഡിലെ കുഴിയടയ്ക്കാന്‍ നല്‍കുന്ന തുകയുടെ ഏറിയ പങ്കും കട്ട് മുടിക്കുന്ന പ്രവണത മാറാതെ ഈ നാട് നന്നാവുമോ?

പറഞ്ഞിട്ട് കാര്യമില്ല .. കോണ്ട്രാക്റ്റ് കിട്ടാന്‍ കരാറുകാരനും ജോലി കിട്ടാന്‍ ഉദ്യോഗസ്ഥനും ലക്ഷങ്ങള്‍ മുടക്കേണ്ടി വരുന്നു... ഡോക്ടറാവാന്‍ ലക്ഷങ്ങള്‍ മുടക്കിയവന്‍ മുടക്കിയ തുക തിരികെ പിടിക്കാന്‍ രോഗിയെ വെട്ടി മുറിക്കുന്ന നാടല്ലേ?

വ്യവസായം തുടങ്ങുമ്പോള്‍ തറക്കല്ല് ഇറക്കുമ്പോള്‍ തന്നെ തുടങ്ങും അട്ടിമറി കൂലിയും കൊടി കുത്തലും... എങ്ങനെ സമരം ചെയ്ത് ആ സ്ഥാപനം പൂട്ടിക്കാം എന്നതില്‍ നമ്മുടെ നേതാക്കള്‍ പലരും സാമര്‍ത്ത്യം തെളിയിച്ചു കഴിഞ്ഞു.. ഉത്തരേന്ത്യയില്‍ ഇരിക്കുന്ന നേതാക്കളുടെ ബിനാമികള്‍ മാത്രമായി സംസ്ഥാന നേതാക്കള്‍ വാഴുമ്പോള്‍ സംസ്ഥാനത്തിന് വേണ്ടി ശബ്ദം ഉയര്താനാവുമോ?

റേഷന്‍ അരിയും പഞ്ചസാരയും നിര്‍തലാക്കിയാലും അതിനെയും ന്യായീകരിക്കേണ്ടി വരുന്ന ദുര്യോഗം ഉള്ള നമ്മുടെ സ്വന്തം മന്ത്രി പുന്ഗവന്മാര്‍.. എന്‍ഡോസള്‍ഫാന്‍ വിഷം ചീറ്റി ചാകാറായ കുഞ്ഞുങ്ങളെ കണ്ടാലും അത് വിഷമല്ല എന്ന് പറയുന്നവരെ തന്നെ അതിനെ പറ്റി പഠിക്കാന്‍ വെയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍... പഠിച്ചു കഴിയുമ്പോഴേക്കും കുറെയെണ്ണം ചത്ത്‌ കഴിയുമല്ലോ... അതിപ്പോള്‍ നിരോധിച്ചാല്‍ വോട്ടും കാശും കിട്ടില്ലെങ്കില്‍ പിന്നെയെന്തിന് നിരോധിക്കണം എന്നാ ചിന്താഗതിയുള്ള നേതൃത്വത്തിന് സിന്ദാബാദ് വിളിക്കേണ്ടി വരുന്ന അപചയം എന്ന് മാറും?

അഴിമതിയുടെ കാര്യത്തില്‍ പുതിയ മാനങ്ങള്‍ തേടിയ ഒരു വര്‍ഷം ആണ് കടന്നുപോയത്. നമ്മുടെ നാടും ഒട്ടും മോശമല്ല എന്ന് തെളിയിച്ച വര്‍ഷം..കേരളത്തിന്‌ പുറത്തു ജോലിയുടെ കാര്യത്തില്‍ മികവിന്റെ പര്യായമായി മാറിയ മലയാളി നാട്ടില്‍ തോന്ന്യവാസത്തിന്റെ പര്യായമായി മാറുന്നത് ആശ്ചര്യ ജനകമാണ്.. ഗള്‍ഫില്‍ മലയാളിയുടെ മികവു കണ്ടു മലയാളിയുടെ നാട്ടില്‍ വികസനം എത്തിക്കാന്‍ എത്തിയ അറബിയെ മലയാളത്തില്‍ "ക്ഷ" വരപ്പിക്കുന്നത്ര സ്മാര്‍ട്ട് ആണ് നാം..

രാഷ്ട്രീയത്തിന് ഉപരിയായി.. ആത്മാര്‍ഥതയുടെ , വികസനത്തിന്റെ, ഒരു സുനാമി കേരളത്തില്‍ ഇനിയും എത്തേണ്ടിയിരിക്കുന്നു..